തിരുവനന്തപുരം: തിരുവനന്തപുര-കാസർഗോഡ് സിൽവർ ലൈൻ (കെ. റെയിൽ) പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വിഡി. സതീശൻ. പദ്ധതിയുമായി ബന്ധപ്പെട്ട 2020ൽ പുറത്തിറക്കിയ എല്ലാ വിജ്‌ഞാപനവും സർക്കാർ റദ്ദാക്കി. ഭൂമി ഏറ്റെടുക്കാനുള്ള തീരുമാനവും റദ്ദാക്കി.
കെ.റെയിൽ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാനുള്ള ശുപാർശ സമർപ്പിക്കുമെന്നും മഞ്ഞക്കുറ്റി നീക്കം ചെയ്യാൻ റവന്യൂ വകുപ്പിന് നിർദ്ദേശം നൽകിയെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ വലിയ രാഷ്‌ട്രീയ വിവാദങ്ങൾക്കും ജനകീയ പ്രതിഷേധങ്ങൾക്കും വഴിവെച്ച പിണറായി സർക്കാരിന്റെ സ്വപ്‌ന പദ്ധതിയായിരുന്നു സിൽവർ ലൈൻ. പ്രതിപക്ഷ നേതാവായിരിക്കെ കെ-റെയിൽ പദ്ധതിക്കെതിരെ സംസ്‌ഥാനത്തുടനീളം നടന്ന മഞ്ഞക്കുറ്റി വിരുദ്ധ സമരങ്ങൾക്ക് മുന്നിൽ നിന്ന് നേതൃത്വം നൽകിയത് വിഡി. സതീശനായിരുന്നു.
നിരവധി തവണ നിയമസഭയിലും സതീശൻ കെ. റെയിലുമായി ബന്ധപ്പെട്ട് വിഷയം ഉന്നയിച്ചിരുന്നു. കെ. റെയിലിനെതിരെ സമരം ചെയ്‌ത യുഡിഎഫ് പ്രവർത്തകർക്ക് പോലീസിൽ നിന്നും വലിയ രീതിയിൽ മർദ്ദനമേൽക്കേണ്ടി വന്നിട്ടുണ്ട്. വിജ്‌ഞാപനം റദ്ദാക്കിയതോടെ പദ്ധതിക്കായി സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്‌ഥാപിച്ച മഞ്ഞ സർവേക്കല്ലുകൾ ഇതോടെ പൂർണമായും നീക്കം ചെയ്യപ്പെടും.
ഓഗസ്‌റ്റ് 31നകം കാലാവധി തീരുന്ന പിഎസ്‌സി റാങ്ക് ലിസ്‌റ്റ് നവംബർ 30 വരെ നീട്ടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്യോഗാർഥികളുടെ വികാരം കണക്കിലെടുത്താണ് തീരുമാനം. പ്രകടന പത്രികയിൽ നൽകിയിട്ടുള്ള വാഗ്‌ദാനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള നടപടികൾ ഇന്നുമുതൽ തുടങ്ങുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Most Read| പുതു ഹൃദയത്തിൻ സ്‌പന്ദനവുമായി അമാന വീണ്ടും അക്ഷരങ്ങളുടെ ലോകത്തേക്ക്




































