കോഴിക്കോട്: പാർട്ടിയുടെ താക്കീതിനെ ഗൗരവമായി കാണുന്നുവെന്ന് ആര്യാടൻ ഷൗക്കത്ത്. പലസ്‌തീൻ റാലി മാറ്റിവെക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മാറ്റിവെക്കാൻ പറ്റുന്ന സാഹചര്യമായിരുന്നില്ല. അതുകൊണ്ടാണ് റാലി നടത്തിയത്. വൈകിയാണെങ്കിലും കോഴിക്കോട് വൻ ജനപങ്കാളിത്തത്തോടെ കെപിസിസി റാലി നടത്തിയതിൽ സന്തോഷമുണ്ടെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.
ആര്യാടൻ ഫൗണ്ടേഷൻ വിഭാഗീയ പ്രവർത്തനം നടത്താനുള്ള സംവിധാനമല്ല. മണ്ഡലം പ്രസിഡണ്ടുമാരുടെ നിയമനത്തിൽ നൽകിയ പരാതികൾ അച്ചടക്ക സമിതിക്ക് മുമ്പിലുണ്ട്. അതൊക്കെ പരിഹരിക്കപ്പെടുമെന്നാണ് വിശ്വാസമെന്നും ആര്യാടൻ ഷൗക്കത്ത് കൂട്ടിച്ചേർത്തു. നേരത്തെ, ആര്യാടൻ ഷൗക്കത്തിനെതിരെയുള്ള തിരുവഞ്ചൂർ രാധാകൃഷ്‌ണൻ അധ്യക്ഷനായ അച്ചടക്ക സമിതി ശുപാർശ കെപിസിസി നേതൃത്വം അംഗീകരിച്ചിരുന്നു.
പാർട്ടി വിലക്ക് ലംഘിച്ചു, ആര്യാടൻ ഫൗണ്ടേഷന്റെ പേരിൽ മലപ്പുറത്ത് പലസ്‌തീൻ ഐക്യദാർഢ്യ റാലി നടത്തിയത് അച്ചടക്ക ലംഘനമാണെന്നായിരുന്നു കെപിസിസി വിലയിരുത്തൽ. റാലിയിൽ പങ്കെടുത്ത കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിന് കെപിസിസി ശക്‌തമായ താക്കീതും നൽകി. ആര്യാടൻ ഫൗണ്ടേഷന്റെ പരിപാടികൾ ഡിസിസിയെ മുൻകൂട്ടി അറിയിക്കണം. അച്ചടക്ക ലംഘനം ആവർത്തിക്കരുതെന്നും കെപിസിസി വ്യക്‌തമാക്കി.
എന്നാൽ, നിരുപാധികം ഖേദം പ്രകടിപ്പിച്ചത് മുഖവിലക്ക് എടുക്കുന്നുവെന്നും, അച്ചടക്ക ലംഘനത്തിന്റെ ഗൗരവം കണക്കിലെടുത്ത് മേലിൽ ഇതാവർത്തിക്കരുതെന്നും കെപിസിസി ആര്യാടൻ ഷൗക്കത്തിനയച്ച കത്തിൽ അറിയിച്ചു. ആര്യാടൻ ഫൗണ്ടേഷന്റെ പേരിൽ ബ്ളോക്ക്, മണ്ഡലം കമ്മിറ്റികൾ രുപീകരിച്ചു പാർട്ടി ഘടകങ്ങൾക്ക് സമാന്തരമായി പ്രവർത്തിക്കരുതെന്ന് കെപിസിസി ആര്യാടൻ ഷൗക്കത്തിന് നിർദ്ദേശം നൽകി.
പാർട്ടി നയപരിപാടികൾക്ക് അനുസരിച്ചു കലാ- സാംസ്‌കാരിക, സാഹിത്യ, ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഫൗണ്ടേഷന് സ്വാതന്ത്ര്യമുണ്ട്. ഇത്തരം പരിപാടികൾ ജില്ലാ കോൺഗ്രസ് കമ്മിറ്റിയെ നേരത്തെ അറിയിക്കണം. മേലിൽ ഇത്തരം പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവർത്തിക്കരുതെന്നും സംഘടനാ മര്യാദകൾ പാലിക്കണമെന്നും കെപിസിസി നിർദ്ദേശിച്ചു.
Most Read| ‘ഇതൊരു തുടക്കം മാത്രം, വെടിനിർത്തൽ ഉടമ്പടി നീട്ടാൻ അവസരമുണ്ട്’; ജോ ബൈഡൻ