കൊച്ചി: കോതമംഗലം പുതുപ്പാടിയിൽ കെഎസ്ഇബിയുടെ വാഴവെട്ടലിനെ തുടർന്ന് ദുരിതത്തിലായ കർഷകന് കെഎസ്ഇബിയുടെ നഷ്‌ടപരിഹാരം കൈമാറി. മൂന്നര ലക്ഷം രൂപയാണ് എംഎൽഎ ആന്റണി ജോൺ, കർഷകനായ കാവുംപുറം തോമസിന് കൈമാറിയത്. കോതമംഗലം വാരപ്പെട്ടിയിലാണ് കെഎസ്ഇബി 220 കെവി ലൈനിന് താഴെയുള്ള ഭൂമിയിലെ വാഴക്കൃഷി വെട്ടി നശിപ്പിച്ചത്.
ലൈൻ തകരാർ പരിഹരിക്കുന്നതിന് വേണ്ടിയാണെന്ന കാരണം പറഞ്ഞാണ് വൈദ്യുതി വകുപ്പ് ജീവനക്കാർ വാഴകൾ വെട്ടിയത്. വാരപ്പെട്ടിയിലെ കാവുംപുറം തോമസിന്റെ 406 വാഴകളാണ് വെട്ടിനശിപ്പിച്ചത്. ഓണവിപണി മുന്നിൽ കണ്ടു ഇറക്കിയ വിളവ് ഒരുമുന്നറിയിപ്പും ഇല്ലാതെ വെട്ടിനശിപ്പിച്ചതിൽ ദുഃഖത്തിലായിരുന്നു തോമസ്. എന്നാൽ, ഇടുക്കി- കോതമംഗലം 220 കെവി ലൈൻ തകരാറിലായപ്പോൾ പരിഹരിക്കുന്നതിന് വേണ്ടിയാണ് വാഴകൾ വെട്ടിയതെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.
കാറ്റടിച്ചപ്പോൾ തോമസിന്റെ വാഴയുടെ ഇലകൾ ലൈനിന് സമീപമെത്തി ചില വാഴകൾക്ക് തീപിടിച്ചു. പരിശോധനയിൽ സമീപവാസിയായ ഒരു സ്‌ത്രീക്ക് ചെറിയ തോതിൽ വൈദ്യുതാഘാതം ഏറ്റതായും മനസിലായി. ഇടുക്കി- കോതമംഗലം 220 കെവി ലൈൻ പുനഃസ്‌ഥാപിക്കേണ്ടത് അത്യാവശ്യമായതിനാൽ, മനുഷ്യ ജീവന് അപകടം ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കി വാഴകൾ വെട്ടിമാറ്റി ലൈൻ ചാർജ് ചെയ്‌തുവെന്നാണ് ഉദ്യോഗസ്‌ഥരുടെ വിശദീകരണം.
Most Read| ചന്ദ്രയാൻ- 3 അതിനിർണായക ഘട്ടത്തിൽ; ലാൻഡർ ഇന്ന് വേർപ്പെടും