50 കോടി ക്‌ളബ്ബിൽ അതിവേഗം സ്‌ഥാനം പിടിച്ച് ദുൽഖർ സൽമാൻ ചിത്രം ‘കുറുപ്പ്‘. തിയേറ്ററുകളില്‍ വമ്പന്‍ സ്വീകരണം ലഭിച്ചുകൊണ്ടിരിക്കുന്ന ചിത്രം ആദ്യദിനം തന്നെ ‘ലൂസിഫറി’നെയും മറ്റ് പല ചിത്രങ്ങളെയും കളക്ഷന്‍ റെക്കോര്‍ഡില്‍ പിന്നിലാക്കിയിരുന്നു. അവധി ദിവസങ്ങള്‍ അല്ലാതിരുന്നിട്ട് പോലും തിയേറ്ററുകളിൽ തിരക്ക് അനുഭവപ്പെടുന്നതായാണ് റിപ്പോര്‍ട്ടുകൾ വ്യക്‌തമാക്കുന്നത്.
ദുൽഖർ തന്നെയാണ് ‘കുറുപ്പ്’ 50 കോടി കളക്ഷന്‍ എന്ന നേട്ടം കൈവരിച്ച വിവരം സമൂഹ മാദ്ധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെച്ചത്.
‘ഇത് ഒരു വലിയ കാര്യം തന്നെയാണ്. എനിക്കിത് ഉൾക്കൊള്ളാൻ പോലും കഴിയുന്നില്ല. ഉറക്കമില്ലാത്ത രാത്രികൾ, അനിശ്‌ചിതത്വത്തിന്റെയും ആശങ്കകളുടേയും എണ്ണമറ്റ നിമിഷങ്ങളും സമ്മർദ്ദവും എല്ലാം ഫലം കണ്ടു. എല്ലാവർക്കും നന്ദി. ഞങ്ങളെ ഇരു കൈയും നീട്ടി സ്വീകരിച്ചതിന് നന്ദി. ഇത് എന്റേത് മാത്രമല്ല, മുഴുവൻ ടീമിന്റെയും വിജയമാണ്. കൂടുതൽ സിനിമകൾ തിയേറ്ററുകളിലേക്ക് എത്തട്ടെ’, ദുൽഖർ കുറിച്ചു.
View this post on Instagram
ജിസിസിയില്‍ നിന്ന് മാത്രം ചിത്രത്തിന് മൂന്ന് ദിവസം കൊണ്ട് 20 കോടിയോളം കളക്ഷന്‍ നേടുവാന്‍ സാധിച്ചിരുന്നു. കേരളത്തില്‍ 50 ശതമാനം പ്രവേശനാനുമതിയിൽ ചുരുങ്ങിയ ദിനങ്ങള്‍ കൊണ്ട് ഇങ്ങനെ ഒരു നേട്ടം ‘കുറുപ്പി’ന് കൈവരിക്കുവാന്‍ സാധിച്ചുവെന്നത് മലയാള സിനിമയ്‌ക്ക് വലിയ പ്രതീക്ഷകളാണ് നൽകുന്നത്.
ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ ആദ്യചിത്രമായ ‘സെക്കന്‍ഡ് ഷോ’ ഒരുക്കിയതും ഇദ്ദേഹമാണ്. ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റിൽ ഒരുക്കിയ ‘കുറുപ്പി’ന്റെ മുടക്കുമുതല്‍ 35 കോടിയാണ്. ദുല്‍ഖറിന്റെ ഉടമസ്‌ഥതയിലുള്ള വേഫെറര്‍ ഫിലിംസും എം സ്‌റ്റാര്‍ എന്റര്‍ടൈന്‍മെൻസും ചേര്‍ന്നാണ് നിർമാണം.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രത്തിന്റെ കഥ ഒരുക്കിയത് ജിതിന്‍ കെ ജോസും തിരക്കഥ, സംഭാഷണം ഒരുക്കിയത് ഡാനിയേല്‍ സായൂജ് നായരും കെഎസ് അരവിന്ദും ചേര്‍ന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.
ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി ബാലചന്ദ്രന്‍, സുരഭി ലക്ഷ്‌മി, ശിവജിത് പദ്‌മനാഭന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്.
Most Read: വണ്ണം കുറയ്‌ക്കണോ? ഡയറ്റില്‍ ഈ പാനീയങ്ങള്‍ ഉള്‍പ്പെടുത്താം