കണ്ണൂർ: മാതമംഗലത്തുള്ള എസ്ആർ അസോസിയേറ്റ്സ് എന്ന സ്‌ഥാപനത്തിലെ കയറ്റിറക്ക് ജോലി സംബന്ധിച്ച തർക്കം ഒത്തുതീർപ്പായി. ലേബർ കമ്മീഷണറുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് പ്രശ്‌നങ്ങൾ ഒത്തുതീർപ്പായത്. സ്‌ഥാപനം നാളെ മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
ഒറ്റപ്പെട്ട സംഭവങ്ങളെ പർവതീകരിച്ച് കാണിച്ച് സംസ്‌ഥാനത്തെ തൊഴിലന്തരീക്ഷം തകർന്നുവെന്ന് പ്രചരിപ്പിക്കുന്നവർക്കുള്ള ചുട്ട മറുപടിയാണ് തർക്ക പരിഹാരമെന്ന് മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
വിഷയം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ ഇരുകൂട്ടരുമായും ചർച്ച നടത്താൻ തൊഴിൽ മന്ത്രി വി ശിവൻകുട്ടി ലേബർ കമ്മീഷണർ എസ് ചിത്ര ഐഎഎസിനെ ചുമതലപ്പെടുത്തിയിരുന്നു. ചർച്ചയോട് സഹകരിച്ച മാനേജ്‌മെന്റിനോടും തൊഴിലാളി യൂണിയനോടും മന്ത്രി നന്ദി അറിയിച്ചു.
സ്‌ഥാപനം തുറന്നു പ്രവർത്തിപ്പിക്കുന്നതിനുള്ള എല്ലാ സഹായ സഹകരണങ്ങളും തൊഴിലാളി യൂണിയന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതാണെന്ന് യൂണിയൻ പ്രതിനിധികൾ അറിയിച്ചു.
ഒത്തു തീർപ്പ് വ്യവസ്‌ഥകൾ:
- കണ്ണൂർ മാതമംഗലത്ത് പ്രവർത്തിക്കുന്ന എസ്ആർ അസോസിയേറ്റ്സ് എന്ന സ്‌ഥാപനത്തിലേക്ക് ലോറിയിൽ വരുന്ന എല്ലാ സാധനങ്ങളും പൂളിലുള്ള തൊഴിലാളികൾ ഇറക്കുവാൻ ഇരുകൂട്ടരും സമ്മതിച്ചു.
- സ്‌ഥാപനത്തിൽ നിന്നും സാധനങ്ങൾ കയറ്റുന്ന പ്രവർത്തി സ്‌ഥാപനത്തിലെ 26 എ കാർഡ് ഉള്ള തൊഴിലാളികൾ ചെയ്യുവാനും ഇരുകൂട്ടരും സമ്മതിച്ചു.
Most Read: ഗൂഢാലോചന കേസ്: തുടരന്വേഷണമെന്ന പേരിൽ നടക്കുന്നത് പുനഃരന്വേഷണം; ദിലീപ്