പാനൂർ: കനത്ത മഴയെ തുടർന്ന് കണ്ണൂർ പൊയിലൂർ മുത്തപ്പൻ മടപ്പുരക്ക് സമീപം കുഴിക്കൽ ഭാഗത്ത് കരിങ്കൽ ക്വാറിക്ക് സമീപത്തെ മലയിടിഞ്ഞ് കൃഷിഭൂമി നശിച്ചു. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ക്വാറിയിലെ കരിങ്കല്ലുകൾ താഴേക്ക് പതിച്ചതാണ് കൃഷിഭൂമി നശിക്കാൻ കാരണം.
മണ്ണുമാന്തി യന്ത്രത്തിന് മുകളിലേക്ക് കല്ലുകൾ പതിച്ച് ഒരാൾക്ക് പരിക്കേറ്റു. യന്ത്രത്തിന്റെ ഡ്രൈവർ ഷിജുവിനാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ല് പതിച്ചതിനെ തുടർന്ന് യന്ത്രത്തിന്റെ ചില്ല് പൊട്ടിത്തെറിച്ചാണ് ഇയാൾക്ക് പരിക്കേറ്റത്. ശരീരം മുഴുവൻ ചില്ലുകൾ കൊണ്ട് മുറിവേറ്റ നിലയിലാണ്. ഇന്നലെ വൈകിട്ടോടെയാണ് അപകടം നടന്നത്.
രണ്ട് വർഷം മുൻപ് ക്വാറിക്ക് സമീപമുണ്ടായ മലയിടിച്ചിലിൽ ഏക്കർ കണക്കിന് കൃഷിഭൂമി നശിച്ചിരുന്നു. ഇതിനെ തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമായപ്പോൾ ക്വാറിയുടെ പ്രവർത്തനം നിർത്തിവെച്ചു. പിന്നീട് ഏതാനും മാസങ്ങൾക്ക് ശേഷം പ്രവർത്തനാനുമതി ലഭിക്കുകയും ക്വാറി വീണ്ടും പഴയ നിലയിലാകുകയും ചെയ്തു. വലിയ തോതിൽ കുന്നിടിക്കുന്നതും ക്വാറിയുടെ പ്രവർത്തനവും കുന്നിൻ ചെരുവിലെ ജനങ്ങളുടെ ജീവനും കൃഷിക്കും ഭീഷണിയാകുകയാണ്. നരിക്കോട്, വാഴമലയുടെ താഴ്വാരമായ ഈ പ്രദേശം ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഭീഷണിയിലാണെന്നും നാട്ടുകാർ പറയുന്നു.
Read also: ഇരുട്ടടി തുടരുന്നു; പെട്രോൾ-ഡീസൽ വില ഇന്നും കൂട്ടി