മലപ്പുറം ജില്ലാ വികസനരേഖ; കേരള മുസ്‌ലിം ജമാഅത്ത് ‘ചര്‍ച്ചാസംഗമം’ വിജയം

By Central Desk, Malabar News
Table Talk for Malappuram District Development
Ajwa Travels

മലപ്പുറം: വിവിധ അടിസ്‌ഥാന മേഖലകളിൽ മലപ്പുറം ജില്ല അനുഭവിക്കുന്ന പിന്നാക്കാവസ്‌ഥ പൊതുജന-രാഷ്‌ട്രീയ-മാദ്ധ്യമ ശ്രദ്ധയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ടേബിൾ ടോക്’ ചര്‍ച്ചാ സംഗമം അവസാനിച്ചു.

വിദ്യാഭ്യാസ-ആരോഗ്യ-പ്രവാസ-തൊഴില്‍-സാമ്പത്തിക മേഖലകളില്‍ ജില്ല കൈവരിക്കേണ്ടതും അടിയന്തരമായി നടപ്പാക്കേണ്ടതുമായ വിവിധ വിഷയങ്ങൾ പൊതുമണ്ഡലത്തിൽ നിരന്തരമായി ചർച്ച ചെയ്യേണ്ടത് അത്യാവശ്യമായ സാഹചര്യത്തിലാണ് കേരള മുസ്‌ലിം ജമാഅത്ത് നേതൃത്വത്തിൽ മലപ്പുറത്ത് ‘ടേബിൾ ടോക്’ സംഘടിപ്പിച്ചത്. ആദ്യഘട്ടമെന്ന നിലയിൽ ഈ ഉദ്യമം വിജയകരമായിരുന്നു; സംഘാടകർ പറഞ്ഞു.

ജില്ലയുടെ വികസന പാക്കേജിനായി എല്ലാ രാഷ്‌ട്രീയ പാർട്ടികളും ഒരുമിച്ചു നില്‍ക്കണമെന്ന് ചര്‍ച്ചാ സംഗമം ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കവേ കേരള മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി പറഞ്ഞു.

വിദ്യഭ്യാസ രംഗത്ത് വന്‍ മുന്നേറ്റം നടത്തുമ്പോഴും വികസന കാര്യത്തില്‍ മലപ്പുറം ജില്ലക്കാരെ വേണ്ടത്ര പരിഗണിക്കാത്ത നിലപാടാണ് ഇന്നും തുടരുന്നത്. 1985ല്‍ SSLCക്ക് നൂറ് ശമാനത്തിലേറെ പരാജയമുള്ള നൂറിലേറെ സ്‌കൂളുകളുണ്ടായിരുന്ന ജില്ലയുടെ ഇന്നത്തെ വിജയശതമാനം രാജ്യത്തിന് പോലും മാതൃകയാണ്. എന്നാൽ, അതിന് അനുയോജ്യമായതൊന്നും ജില്ലക്ക് ലഭിച്ചിട്ടില്ല. ഇനിയങ്ങോട്ട് അര്‍ഹതപ്പെട്ടത് ചോദിച്ചു വാങ്ങാന്‍ മലപ്പുറത്തുകാര്‍ തയ്യാറാകണമെന്നും ബുഖാരി തങ്ങള്‍ പറഞ്ഞു.

Table Talk for Malappuram District Development _ Ajith Koladi CPI

സിപിഐ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം അജിത് കൊളാടി വേദിയിൽ

അമ്പതാണ്ട് പിന്നിട്ട മലപ്പുറം ജില്ല സംസ്‌ഥാനത്തെ മനുഷ്യ വിഭവശേഷിയുടെ വലിയ ഒരു സ്രോതസാണ്. ആധാര്‍ രജിസ്ട്രേഷൻ പൂര്‍ത്തീകരിച്ച നാൽപത്തിമൂന്ന് ലക്ഷത്തിലധികം ജനതയുള്ള ജില്ലയിൽ ജനസംഖ്യക്ക് ആനുപാതികമായി അടിസ്‌ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ കൂട്ടായ പരിശ്രമങ്ങള്‍ നടക്കണമെന്ന് സിപിഐ പ്രതിനിധി അജിത് കൊളാടി അഭിപ്രായപ്പെട്ടു.

MK Kunhimohammed _ Table Talk for Malappuram District Development
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെകട്ടറി എംകെ.കുഞ്ഞി മുഹമ്മദ് സംസാരിക്കുന്നു

ജില്ലയുടെ മുഖ്യവരുമാന മാര്‍ഗമായ കാര്‍ഷികാഭിവൃദ്ധി കൂടുതൽ മെച്ചപ്പെടുത്തിയാൽ മാത്രമേ ജില്ലയുടെ വികസനം പൂര്‍ണമാകുകയുള്ളൂ. പോരായ്‌മകൾ പരിഹിക്കാനുള്ള ശ്രമങ്ങളില്‍ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും ഒരുമിച്ച് നില്‍ക്കണം, ഇതിനായി ജില്ലാ പഞ്ചായത്ത് മാസ്‌റ്റർ പ്ളാൻ തയ്യാറാക്കണമെന്നും സിപിഐഎം പ്രതിനിധി വിഎം ശൗക്കത്ത് പറഞ്ഞു.

Table Talk for Malappuram District Development _ Kootampara Usthad
കൂറ്റംമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തൊഴിലുറപ്പ് പദ്ധതി വിപുലപ്പെടുത്തി സമഗ്രപര്‍പ്പിട പദ്ധതി തയ്യാറാക്കുമെന്നും ജില്ലയുടെ വികസനത്തിന് രാഷ്‌ട്രീയ പാര്‍ട്ടികളുടെയും ജന പ്രതിനിധികളുടെയും ശ്രമങ്ങള്‍ക്ക് കേരള മുസ്‌ലിം ജമാഅത്ത് ശക്‌തി പകരണമെന്നും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇസ്‌മാഈല്‍ മൂത്തേടം ആവശ്യപ്പെട്ടു.

Table Talk for Malappuram District Development _ Ismail Moothedam
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇസ്‌മാഈൽ മൂത്തേടം സംസാരിക്കുന്നു

പതിനാല് ജില്ലകളില്‍ ഒന്ന് മാത്രമായി മലപ്പുറത്തെ കാണുന്ന പതിവ് രീതി അടിയന്തിരമായി മാറ്റണമെന്ന് ഡിസിസി പ്രസഡണ്ട് അഡ്വ. വിഎസ് ജോയ് പറഞ്ഞു. ഉന്നത പഠനത്തിന് സീറ്റ് വര്‍ദ്ധനവല്ല ശാശ്വത പരിഹാരം, കൂടുതല്‍ ബാച്ചുകളാണ് വേണ്ടതെന്നും ജോയ് ചൂണ്ടികാട്ടി.

ജില്ലാ വികസനത്തിന് മുഖ്യമായി വേണ്ടത് ജനങ്ങളുടെ രാഷ്‌ട്രീയ അവകാശ ബോധമാണെന്ന് മാദ്ധ്യമ പ്രവര്‍ത്തകനായ ബികെ സുഹൈലും അടിസ്‌ഥാന ആരോഗ്യമേഖലയുടെ സ്‌ഥിതി ഭീതിജനകമാണെന്നും ജില്ലയിലെ ഒരൊറ്റ ആശുപത്രിയിലും അടിയന്തിര സാഹചര്യങ്ങള്‍ നേരിടാനുള്ള സംവിധാനമില്ലെന്നും മറ്റൊരു മാദ്ധ്യമ പ്രവര്‍ത്തകനായ എ അലവികുട്ടിയും ഓർമപ്പെടുത്തി.

Table Talk for Malappuram District Development _ Adv. VS Joy
ഡിസിസി പ്രസിഡണ്ട് അഡ്വ. വിഎസ് ജോയ്

ജില്ലയില്‍ പ്ളസ് ടു വിജയിച്ച ഉന്നത പഠനത്തിന് അര്‍ഹരായ ആയിരത്തില്‍ നൂറ്റിപ്പത്ത് കുട്ടികള്‍ക്ക് മാത്രമേ ഉപരിപഠനാവസരമുള്ളൂ. ഇത് മറ്റു ജില്ലകളില്‍ 600 നും 500 നും ഇടയിലാണെന്ന് വെഫി സ്‌റ്റേറ്റ് ട്രെയ്‌നർ പി മുഹമ്മദ് സിറാജുദ്ദീനും ജില്ലയുടെ വികസന മുരടിപ്പിന് കാരണം രാഷ്‌ട്രീയ പാര്‍ട്ടികളുടെ പരസ്‌പര സഹകരണ കുറവാണ്. ഇത് പരിഹരിക്കാൻ ആവശ്യമായ കൂട്ടായ്‌മ രൂപപ്പെടുത്താന്‍ മുസ്‌ലിം ജമാഅത്ത് മുന്‍കൈ എടുക്കണമെന്ന് വ്യാപാരി വ്യവസായി പ്രതിനിധി എംകെ കുഞ്ഞി മുഹമ്മദും അഭിപ്രായപ്പെട്ടു.

Table Talk for Malappuram District Development _MK Kunhimohammed
സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വിഎം ശൗക്കത്ത് സംസാരിക്കുന്നു

ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ എല്ലാ മേഖലകളിലും ജനസംഖ്യക്ക് ആനുപാതികമായ അവസര സമത്വമോ നീതിയോ ലഭിക്കപ്പെടാതെ പിന്തള്ളപ്പെട്ട സാഹചര്യമാണ് മലപ്പുറം ജില്ലയിൽ നിലവിലുള്ളത്. ജനസംഖ്യയുടെ മാത്രം പ്രശ്‌നമല്ല ഇതെന്നാണ് കണക്കുകളും ഔദ്യോഗികവും അനൗദ്യോഗികവുമായ പഠനങ്ങളും നിരീക്ഷണങ്ങളും കാണിക്കുന്നതെന്ന് ചര്‍ച്ച സംഗ്രഹിച്ച കെപി ജമാല്‍ കരുളായി പറഞ്ഞു.

Table Talk for Malappuram District Development _ Vadasheri Usthadh
ആമുഖ പ്രഭാഷണം നിർവഹിക്കുന്ന വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍

മലപ്പുറം റൂബി ലോഞ്ചില്‍ നടന്ന പരിപാടിയില്‍ കൂറ്റംമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി അധ്യക്ഷത വഹിക്കുകയും വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍ ആമുഖ പ്രഭാഷണം നിർവഹിക്കുകയും ചെയ്‌തു. യൂസുഫ് ബാഖവി മാറഞ്ചേരി പ്രാർഥനയും പിഎം മുസ്‌തഫ മാസ്‌റ്റർ സ്വാഗതവും പികെഎം ബശീര്‍ പടിക്കല്‍ നന്ദിയും പറഞ്ഞു. സികെ ഹസൈനാര്‍ സഖാഫി കുട്ടശ്ശേരി, എഎ റഹീം കരുവാത്തുക്കുന്ന്, പിപി മുജീബ് റഹ്‍മാൻ, തജ്‌മൽ ഹുസൈന്‍, അശ്‌റഫ് മുസ്‍ലിയാർ കാരകുന്ന്, മുഹമ്മദലി മുസ്‍ലിയാർ പൂക്കോട്ടൂര്‍, സുലൈമാന്‍ ഇന്ത്യനൂര്‍ എന്നിവരും സംബന്ധിച്ചു.

Table Talk for Malappuram District Development _ KP Jamal Karulai
ചര്‍ച്ച സംഗ്രഹിക്കുന്ന കെപി ജമാല്‍ കരുളായി

Most Read: ലഹരിപ്പാർട്ടി: എൻസിബി മൂന്നുപേരെ വെറുതെവിട്ടു; വീഡിയോ പിറത്തുവിട്ട് മഹാരാഷ്‍ട്ര മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE