തിരുവനന്തപുരം: കേരളത്തിനെതിരെ മാര്‍ക്ക് ജിഹാദ് പരാമർശം നടത്തിയ ഡെൽഹി സര്‍വകലാശാല പ്രൊഫസര്‍ രാകേഷ് പാണ്ഡെക്കെതിരെ നടപടി ആവശ്യപ്പെട്ട് സംസ്‌ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കും സര്‍വകലാശാല വൈസ് ചാൻസലർക്കും കത്ത് നൽകി.
കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾക്ക് എതിരെ വർഗീയതയും വംശീയതയും നിറഞ്ഞ പരാമർശമാണ് പ്രൊഫസർ നടത്തിയതെന്ന് മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. വിദ്യാർഥികൾക്കിടയിൽ സ്‌പർദ്ധ വളർത്താൻ കാരണമായേക്കാവുന്ന പ്രസ്‌താവനയാണ് പ്രൊഫസർ നടത്തിയത്. ക്രിമിനൽ നിയമപ്രകാരവും വകുപ്പുതലത്തിലും പ്രൊഫസർക്കെതിരെ നടപടി വേണമെന്ന ആവശ്യവും മന്ത്രി ഉന്നയിച്ചു.
മാര്‍ക്ക് ജിഹാദ് പരാമര്‍ശത്തില്‍ കേന്ദ്രത്തെ പ്രതിഷേധം അറിയിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദുവും പറഞ്ഞിരുന്നു. ഭിന്നിപ്പിനുള്ള ശ്രമമാണ് പ്രസ്‌താവനക്ക് കാരണമെന്നും മന്ത്രി ആരോപിച്ചു. അധ്യാപകന്റെ മനസിലെ വര്‍ഗീയ ചിന്തയാണ് പുറത്തുവന്നത്. സംസ്‌ഥാനത്തെ തെറ്റായി ചിത്രീകരിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.
ഡെൽഹി സർവകലാശാലയിൽ കേരളത്തില്‍ നിന്നെത്തുന്ന വിദ്യാർഥികള്‍ക്ക് കൂടുതല്‍ മാര്‍ക്ക് ലഭിക്കുന്നുണ്ടെന്നും മാര്‍ക്ക് ജിഹാദാണ് ഇതിന് പിന്നിലെന്നുമായിരുന്നു രാകേഷ് പാണ്ഡെയുടെ വിവാദ പ്രസ്‌താവന. നാഷണല്‍ ഡെമോക്രാറ്റിക് ടീച്ചേഴ്‌സ് ഫ്രണ്ടിന്റെ മുന്‍ പ്രസിഡണ്ട് കൂടിയായ രാകേഷ് കുമാര്‍ പാണ്ഡെ തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് കേരളത്തിനും മലയാളികള്‍ക്കുമെതിരെ വിവാദ പരാമര്‍ശം നടത്തിയത്.
Most Read: അഭിഭാഷക ദീപിക സിംഗ് രജാവത്ത് കോൺഗ്രസിലേക്ക്; നാളെ അംഗത്വം സ്വീകരിക്കും