തിരുവനന്തപുരം : എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാറുമായും, പ്രഫുൽ പട്ടേലുമായും സംസ്‌ഥാന അധ്യക്ഷൻ ടിപി പീതാംബരനും, മാണി സി കാപ്പനും ഇന്ന് കൂടിക്കാഴ്‌ച നടത്തും. കൂടിക്കാഴ്‌ചയിൽ എൻസിപി ഇടത് മുന്നണിയിൽ തന്നെ തുടരുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. ദേശീയ നേതൃത്വവുമായുള്ള കൂടിക്കാഴ്‌ചക്ക് ശേഷം മുന്നണി മാറ്റത്തെ കുറിച്ചുള്ള അന്തിമ തീരുമാനം അറിയിക്കുമെന്ന് മാണി സി കാപ്പൻ കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിൽ പാലാ സീറ്റിൽ തന്നെ മൽസരിക്കുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് മാണി സി കാപ്പൻ. ഇതേ ആവശ്യത്തിൽ ഉറച്ചുനിന്ന് കൊണ്ടായിരിക്കും അദ്ദേഹം ഇന്ന് ദേശീയ നേതൃത്വവുമായി കൂടിക്കാഴ്‌ച നടത്തുക. ഈ സാഹചര്യത്തില്‍ എന്‍സിപി നേതൃത്വത്തിന് മാണി സി കാപ്പന് ഒപ്പം നില്‍ക്കണോ, വേണ്ടയോ എന്ന് മാത്രം തീരുമാനിച്ചാല്‍ മതിയാകും. കാപ്പനൊപ്പം നിൽക്കുന്ന നിലപാടാണ് ദേശീയ നേതൃത്വം സ്വീകരിക്കുന്നതെങ്കിൽ പാർട്ടി ഇടത് മുന്നണി വിടാനുള്ള നീക്കത്തിലേക്ക് ആയിരിക്കും പോകുക. അല്ലാത്തപക്ഷം കാപ്പനും കൂട്ടരും യുഡിഎഫിന്റെ ഭാഗമാകും.
അതേസമയം തന്നെ എകെ ശശീന്ദ്രന്‍ വിഭാഗം ദേശീയ നേതൃത്വത്തിൽ കടുത്ത സമ്മര്‍ദം ചെലുത്തുന്നുണ്ട്. പ്രഫുൽ പട്ടേലിനെ കാണാൻ മുഖ്യമന്ത്രി തയ്യാറാകാതിരുന്നത്, മാണി സി കാപ്പൻ യുഡിഎഫുമായി ചർച്ചകൾ നടത്തിയതിന്റെ പേരിലാണെന്ന വിശദീകരണവും അദ്ദേഹം അവിടെ വ്യക്‌തമാക്കുന്നുണ്ട്. നിലവിൽ പാർട്ടിയും ഇടത് മുന്നണിയുമായും നിലനിൽക്കുന്ന പ്രശ്‌നങ്ങളിൽ വിശദമായ ചർച്ചകൾ നടത്തിയതിന് ശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുക.
Read also : ഹോസ്‌റ്റലുകളിലെ ശുചിത്വം ഉറപ്പുവരുത്താൻ ‘ഓപ്പറേഷൻ ഫിഷ്’