ഇംഫാൽ: മണിപ്പൂർ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസും ഇടതു പാർട്ടികളും സഖ്യം പ്രഖ്യാപിച്ചു. കോൺഗ്രസ്, സിപിഐ, സിപിഎം, ഫോർവേഡ് ബ്ളോക്ക്, ആർഎസ്‌പി, ജെഡി (എസ്) എന്നീ ആറ് പാർട്ടികൾ ചേർന്നാണ് ശനിയാഴ്‌ച ബിജെപിക്ക് എതിരെ ‘മണിപ്പൂർ പ്രോഗ്രസീവ് സെക്കുലർ അലയൻസ്’ (എംപിഎസ്എ) എന്ന പേരിൽ സഖ്യം രൂപീകരിച്ചത്. സഖ്യത്തിന്റെ പൊതു അജണ്ടയും എംപിഎസ്എ പുറത്തിറക്കി.
കോൺഗ്രസ് ഭവനിൽ ആറ് രാഷ്‌ട്രീയ പാർട്ടികൾ സംയുക്‌തമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് സഖ്യം പ്രഖ്യാപിച്ചത്. മണിപ്പൂരിന്റെ ചുമതലയുള്ള എഐസിസി തിരഞ്ഞെടുപ്പ് നിരീക്ഷകൻ ജയറാം രമേഷ്, മുൻ സംസ്‌ഥാന മുഖ്യമന്ത്രി ഒക്രം ഇബോബി സിംഗ്, ഇടത് പാർട്ടി പ്രതിനിധി മൊയ്‌രംഗ്‌തെം നര സിംഗ് എന്നിവർ യോഗത്തിൽ പങ്കെടുത്തു. മണിപ്പൂരിൽ അധികാരത്തിൽ എത്തിയാൽ 18 ഇന അജണ്ട നടപ്പാക്കുമെന്ന് എംപിഎസ്എ നേതാക്കൾ വാഗ്‌ദാനം ചെയ്‌തു.
മണിപ്പൂരിന്റെ പ്രാദേശിക അഖണ്ഡതയും ചരിത്രപരമായ അതിരുകളും സംരക്ഷിക്കുക, സൗജന്യ ആരോഗ്യ സംരക്ഷണ നിയമങ്ങൾ നടപ്പിലാക്കുക, യുവാക്കൾക്ക് തൊഴിലില്ലായ്‌മ വേതനം നൽകുക, സാമുദായിക സൗഹാർദ്ദം സംരക്ഷിക്കുക എന്നിവയും അജണ്ടയിൽ ഉൾപ്പെടുന്നു. മണിപ്പൂരിലെ എല്ലാ കുടുംബങ്ങൾക്കും ഉപജീവനമാർഗം ഉറപ്പാക്കി സാമ്പത്തിക നീതി ലഭ്യമാക്കുമെന്ന് നേതാക്കൾ ഉറപ്പ് നൽകി. സഖ്യത്തിന്റെ പൊതു അജണ്ടയിൽ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 371 (സി) പൂർണമായി നടപ്പിലാക്കുന്നതും ഉൾപ്പെടുന്നു.
കുടിവെള്ളത്തിനും തടസമില്ലാതെ വൈദ്യുതി വിതരണത്തിനും സാർവത്രിക പ്രവേശനം, ഭയമോ പ്രീതിയോ കൂടാതെ നിയമം നടപ്പാക്കി മയക്കുമരുന്ന് വിപത്തിനെതിരെ പോരാടുക, എല്ലാ പ്രദേശങ്ങളുടെയും ജനാധിപത്യ അഭിലാഷങ്ങൾ നിറവേറ്റുക തുടങ്ങിയവയും വാഗ്‌ദാനങ്ങളിൽ ഉൾപ്പെടുന്നു. ബിജെപിയെ പരാജയപ്പെടുത്താനും ജനാധിപത്യം, വൈവിധ്യം, ഭരണഘടന എന്നിവ സംരക്ഷിക്കുന്നതിനായി ദൃഢനിശ്‌ചയവും, അർപ്പണബോധവും, അച്ചടക്കമുള്ള പുതിയ സർക്കാർ രൂപീകരിക്കണമെന്നും ജയറാം രമേഷ് പ്രതികരിച്ചു.
60 അംഗ മണിപ്പൂർ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടക്കും. ഫെബ്രുവരി 27, മാർച്ച് 3 തീയതികളിലാണ് വോട്ടെടുപ്പ്. മാർച്ച് 10ന് ഫലം പുറത്തുവരും.
Most Read: നിയമസഭാ തിരഞ്ഞെടുപ്പ്; യുപിയിൽ ബിജെപി പ്രകടനപത്രിക ഇന്ന് പുറത്തിറക്കും