പാരിസ്: പാരിസ് ഒളിമ്പിക്‌സിൽ ഇന്ത്യക്ക് വേണ്ടി പുതുചരിത്രമെഴുതിയ ഷൂട്ടിങ് താരം മനു ഭാക്കർ ജൻമനാട്ടിൽ തിരിച്ചെത്തി. സ്വന്തമാക്കിയ ഇരട്ടമെഡലുകളുമായി ഇന്ന് രാവിലെ ഡൽഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിലാണ് താരം വന്നിറങ്ങിയത്. മനു ഭാക്കറിനും പരിശീലകൻ ജസ്‌പാൽ റാണയ്‌ക്കും ആരാധകർ വൻ സ്വീകരണം ഒരുക്കിയിരുന്നു.
പുഷ്‌പഹാരം അണിയിച്ചും പൂച്ചെണ്ടുകൾ നൽകിയും ഇന്ത്യൻ ജനത ഒളിമ്പിക്‌സ് മെഡൽ ജേതാവിനെ വരവേറ്റു. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ ഒരു ഒളിമ്പിക്‌സിൽ ഇരട്ട മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡ് മനു ഭാക്കർ പാരിസിൽ സ്വന്തമാക്കിയിരുന്നു. വനിതകളുടെ 10 മീറ്റർ എയർ പിസ്‌റ്റളിലും, 10 മീറ്റർ എയർ പിസ്‌റ്റൾ മിക്‌സഡ് ടീമിനത്തിൽ സരബ്‌ജ്യോതി സിംഗിനൊപ്പവുമാണ് മനു ഭാക്കർ വെങ്കല മെഡൽ നേടിയത്.
25 മീറ്റർ പിസ്‌റ്റൾ വിഭാഗത്തിൽ ഉജ്വല പ്രകടനത്തോടെ ഫൈനലിലെത്തി ഹാട്രിക് മെഡൽ പ്രതീക്ഷ ഉയർത്തിയെങ്കിലും അവസാന നിമിഷം നാലാം സ്‌ഥാനത്ത് ഒതുങ്ങി. ഒളിമ്പിക്‌സിലെ ഉജ്വല പ്രകടനത്തിന്റെ അടിസ്‌ഥാനത്തിൽ സമാപന ചടങ്ങിൽ ഇന്ത്യൻ വനിതാ ടീമിനെ നയിക്കാൻ മനു ഭാക്കറിനെ തിരഞ്ഞെടുത്തിരുന്നു.
പാരിസ് ഒളിമ്പിക്‌സിൽ രണ്ടു വെങ്കല മെഡൽ നേടിയ മനു ഭാക്കറാകും സമാപന മാർച്ച് പാസ്‌റ്റിൽ ഇന്ത്യൻ പതാക വഹിക്കുകയെന്ന് ടീം അധികൃതരാണ് അറിയിച്ചത്. 2022 ഏഷ്യൻ ഗെയിംസിൽ മനു ഭാക്കർ 25 മീറ്റർ പിസ്‌റ്റൽ ടീമിനത്തിൽ സ്വർണം നേടിയിരുന്നു. കഴിഞ്ഞ വർഷം നടന്ന ലോക ചാമ്പ്യൻഷിപ്പിലും 25 മീറ്റർ പിസ്‌റ്റൽ ഇനത്തിൽ സ്വർണം സ്വന്തമാക്കി. ടോക്കിയോ ഒളിമ്പിക്‌സിൽ പിസ്‌റ്റൽ തകരാറിലായതിനെ തുടർന്ന് മനു ഭാക്കറിന് മൽസരിക്കാൻ സാധിച്ചിരുന്നില്ല.
Most Read| വിശ്രമജീവിതം നീന്തിത്തുടിച്ച്, 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി