തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളേജിലെ മാർക്ക് ലിസ്‌റ്റ് വിവാദത്തിൽ എസ്എഫ്ഐ സംസ്‌ഥാന സെക്രട്ടറി പിഎം ആർഷോ നൽകിയ പരാതിയിൽ കോളേജ് പ്രിൻസിപ്പലിനെ ചോദ്യം ചെയ്‌ത് ക്രൈം ബ്രാഞ്ച് സംഘം. മാർക്ക് ലിസ്‌റ്റ് വിവാദത്തിന് പിന്നിൽ ഗൂഢാലോചന ഇല്ലെന്ന് കേസിലെ രണ്ടാം പ്രതിയായ പ്രിൻസിപ്പൽ വിഎസ് ജോയ് ക്രൈം ബ്രാഞ്ചിന് മൊഴി നൽകി.
മാർക്ക് ലിസ്‌റ്റ് പ്രസിദ്ധീകരിച്ചതിന് പിന്നിൽ ഗൂഢാലോചന ഇല്ലെന്നും സാങ്കേതിക പിഴവാണ് സംഭവിച്ചതെന്നും പ്രിൻസിപ്പൽ വ്യക്‌തമാക്കി. ഇത് സാധൂകരിക്കുന്ന തെളിവുകളും പ്രിൻസിപ്പൽ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. ജില്ലാ ക്രൈം ബ്രാഞ്ച് എസിപി പയസ് ജോർജിന്റെ നേതൃത്വത്തിലുള്ള സംഘം കോളേജിലെത്തിയാണ് പ്രിൻസിപ്പലിനെ ചോദ്യം ചെയ്‌തത്.
ആർഷോയുടെ പരാതിയിൽ ആർക്കിയോളജി വിഭാഗം അധ്യാപകൻ വിനോദ് കുമാറിനെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. കേസിൽ നിലവിൽ അഞ്ചുപേരെയാണ് പ്രതിചേർത്തിട്ടുള്ളത്. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും വിഷയം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് പിഎം ആർഷോ ഡിജിപിക്ക് പരാതി നൽകിയത്. പരാതി ഡിജിപി കൊച്ചി കമ്മീഷണർക്ക് കൈമാറിയിരുന്നു. അന്വേഷിച്ചു തുടർനടപടി സ്വീകരിക്കാൻ നിർദ്ദേശിച്ചാണ് കൊച്ചി കമ്മീഷണർക്ക് ഡിജിപി പരാതി കൈമാറിയത്.
മഹാരാജാസ് കോളേജിലെ ഇന്റഗ്രേറ്റഡ് പിജി പ്രോഗ്രാം ഇൻ ആർക്കിയോളജി ആൻഡ് മെറ്റേറിയൽ കൾച്ചറൽ സ്‌റ്റഡീസിന്റെ മൂന്നാം സെമസ്‌റ്റർ പരീക്ഷയുടെ മാർക്ക് ലിസ്‌റ്റിൽ ഒരു വിഷയത്തിന് ആർഷോക്ക് മാർക്കോ ഗ്രേഡോ ഇല്ലായിരുന്നു. എന്നാൽ, മാർക്ക് ലിസ്‌റ്റിൽ പാസ് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. മാർച്ച് 23ന് പ്രസിദ്ധീകരിച്ച ഫലമാണ് വിവാദമായത്.
ജാമ്യ വ്യവസ്‌ഥ നിലനിൽക്കുന്നതിനാൽ മൂന്നാം സെമസ്‌റ്ററിലെ ഒരു പരീക്ഷയും താൻ എഴുതിയിട്ടില്ലെന്നാണ് ആർഷോ പറയുന്നത്. 2020 അഡ്‌മിഷനിലുള്ള തന്നെ 2021ലെ കുട്ടികളുടെ ഒപ്പം പരീക്ഷ എഴുതിയതായി പ്രചരിപ്പിച്ചുവെന്നും, കോളേജ് പ്രിൻസിപ്പൽ പലവട്ടം വാക്ക് മാറ്റിപ്പറയുന്നുവെന്നും ആർഷോ വ്യക്‌തമാക്കിയിരുന്നു. മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്റെ വീഴ്‌ചകൾ പരിശോധിക്കണമെന്നും, വിഷയത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പിനടക്കം പരാതി നൽകുമെന്നും ആർഷോ പറഞ്ഞിരുന്നു.
താൻ പാസായെന്ന തരത്തിലുള്ള മാർക്ക് ലിസ്‌റ്റ് പുറത്തുവന്നത് സാങ്കേതിക പിഴവോ അല്ലെങ്കിൽ വിവാദം ഉണ്ടാക്കാൻ വേണ്ടി ആരെങ്കിലും കരുതിക്കൂട്ടി ചെയ്‌ത പ്രവൃത്തിയോ ആകാമെന്നും ആർഷോ ആരോപിച്ചിരുന്നു. ആർക്കിയോളജി വകുപ്പ് മേധാവിയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നെന്നായിരുന്നു ആർഷോയുടെ ആരോപണം.
Most Read: മണിപ്പൂർ സംഘർഷം; സംസ്‌ഥാനത്ത് വീണ്ടും ഇന്റർനെറ്റ് നിരോധനം നീട്ടി