കാസർഗോഡ്: ബിരുദ വിദ്യാർഥിയെ കൊണ്ട് കോളേജ് പ്രിൻസിപ്പൽ കാലുപിടിപ്പിച്ചതായി പരാതി. കാസർഗോഡ് ഗവ. കോളേജ് പ്രിൻസിപ്പൽ എം രമക്കെതിരെയാണ് പരാതിയുമായി എംഎസ്എഫ് രംഗത്തെത്തിയത്. രണ്ടാംവർഷ ബിരുദ വിദ്യാർഥിയെകൊണ്ട് മൂന്ന് തവണ കാലുപിടിപ്പിച്ചെന്നാണ് പരാതി. സംഭവത്തിൽ വിദ്യാർഥി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി.
കോളേജിൽ നിന്ന് പുറത്താക്കാതിരിക്കണമെങ്കിൽ കാലുപിടിക്കണമെന്ന് പ്രിൻസിപ്പൽ എം രമ ആവശ്യപ്പെട്ടുവെന്ന് എംഎസ്എഫ് സംസ്‌ഥാന പ്രസിഡണ്ട് പികെ നവാസ് പറഞ്ഞു. അതേസമയം, കോവിഡ് പ്രോട്ടോകോൾ പാലിക്കാത്തത് ചോദ്യം ചെയ്‌തപ്പോൾ വിദ്യാർഥി ആക്രമിക്കാൻ ശ്രമിച്ചുവെന്നാണ് പ്രിൻസിപ്പൽ പറയുന്നത്. വിദ്യാർഥി സ്വമേധയാ കാലിൽ വന്ന് പിടിക്കുകയായിരുന്നു.
എംഎസ്എഫിൽ നിന്ന് നിരന്തര ഭീഷണി ഉണ്ടെന്നും പ്രിൻസിപ്പൽ പറഞ്ഞു. സിസിടിവി ദൃശ്യങ്ങളിൽ സംഭവം കാണാമെന്നാണ് എംഎസ്എഫ് പറയുന്നത്. എന്നാൽ, സിസിടിവി കേടായതിനാൽ ദൃശ്യം ലഭിക്കില്ലെന്നാണ് പ്രിൻസിപ്പൽ പറയുന്നത്.
Most Read: ബാരാമുള്ള ജില്ലയിൽ ഭീകരാക്രമണം; രണ്ട് ജവാൻമാർക്ക് പരിക്ക്