ക്രൂരതയുടെ അങ്ങേയറ്റം: മുസ്​ലിം വിദ്യാർഥിയെ ഹിന്ദു സഹപാഠികളാൽ മർദ്ദിപ്പിച്ച്‌ അധ്യാപിക

യുപിയിലെ മുസാഫർനഗറിലെ നേഹ പബ്ളിക് സ്‌കൂളിലാണ് കിരാത നടപടി അരങ്ങേറിയതായി വാർത്തകൾ പറയുന്നത്. ഹിന്ദുസ്‌ഥാൻ ടൈംസ്, ഔട്‍ലുക്, ദി ഹിന്ദു ഉൾപ്പടെയുള്ള ദേശീയ മാദ്ധ്യമങ്ങൾ വാർത്ത ശരിവെക്കുന്നുണ്ട്.

By Central Desk, Malabar News
Muzaffarnagar Teacher Brutality Malayalam
Image: Video Screenshot
Ajwa Travels

മുസാഫർനഗർ: അതീവ ക്രൂരവും മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്നതുമായ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. (Muzaffarnagar Teacher Brutality) ക്‌ളാസ് റൂമിൽവച്ച്​ മുസ്​ലിം വിദ്യാർഥിയെ ഹിന്ദു സഹപാഠികളെക്കൊണ്ട്​ അടിപ്പിക്കാൻ അധ്യാപിക ശ്രമിക്കുന്നതും ചില കുട്ടികൾ ഇരയായ കുട്ടിയെ മുഖത്ത് അടിക്കുന്നതും കുട്ടി വേദനകൊണ്ടും അപമാനം കൊണ്ടും കരയുന്നതുമാണ് വീഡിയോ.

കൂടുതൽ ശക്‌തമായി അടിക്കാൻ സഹപാഠികളോട് അധ്യാപിക നിർദ്ദേശിക്കുന്നതും വീഡിയോയിൽ വ്യക്‌തമാണ്‌. എന്നാൽ, വീഡിയോ എങ്ങനെ, എപ്പോൾ, ആര് ഷൂട്ട് ചെയ്‌തു എന്നതിൽ തർക്കങ്ങൾ ഉയരുന്നുണ്ട്. അതേസമയം, സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്ന വീഡിയോ മുൻനിർത്തി ഒട്ടനവധി പരാതികളാണ് രാജ്യത്തിന്റെ പലഭാഗത്തുനിന്ന് മനുഷ്യാവകാശ കമ്മീഷനും പോലീസിനും യുപി സർക്കാരിനും ലഭിച്ചിരിക്കുന്നത്.

ആൾട്ട്​ ന്യൂസ്​ സഹസ്‌ഥാപകനും ഫാക്‌ട് ചെക്കറുമായ മുഹമ്മദ്​ സുബൈർ വാർത്ത സ്‌ഥിരീകരിച്ചിട്ടുണ്ട്​. തൃപ്‌ത ത്യാഗി എന്ന അധ്യാപികയാണ്​ വീഡിയോയിൽ ഉള്ളതെന്ന്​ ഔട്ട്​ലുക്കും റിപ്പോർട്ട്​ ചെയ്യുന്നുണ്ട്. വിഷയത്തിൽ, ആദ്യഘട്ടത്തിൽ തണുപ്പൻ പ്രതികരണങ്ങൾ നടത്തിയ യുപിയിലെ സർക്കാർ സംവിധാനങ്ങൾ ഇന്നലെ രാത്രിയോടെ കേസെടുത്തതായും സംഭവം നടന്നെന്ന് പറയുന്ന മുസാഫർനഗർ പ്രദേശത്തെ പൊലീസ് അന്വേഷണം ആരംഭിച്ചതായും വാർത്തകൾ പറയുന്നു.

കേരളത്തിൽ നിന്നുള്ള പൊതു പ്രവർത്തകനും സുപ്രീംകോടതി വക്കീലുമായ ശ്രീജിത്ത് പെരുമനയും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. ഇദ്ദേഹം ഉത്തർപ്രദേശ് പോലീസ് മേധാവിക്കും, ദേശീയ മനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും പരാതി നൽകിയതായി തന്റെ സാമൂഹിക മാദ്ധ്യമ പേജിലൂടെ വ്യക്‌തമാക്കി. സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ അടിയന്തിരമായി സുപ്രീംകോടതിയെ സമീപിക്കുമെന്നും ശ്രീജിത്ത് പെരുമന പറഞ്ഞു.

ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിലെ താനക്ഷേത്രയിലെ ഖുബ്ബപൂർ ഗ്രാമത്തിലെ നേഹ പബ്‌ളിക് സ്‌കൂളിൽ തന്നെയാണ് സംഭവം നടന്നതെന്ന് മുസാഫർനഗർ പോലീസും രാത്രിയോടെ സ്‌ഥിരീകരിച്ചിട്ടുണ്ട്. പ്രമുഖ ഫാക്‌ട് ചെക്കറായ മുഹമ്മദ്​ സുബൈർ വാർത്ത സ്‌ഥിരീകരിച്ചതിനൊപ്പം വിദ്യാർഥിയുടെ പിതാവുമായി സംസാരിച്ചതായും വെളിപ്പെടുത്തി.

മുഹമ്മദ്​ സുബൈർ പോലീസിൽ പരാതി നൽകാൻ പിതാവിനോട് ആവശ്യപ്പെട്ടതായും ‘ഞങ്ങൾ കുട്ടിയെ സ്‌കൂളിൽ നിന്ന് മാറ്റുമെന്നും പൊലീസിൽ പരാതി നൽകില്ലെന്നും’ പിതാവ് പറഞ്ഞതായും സുബൈർ പറയുന്നു. എന്തുകൊണ്ടാണ് പോലീസിൽ പരാതിപ്പെടാത്തതെന്ന് ചോദിച്ചപ്പോൾ ‘പരാതി നൽകിയിട്ട്​ കാര്യമില്ലെന്നും കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും’ ആയിരുന്നു മറുപടി എന്നും സുബൈർ പറഞ്ഞു.

Muzaffarnagar Teacher Brutality Malayalamസുബൈർ പറയുന്നത് സത്യമെങ്കിൽ, ഉത്തർപ്രദേശിലെ സാമൂഹിക അവസ്‌ഥ ഭയപ്പെടേണ്ടത് ആണെന്നും വിഷയത്തിൽ കൂടുതൽ കൃത്യതവരുത്തിയ ശേഷം ഔദ്യോഗികമായി പ്രതികരിക്കാമെന്നും ഇപ്പോൾ ഞാൻ ഒരു അഭിപ്രായം പറയുന്നില്ലെന്നും ദേശീയ ബാലാവകാശ കമ്മീഷൻ നിലവിലെ വിഷയത്തിൽ ഇടപെട്ടിട്ടുണ്ടെന്നും​ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗം മലബാർ ന്യൂസിനോട് പ്രതികരിച്ചു.

കുട്ടിയുടെ വിഡിയോ ഷെയർ ചെയ്യരുതെന്ന് കമ്മീഷൻ മാദ്ധ്യമങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. കൂടുതൽ നടപടികൾക്കായി നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുമെന്നും, കുട്ടിയുടെ വീഡിയോ ഷെയർ ചെയ്യരുതെന്നും ബിജെപി-ആർഎസ്‌എസ്‌ പ്രവർത്തകനും ഇപ്പോൾ ദേശീയ ബാലാവകാശ സംഘടനയായ എൻ‌സി‌പി‌സി‌ആർ ചെയർമാനുമായ പ്രിയങ്ക് കനൂംഗോ പറഞ്ഞു. ഇത്തരം സംഭവങ്ങൾ ഇമെയിൽ വഴി അറിയിക്കണമെന്നും കുട്ടികളുടെ ഐഡന്റിറ്റി വെളിപ്പെടുത്തി കുറ്റകൃത്യത്തിന്റെ ഭാഗമാകരുതെന്നും പ്രിയങ്ക് കനൂംഗോ കൂട്ടിച്ചേർത്തു.

MOST READ | 500 വര്‍ഷം പഴക്കമുള്ള 15 കാരിയുടെ മൃതദേഹം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE