കോഴിക്കോട്: നിപ ഭീഷണി ഒഴിഞ്ഞ സാഹചര്യത്തിൽ, കോഴിക്കോട് ജില്ലയിലെ സ്‌കൂളുകൾ നാളെ മുതൽ പതിവ് പോലെ തുറന്ന് പ്രവർത്തിക്കും. അതേസമയം, കണ്ടെയ്‌ൻമെന്റ് സോണിലുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ നിയന്ത്രണങ്ങൾ അവസാനിക്കുന്നത് വരെ ഓൺലൈൻ ആയി ക്‌ളാസുകൾ തുടരും. സ്‌കൂളിൽ എത്തുന്ന വിദ്യാർഥികൾ നിപ പ്രോട്ടോകോൾ കൃത്യമായി പാലിക്കണമെന്ന് ജില്ലാ കളക്‌ടർ നിർദ്ദേശം നൽകി.
സ്‌കൂളിലെത്തുന്ന വിദ്യാർഥികളും അധ്യാപകരും മാസ്‌ക്, സാനിറ്റൈസർ എന്നിവ നിർബന്ധമായും ഉപയോഗിക്കണം. സ്‌കൂളുകളുടെ പ്രവേശന കവാടങ്ങളിലും ക്ളാസ് മുറികളിലും സാനിറ്റൈസർ സ്‌ഥാപിക്കും. കണ്ടെയ്‌ൻമെന്റ് സോണിൽ താമസിക്കുന്ന വിദ്യാർഥികൾക്ക് വിദ്യാലയങ്ങളിൽ പോവുന്നതിന് നിയന്ത്രണമുള്ളതിനാൽ ഇവർക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കാൻ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് ജില്ലാ കളക്‌ടർ എ ഗീത നിർദ്ദേശം നൽകി.
അതേസമയം, സംസ്‌ഥാനത്ത് ഇന്നും പുതിയ നിപ കേസുകൾ സ്‌ഥിരീകരിച്ചിട്ടില്ല. ഇന്ന് അയച്ച അഞ്ചു സാമ്പിളുകളുടെയും പരിശോധനാ ഫലം നെഗറ്റീവ് ആണ്. നിപ ബാധിതരായി ആശുപത്രികളിൽ ചികിൽസയിൽ കഴിയുന്നവരുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. നിലവിൽ സമ്പർക്ക പട്ടികയിലുള്ള 915 പേരാണ് ഐസൊലേഷനിൽ കഴിയുന്നത്.
Most Read| കാവേരി നദീജല തർക്കം; പ്രതിഷേധം ശക്‌തം- ബെംഗളൂരുവിൽ 26ന് ബന്ദ്