ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമത സ്വരമുയര്‍ത്തി സംഘടിച്ച മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ നടപടിയെടുക്കില്ലെന്ന് എഐസിസി. പാർലമെന്റിൽ നിന്ന് വിരമിച്ച ഗുലാം നബി ആസാദിന് മറ്റ് സ്‌ഥാനങ്ങൾ നൽകാത്തത് രാജ്യസഭയില്‍ പുതുതായി മറ്റൊരു ഒഴിവ് ഇല്ലാത്തതിനാൽ ആണെന്നും എഐസിസി അറിയിച്ചു. ഗുലാം നബി ആസാദിനെ പോലെ സ്‌ഥാനമാനങ്ങള്‍ കിട്ടിയ മറ്റൊരു നേതാവില്ലെന്നും എഐസിസി ഓർമിപ്പിച്ചു.
കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണമെന്നാവശ്യപ്പെട്ട 23 നേതാക്കളാണ് ജമ്മു-കശ്‌മീരിൽ ഗാന്ധി ഗ്ളോബല്‍ ഫാമിലി സംഘടിപ്പിച്ച ശാന്തി സമ്മേളനത്തിൽ ഒത്തുചേർന്നത്. ജനാലവഴി പാര്‍ട്ടിയിൽ എത്തിയവരല്ല തങ്ങളെന്നാണ് മുതിർന്ന നേതാവ് ആനന്ദ് ശര്‍മ നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ചത്. പാര്‍ട്ടിയില്‍ നിന്ന് കൊണ്ട് തന്നെ തിരുത്തല്‍ നടപ്പാക്കുകയും പാര്‍ട്ടിയെ ശക്‌തിപ്പെടുത്തുകയും ചെയ്യുമെന്നും ആനന്ദ് ശര്‍മ്മ പറഞ്ഞു.
‘ഗുലാം നബി ആസാദ് പരിചയ സമ്പന്നനായ പൈലറ്റാണ്. അദ്ദേഹത്തിന് എഞ്ചിനിലെ തകരാര്‍ കണ്ടെത്താനും പരിഹരിക്കാനും സാധിക്കും. എല്ലാ സംസ്‌ഥാനങ്ങളിലെയും കോണ്‍ഗ്രസിന്റെ അടിത്തറ അറിയുന്ന നേതാവാണ് അദ്ദേഹം. അദ്ദേഹത്തെ പാര്‍ലമെന്റില്‍ നിന്ന് ഒഴിവാക്കുകയാണെന്ന് അറിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് സങ്കടമുണ്ടായി. എന്തുകൊണ്ടാണ് കോണ്‍ഗ്രസ് അദ്ദേഹത്തിന്റെ അനുഭവം ഉപയോഗിക്കാത്തതെന്ന് എനിക്ക് മനസിലാകുന്നില്ല,’ കപില്‍ സിബല്‍ പറഞ്ഞു.
ഗുലാം നബി ആസാദിനും ആനന്ദ് ശർമ്മക്കും പുറമെ മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ, രാജ് ബബ്ബാർ, വിവേക് തങ്ക എന്നിവരും പരിപാടിയിൽ പങ്കെടുത്തിരുന്നു.
Read also: മുസ്‌ലിം വിരുദ്ധമല്ല; നിർബന്ധിത മത പരിവർത്തന നിയമത്തെ ന്യായീകരിച്ച് യോഗി