ന്യൂഡെൽഹി: ശ്രീലങ്കയ്‌ക്ക് എതിരായ ഏകദിന പരമ്പരയ്‌ക്കുള്ള ടീമിൽ നിന്ന് സഞ്‌ജു സാംസണെ തഴഞ്ഞതിൽ നിരാശയിലായി ആരാധകർ. കഴിഞ്ഞ ദിവസം പുറത്തുവിട്ട ടി20 സ്‌ക്വാഡിൽ സഞ്‌ജുവിനെ ഉൾപ്പെടുത്തുകയും ടീമിൽ തഴയുകയും ചെയ്‌തതോടെയാണ് വലിയൊരു വിഭാഗം ആരാധകർ ട്വിറ്റർ ഉൾപ്പടെയുള്ള സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രതിഷേധവുമായി എത്തിയത്.
ഏറെ നീണ്ട കാത്തിരിപ്പിന് ശേഷം ശ്രീലങ്കയ്‌ക്ക് എതിരായ ടി20 ടീമിൽ ഇടം നേടിയ സഞ്‌ജു സാംസൺ ഏകദിന ടീമിൽ ഇടം ലഭിക്കാതായതോടെ വലിയ ചർച്ചകളാണ് നടക്കുന്നത്. ഏകദിന ലോകകപ്പ് അടുത്ത വർഷം നടക്കാനിരിക്കെ ടീമിൽ സ്‌ഥാനം നേടാനുള്ള സഞ്‌ജുവിന്റെ അവസരമാണ് ഇല്ലാതാവുന്നത് എന്ന അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. 2023ലെ ആദ്യ പരമ്പരയാണ് ശ്രീലങ്കയ്‌ക്ക് എതിരായി നടക്കുന്നത്.
ടി20 ലോകകപ്പ് ടീമിൽ ഇടം ലഭിക്കാതിരുന്ന സഞ്‌ജുവിന് അതിന് ശേഷമുള്ള ഏകദിന പാരമ്പരകളിൽ ഇടം കിട്ടിയിരുന്നു. എന്നാൽ, ഏകദിന ലോകകപ്പ് അടുത്തതോടെ സഞ്‌ജുവിനെ ടി20 സ്‌ക്വാഡിലേക്ക് മാറ്റിയിരിക്കുകയാണ്. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്. അതേസമയം, ഹാർദിക് പാണ്ഡ്യയാണ് ടി 20 ടീമിനെ നയിക്കുന്നത്. കോഹ്‌ലി, രോഹിത് ശർമ എന്നിവർക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്.
അതിനിടെ, ഏകദിന ടീമിൽ ഈ വർഷം ലഭിച്ച അവസരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ശ്രീലങ്കയ്‌ക്ക് എതിരായ ഏകദിന പരമ്പരയിൽ നിന്ന് സഞ്‌ജുവിനെ തഴഞ്ഞതിൽ പ്രതിഷേധിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും രംഗത്തെത്തി. ലങ്കയ്‌ക്കെതിരായ ഏകദിന ടീമിൽ ഉൾപ്പെടുത്താതെ സഞ്‌ജുവിനെ ടി 20 സ്‌ക്വാഡിൽ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ആരാധകർക്കൊപ്പം ഇന്ത്യൻ ടീം സെലക്ഷൻ ചോദ്യം ചെയ്‌തിരിക്കുകയാണ് മന്ത്രി വി ശിവൻകുട്ടി.
ഫേസ്ബുക്ക് പോസ്‌റ്റിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. ”ബാറ്റിംഗ് ഓർഡറിൽ ഏത് സ്‌ഥാനത്തും കളിപ്പിക്കാവുന്ന താരമാണ് മലയാളിയായ സഞ്‌ജു സാംസൺ. രഞ്‌ജി ട്രോഫിയിൽ മൂന്ന് അർധ സെഞ്ചുറികൾ ഉൾപ്പടെ മിന്നും ഫോമിൽ ആണ് സഞ്‌ജു. ഏകദിന ലോകകപ്പിന് മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഈ സാഹചര്യത്തിൽ ശ്രീലങ്കയ്‌ക്ക് എതിരായ ഏകദിന പരമ്പരയിൽ നിന്ന് സഞ്‌ജുവിനെ മാറ്റി നിർത്തുന്നതിന് പിന്നിൽ വ്യക്‌തമായ പദ്ധതി സംശയിക്കേണ്ടി ഇരിക്കുന്നു” എന്നാണ് വി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്‌റ്റ്.
അടുത്ത വർഷം ഇന്ത്യയിൽ ഏകദിന ലോകകപ്പ് നടക്കാനിരിക്കെ ബിസിസിഐയുടെ പദ്ധതികളിൽ സഞ്‌ജുവിന്റെ പേരില്ലേ എന്ന സംശയം ആരാധകർക്കുണ്ട്. നിലവിൽ പുരോഗമിച്ച കൊണ്ടിരിക്കുന്ന രഞ്‌ജി ട്രോഫിയിൽ മൂന്ന് അർധ സെഞ്ചുറികൾ നേടിയിട്ടും സഞ്‌ജുവിനെ ഏകദിന ഫോർമാറ്റിലേക്ക് പരിഗണിക്കാതിരിക്കുക ആയിരുന്നു. 2022ൽ ഒമ്പത് ഏകദിന ഇന്നിങ്‌സുകളിൽ അഞ്ചു നോട്ടൗട്ടുകൾ സഹിതം 284 റൺസുമായി സഞ്‌ജു തിളങ്ങിയിരുന്നു.
രോഹിത് ശർമ്മയും വിരാട് കോലിയും അടക്കമുള്ള സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിക്കുന്ന പരമ്പരകളിൽ രണ്ടാംനിര ടീമിനെ അയക്കുമ്പോൾ മാത്രമാണ് സഞ്‌ജുവിനെ പരിഗണിക്കുന്നതെന്ന വിമർശനം ശക്‌തമാണ്. സഞ്‌ജു സാംസണ് തുടർച്ചയായി അവസരം നൽകണമെന്ന ആവശ്യം കുറെ നാളുകളായി ഉണ്ട്. ഒരു പരമ്പരയിലും തുടർച്ചയായ മൽസരങ്ങളിൽ സഞ്‌ജുവിനെ കളിപ്പിക്കുന്ന പതിവില്ല.
ന്യൂസിലൻഡ് പര്യടനത്തിൽ ആദ്യ ഏകദിനത്തിന് ശേഷം പരമ്പരയിലെ ഒരു മൽസരങ്ങളിൽ പോലും പിന്നീട് അവസരം ലഭിച്ചില്ല. ട്വിന്റി 20 പരമ്പരയിൽ പൂർണമായി തഴയുകയും ചെയ്‌തു. പിന്നാലെ ബംഗ്ളാദേശ് പര്യടനം നടത്തിയ ഇന്ത്യൻ ഏകദിന ടീമിൽ എടുത്തതുമില്ല. ന്യൂസിലൻഡിൽ ഒരൊറ്റ മൽസരം മാത്രം കളിപ്പിച്ച ശേഷം സഞ്‌ജുവിനെ ഒഴിവാക്കുകയാണ് സെലക്‌ടർമാർ ചെയ്‌തത്. ഇങ്ങനെ വല്ലപ്പോഴും മാത്രം കളിപ്പിച്ചാൽ ഒരു താരത്തിന്റെ പ്രകടനം എങ്ങനെ വിലയിരുത്താൻ കഴിയുമെന്ന ചോദ്യമാണ് ആരാധകർ ഉയർത്തുന്നത്.
Most Read: രാഹുൽ ഗാന്ധിയുടെ സുരക്ഷ ഉറപ്പാക്കണം; അമിത് ഷാക്ക് കത്തയച്ച് കോൺഗ്രസ്