ന്യൂഡെൽഹി: ജീവവായുവിന് വേണ്ടി ജനം പരക്കം പായവേ ഡെൽഹിയിൽ ഓക്‌സിജൻ സിലിണ്ടറുകൾ കരിഞ്ചന്തയിൽ വിൽക്കുന്നുവെന്ന് ഹൈക്കോടതി. ലക്ഷങ്ങൾ വാങ്ങിയുള്ള ഇടപാടാണെന്നും ഇത്തരക്കാരുടെ പ്‌ളാന്റുകൾ പിടിച്ചെടുക്കണമെന്നും ഡെൽഹി ഹൈക്കോടതി ഉത്തരവിട്ടു. മനുഷ്യജീവൻ കൊണ്ട് കളിക്കാൻ അനുവദിക്കരുതെന്നും സർക്കാരിന് കോടതി നിർദ്ദേശം നൽകി.
ഇതിനിടെ ഓക്‌സിജൻ വിതരണക്കാർക്ക് കോടതിയലക്ഷ്യ നോട്ടീസും അയച്ചിട്ടുണ്ട്. ആവശ്യപ്പെട്ടിട്ടും കോടതിയിൽ ഹാജരാകാത്തതിനാണ് നോട്ടീസ്. കഴിഞ്ഞ ദിവസം ഡെൽഹി സർക്കാർ വിളിച്ച അടിയന്തര യോഗത്തിൽ ഓക്‌സിജൻ വിതരണക്കാരും നിർമാതാക്കളും ആശുപത്രി അധികൃതരും നിർബന്ധമായി പങ്കെടുക്കണമെന്ന് നിർദ്ദേശം ഉണ്ടായിരുന്നു. എന്നാൽ, ഓക്‌സിജൻ സിലിണ്ടർ വിൽക്കുന്ന വ്യാപാരികൾ യോഗത്തിൽ പങ്കെടുക്കാൻ കൂട്ടാക്കിയില്ല. ഇതുമായി ബന്ധപ്പെട്ട പരാമർശങ്ങൾക്കിടെ കോടതി രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്.
ഡെൽഹിയിൽ ഓക്‌സിജൻ സിലിണ്ടറുകൾ പൂഴ്‌ത്തി വെച്ച് ലക്ഷക്കണക്കിന് രൂപക്ക് വിറ്റഴിക്കുകയാണ്. ജനങ്ങൾ ശ്വാസം കിട്ടാതെ മരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ കൊള്ളലാഭം ഉണ്ടാക്കുന്നത്. ഇത്തരക്കാർക്ക് എതിരെ ശക്‌തമായ നടപടിയുമായി മുന്നോട്ട് പോകണമെന്നാണ് കോടതി പറയുന്നത്. ഇവരുടെ പ്‌ളാന്റുകൾ പിടിച്ചെടുക്കണമെന്നും ഇവ ആശുപത്രികളിലേക്ക് വിതരണം ചെയ്യുന്ന നടപടികളിലേക്ക് കടക്കണമെന്നും കോടതി നിർദ്ദേശം നൽകി.
ഡെൽഹിയിലെ 6 ഓക്‌സിജൻ വിതരണക്കാരോട് ഇന്ന് ഹൈക്കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. ഇതിൽ അഞ്ച് പേരും കോടതിയിൽ ഹാജരായില്ല. ഇവർക്കെതിരെയാണ് കോടതിയലക്ഷ്യ നടപടികൾ സ്വീകരിച്ചിരിക്കുന്നത്.
Also Read: പ്രാണവായു ഇല്ലാതെ തലസ്‌ഥാനം; ഗാന്ധി ആശുപത്രിയിലും ഓക്‌സിജൻ ക്ഷാമം