പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പാലക്കാട് മണ്ഡലത്തിൽ കോൺഗ്രസ് നേതാക്കൾ കള്ളപ്പണം കൊണ്ടുവന്നെന്ന ആരോപണം ബലപ്പെടുത്താൻ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് സിപിഎം. നവംബർ അഞ്ചിന് രാത്രി പത്ത് മുതൽ 11.30വരെയുള്ള സിസിടിവി ദൃശ്യങ്ങളാണ് സിപിഎം കേന്ദ്രങ്ങൾ ഇന്ന് പുറത്തുവിട്ടത്.
യുഡിഎഫ് സ്‌ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ കോഴിക്കോട്ടേക്ക് പോയ വാഹനത്തിൽ അല്ല രണ്ട് ട്രോളി ബാഗുകൾ കൊണ്ടുപോയതെന്നും ബാഗുകൾ മറ്റൊരു വാഹനത്തിലാണ് കൊണ്ടുപോയതെന്നുമുള്ള സിപിഎം വാദം സാധൂകരിക്കുന്ന തരത്തിലാണ് ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. രാഹുൽ സഞ്ചരിച്ച വാഹനത്തിന് പിന്നിലാണ് ബാഗുകൾ അടങ്ങിയ വാഹനം പോകുന്നതെന്ന് സിസിടിവി ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടി സിപിഎം വാദിക്കുന്നു.
രാത്രി പത്ത് മണിക്കാണ് രാഹുൽ ഹോട്ടലിലേക്ക് വരുന്നത്. 11.30ന് കോഴിക്കോട്ടേക്ക് പോയി. ഈ സമയം ഹോട്ടലിന്റെ പാർക്കിങ് ഏരിയയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് എഡിറ്റ് ചെയ്‌ത രൂപത്തിൽ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ദൃശ്യങ്ങളിൽ ചെറിയ വ്യക്‌തത കുറവുണ്ട്. കോഴിക്കോടേക്ക് പോയ രാഹുൽ റെയ്‌ഡ് നടക്കുന്ന വിവരമറിഞ്ഞിട്ട് എന്തുകൊണ്ട് തിരിച്ചു വന്നില്ലെന്നാണ് സിപിഎം ചോദിക്കുന്നത്.
പിന്നീട് മൂന്ന് മണിക്കൂറിന് ശേഷം കോഴിക്കോട് നിന്ന് രാഹുൽ ഫേസ്ബുക്ക് ലൈവ് വരികയും ചെയ്‌തിരുന്നു. വസ്‌ത്രങ്ങളടങ്ങിയ ബാഗ് തന്റെ അനുയായിയായ ഫെനി കൊണ്ടുവന്നു എന്നാണ് രാഹുൽ പറഞ്ഞിരുന്നത്. ആ ട്രോളി ബാഗ് താൻ കോഴിക്കോടേക്ക് കൊണ്ടുപോയെന്നും രാഹുൽ അവകാശപ്പെടുന്നുണ്ട്.
Most Read| സ്വപ്‌നങ്ങൾക്ക് നിറം പകർന്ന് അമ്മ; ട്രിപ്പിൾ ഗോൾഡ് മെഡൽ തിളക്കത്തിൽ അനഘ