
തൃശൂർ: ലോകത്തിലെ ഏറ്റവും വലിയ ഫോട്ടോ ഫെസ്‌റ്റ് എന്ന വിശേഷണവുമായി, ഇന്ത്യയിലെ ആദ്യത്തെ പൊതുജന ഫോട്ടോഗ്രഫി മ്യൂസിയമായ തൃശൂരിലെ ഫോട്ടോമ്യൂസ് നേതൃത്വം നൽകുന്ന ഫെസ്‌റ്റിവൽ ഓഫ് ഫോട്ടോഗ്രഫിക്ക് തൃശൂരിൽ തുടക്കമായി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഫോട്ടോഗ്രഫി മ്യൂസിയങ്ങളുടെയും അന്താരാഷ്‌ട്ര ഫോട്ടോഗ്രഫി കൂട്ടായ്‌മകളുടെയും സഹകരണത്തോടെയാണ് കേരളം കേന്ദ്രീകരിച്ച് വിപുലമായ ഫോട്ടോഗ്രഫി ഫെസ്‌റ്റിവൽ സംഘടിപ്പിക്കുന്നത്. കേരളത്തിലുടനീളം 25ലേറെ വേദികളിലായി വിവിധ പരിപാടികളോടെ നടക്കുന്ന ഫെസ്‌റ്റിവൽ സ്‌കൂൾ തലംമുതൽ സർവകലാശാല തലംവരെ നീളുന്നതാണ്.
31ലേറെ രാജ്യങ്ങളും 1,530ലേറെ ചിത്രങ്ങൾ ഉൾക്കൊള്ളുന്ന 70ഓളം ഫോട്ടോ പ്രദർശനങ്ങളും സെമിനാറുകളും ടോക് ഷോകളും ഉൾപ്പടെ ബന്ധപ്പെട്ട വിവിധ പരിപാടികൾ 2027 ജനുവരി 31വരെയുള്ള 122 ദിവസങ്ങളിലായി കേരളത്തിൽ നടക്കുമെന്നും സംഘാടകർ പറഞ്ഞു.
കേരളം മുഴുവൻ വേദിയാകും
മ്യൂസിയങ്ങളിലെയും ഗാലറികളിലെയും ചിത്രപ്രദർശനങ്ങളിൽ മാത്രം ഒതുങ്ങാതെ ഫോട്ടോഗ്രഫിയെ വിദ്യാലയങ്ങളിലേക്കും തെരുവുകളിലേക്കും പൊതുസമൂഹത്തിലേക്കും ഗ്രാമങ്ങളിലേക്കും എത്തിക്കുന്ന തരത്തിലാണ് ഫെസ്‌റ്റിവലിന്റെ പരിപാടികൾ ആസൂത്രണം ചെയ്‌തിരിക്കുന്നത്. സ്‌കൂൾ വിദ്യാർഥികൾ മുതൽ സർവകലാശാലാ വിദ്യാർഥികൾ, പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാർ, പ്രസ് ഫോട്ടോഗ്രാഫർമാർ, വിവിധ ഫോട്ടോഗ്രഫി കൂട്ടായ്‌മകൾ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ ഫെസ്‌റ്റിവലിന്റെ ഭാഗമായി മാറുന്നുണ്ട്.
‘Gandhi through the Lens’, ‘India through the Lens’ എന്നീ രണ്ട് പ്രധാന ആശയങ്ങളെ കേന്ദ്രീകരിച്ച് ഒക്‌ടോബർ 2-ന് ഗാന്ധിജയന്തി ദിനത്തിൽ ആരംഭിച്ച് ജനുവരി 30ലെ ഗാന്ധിജിയുടെ രക്‌തസാക്ഷിത്വ ദിനാചരണത്തിനും തുടർന്ന് ജനുവരി 31 വരെയും നീളുന്ന പരിപാടികളിൽ ഇന്ത്യൻ സ്വാതന്ത്ര്യസമര കാലഘട്ടത്തെയും സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ വികസന കാലഘട്ടത്തെയും ഗാന്ധിജിയുടെ ജീവിതവും പ്രവർത്തനങ്ങളും ഫോട്ടോകളിലൂടെ അനാവരണം ചെയ്യും. ഫെസ്‌റ്റിവലിന്റെ ഭാഗമായി ഫോട്ടോഗ്രഫിയുടെ ചരിത്രം അവതരിപ്പിക്കുന്ന പ്രത്യേക പ്രദർശനത്തിൽ 16,742 ചരിത്രപരമായ വസ്‌തുക്കൾ പൊതുജനങ്ങൾക്ക് മുന്നിൽ പ്രദർശനത്തിന് എത്തുമെന്നും സംഘാടകർ പത്രക്കുറിപ്പിൽ വിശദീകരിച്ചു.

ഫെസ്റ്റിവലിന്റെ അന്താരാഷ്‌ട്ര സഹകരണങ്ങൾക്ക് നേതൃത്വം നൽകുന്നത് ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് ഫോട്ടോഗ്രഫി ഫെസ്‌റ്റിവൽസ് എന്ന ആഗോള കൂട്ടായ്‌മയാണ്. ഇതിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിലെ ഫോട്ടോഗ്രഫി കൂട്ടായ്‌മകളെയും സ്‌ഥാപനങ്ങളെയും ഇന്ത്യയിലെ ഫെസ്‌റ്റിവലുമായി സഹകരിപ്പിക്കുന്നുണ്ട്. ഫോട്ടോമ്യൂസ് മുഖ്യ സംഘാടകരാകുമ്പോൾ ആർട്ട് മ്യൂസിയം ഓഫ് ലവ്, ഹരിയാനയിലെ മ്യൂസിയോ ക്യാമറ, കേരള ഹിസ്‌റ്ററി മ്യൂസിയം എന്നിവയും സഹ-ആതിഥേയ സ്‌ഥാപനങ്ങളായി പരിപാടിയിൽ പ്രവർത്തിക്കുന്നുണ്ട്.
അന്താരാഷ്‌ട്ര തലത്തിൽ ഏഴ് പ്രധാന മ്യൂസിയങ്ങൾ ഫോട്ടോമ്യൂസ് ഫെസ്‌റ്റിവൽ ഓഫ് ഫോട്ടോഗ്രഫിയുമായി നേരിട്ട് സഹകരിക്കുന്നുണ്ട്. ഇതിനു പുറമെ കേരളത്തിനകത്തും പുറത്തുമുള്ള നിരവധി ഫോട്ടോഗ്രഫി അനുബന്ധ കൂട്ടായ്‌മകളും സംഘടനകളും സ്‌ഥാപനങ്ങളും, കണ്ണൂർ സർവകലാശാല ഉൾപ്പെടെയുള്ള കേരളത്തിലെ വിവിധ വിദ്യാഭ്യാസ സ്‌ഥാപനങ്ങളും ഫെസ്‌റ്റിവലിന്റെ ഭാഗമായി വിവിധ പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും സംഘാടകർ പത്രക്കുറിപ്പിൽ പറഞ്ഞു.
ആദ്യ അന്താരാഷ്‌ട്ര പ്രദർശനത്തിന് തുടക്കം
ഒക്‌ടോബർ 2-ന് വൈകിട്ട് 3 മണിക്ക് തൃശ്ശൂർ കൊടകരയിലെ ഫോട്ടോമ്യൂസിന്റെ ആസ്‌ഥാനമായ റൂറൽ ആർട്ട് ഗാലറിയിൽ നടന്ന ചടങ്ങിൽ നെതർലൻഡിയൻ ഫോട്ടോഗ്രാഫറും ചലച്ചിത്ര പ്രവർത്തകയുമായ കോറ ബെറൻഡ്‌സ് ഫെസ്‌റ്റിവലിന്റെ ഔദ്യോഗിക ഉൽഘാടനം നിർവഹിച്ചു. തുടർന്ന് ‘OPEN ORIGINS – OPEN ENDS’ എന്ന പ്രമേയത്തിൽ ഫെസ്‌റ്റിവലിലെ ആദ്യ അന്താരാഷ്‌ട്ര പ്രദർശനത്തിനും ഗാലറിയിൽ തുടക്കമായി.
നെതർലാൻഡിൽ നിന്നുള്ള പ്രമുഖ ഫോട്ടോഗ്രാഫറും ദൃശ്യകലാകാരനുമായിരുന്ന തിയോ ബെറൻഡ്‌സിന്റെ ‘അന്തർദൃശ്യങ്ങൾ’ എന്ന സമകാലിക ഫോട്ടോഗ്രഫി പ്രദർശനത്തിനാണ് തുടക്കമായത്. 2021ൽ അന്തരിച്ച തിയോ ബെറൻഡ്‌സിന്റെ സൃഷ്‌ടികൾ വികാരം, പ്രകൃതി, രഹസ്യാത്‌മകത, മനുഷ്യനും പരിസ്‌ഥിതിയും തമ്മിലുള്ള ബന്ധം എന്നിവയെ ആഴത്തിൽ അന്വേഷിക്കുന്നവയാണ്. പ്രകൃതിയെയും ചുറ്റുപാടുകളെയും ആദരവോടെയും ക്ഷമയോടെയും സമീപിക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങൾ ദൃശ്യസൗന്ദര്യത്തിനപ്പുറം ഓരോ വിഷയത്തിന്റെയും ആന്തരികമായ കഥയും അനുഭവവും കണ്ടെത്താൻ ശ്രമിക്കുന്ന 22 ഫോട്ടോകളാണ് പ്രദർശനത്തിൽ ഉള്ളത്.

പരമ്പരാഗത ഫോട്ടോഗ്രഫിയോടൊപ്പം ഡിജിറ്റൽ സാങ്കേതികവിദ്യകളും പരീക്ഷണാത്‌മക രീതികളും സമന്വയിപ്പിച്ചാണ് ബെറൻഡ്‌സിന്റെ നിരവധി സൃഷ്‌ടികൾ ഒരുക്കിയിട്ടുള്ളത്. വിവിധ രാജ്യങ്ങളിലെ പ്രദർശനങ്ങളിൽ അദ്ദേഹത്തിന്റെ സൃഷ്‌ടികൾ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഫോട്ടോമ്യൂസ് ഗാലറിയിൽ മാസം 15 വരെ പ്രദർശനം തുടരും. ഫെസ്‌റ്റിവലിന്റെ ഉൽഘാടനത്തിനെത്തിയ കോറ ബെറൻഡ്‌സ് തിയോ ബെറൻഡ്‌സിന്റെ പത്‌നിയുമാണ്.
ലക്ഷ്യം ഫോട്ടോഗ്രഫിയെ ജനകീയമാക്കുക
“ഫോട്ടോഗ്രഫി എന്നത് ആവിഷ്‌കാരത്തിന്റെ ഒരു കലാരൂപമാണ്. അതിന് വിവിധ തലങ്ങളും മാനങ്ങളും സാധ്യതകളുമുണ്ട്. കെജി ക്‌ളാസുകളിലെ കുട്ടികൾ മുതൽ അക്കാദമിക് രംഗത്തുള്ളവർ, പ്രൊഫഷണലുകൾ, കർഷകർ തുടങ്ങി സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളെയും ഒരുപോലെ ബന്ധിപ്പിക്കാൻ കഴിയുന്ന മാദ്ധ്യമമാണ് ഫോട്ടോഗ്രഫി.
ഇന്ന് ഫോട്ടോഗ്രഫിയില്ലാതെ നമ്മുടെ ദൈനംദിന ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത അവസ്‌ഥയിലേക്കാണ് നാം എത്തിയിരിക്കുന്നത്. കൈയിൽ പിടിക്കുന്ന മൊബൈൽ ഫോൺ മുതൽ നാം കാണുകയും ഉപയോഗിക്കുകയും ചെയ്യുന്ന അനവധി വസ്‌തുക്കളിലും ഫോട്ടോഗ്രഫിയുടെ സ്വാധീനം നിലനിൽക്കുന്നു. അതുകൊണ്ടുതന്നെ ഫോട്ടോഗ്രഫിയുടെ ഒരു ഫെസ്‌റ്റിവൽ എന്നത് ഒരു കലാരൂപത്തിന്റെ മാത്രം ആഘോഷമല്ല, ഒരു സമൂഹത്തിന്റെ സമഗ്രമായ അനുഭവത്തിന്റെ ഭാഗമായുള്ള ആഘോഷം കൂടിയാണ്” -പരിപാടിയുടെ മുഖ്യ ക്യൂറേറ്റർ കൂടിയായ ഡോ. ഉണ്ണിക്കൃഷ്‌ണൻ പുളിക്കൽ പറഞ്ഞു.
ഫോട്ടോഗ്രഫിയെ കൂടുതൽ ജനകീയമാക്കി സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും എത്തിക്കുക എന്നത് ഫോട്ടോമ്യൂസിന്റെ പ്രധാന ആശയങ്ങളിലൊന്നാണ്. അതുതന്നെയാണ് ഈ ഫെസ്‌റ്റിവലിലൂടെ ഞങ്ങളും ലക്ഷ്യമിടുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംസ്‌കാരങ്ങളും കാഴ്‌ചകളും ചിന്തകളും കേരളത്തിലേക്ക് എത്തിക്കുന്നതിനൊപ്പം, അവ സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ളവരിലേക്ക് ഉൾപ്പെടെ എത്തുന്ന തരത്തിലാണ് ഫെസ്‌റ്റിവലിന്റെ പരിപാടികൾ ആസൂത്രണം ചെയ്‌തിരിക്കുന്നത്.
മ്യൂസിയങ്ങളിലെ ചുമരുകൾക്കുള്ളിലെ ചിത്രപ്രദർശനങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല ഫെസ്‌റ്റിവൽ. തെരുവുകളിലെ പ്രദർശനങ്ങളും കലാപരിപാടികളും, സംഗീതം, ദൃശ്യാവിഷ്‌കാരം, ചിത്രകല, ഫോട്ടോഗ്രഫി ഡോക്യുമെന്ററികൾ, സിനിമകൾ, പുസ്‌തകങ്ങൾ, വായന, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രം തുടങ്ങി വിവിധ കലാ-സാംസ്‌കാരിക മേഖലകളെ ഫോട്ടോഗ്രഫിയുമായി ചേർത്തിണക്കിയാണ് ഈ പരിപാടി ആസൂത്രണം ചെയ്‌തിരിക്കുന്നത്,” ഡോ. ഉണ്ണിക്കൃഷ്‌ണൻ പുളിക്കൽ കൂട്ടിച്ചേർത്തു.
ഗാന്ധിയും ഇന്ത്യയുടെ ചരിത്രവും സമന്വയിക്കുന്ന വേദി
“ലോകഫോട്ടോഗ്രഫിയെയും ഗാന്ധിയൻ ആശയങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുകയും ഗാന്ധിയൻ ആദർശങ്ങളെ ആഗോള ശ്രദ്ധയിലേക്ക് ഉയർത്തിക്കൊണ്ടുവരികയും ചെയ്യുന്ന ഒരു പ്രദർശന മേളയായാണ് ഫോട്ടോമ്യൂസ് ഫെസ്‌റ്റിവൽ ഓഫ് ഫോട്ടോഗ്രഫി ഒരുക്കിയിരിക്കുന്നത്. ഒരു ആഗോള ഫോട്ടോഗ്രഫി ഫെസ്‌റ്റിവൽ ഇന്ത്യയിലേക്ക് എത്തുമ്പോൾ അത് കേവലം ഒരു സാങ്കേതികവിദ്യയുടെ ആഘോഷമോ ഫോട്ടോഗ്രഫിയുടെ ഇരുന്നൂറാം വാർഷികാഘോഷമോ മാത്രമല്ല. ഇന്ത്യയുടെ ദൃശ്യാവിഷ്‌കാരവും ചരിത്രവും സംസ്‌കാരവും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന ഒരു വലിയ വേദിയാക്കി അതിനെ മാറ്റുകയാണ് ലക്ഷ്യം,”- കേരള ഗാന്ധി കെ. കേളപ്പന്റെ ചെറുമകനും ഫോട്ടോമ്യൂസിന്റെ അക്കാദമിക് ഡയറക്‌ടറുമായ നന്ദകുമാർ മൂടാടി പറഞ്ഞു.

“ഇതിന്റെ ഭാഗമായി ഇന്ത്യയിലും കേരളത്തിലുമുള്ള ഫോട്ടോഗ്രാഫർമാരുടെ നൂറുകണക്കിന് ചിത്രങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മ്യൂസിയങ്ങളിലും പ്രദർശന വേദികളിലും എത്തിക്കുന്നതിനുള്ള സാംസ്‌കാരിക കൈമാറ്റങ്ങളും നടക്കുന്നുണ്ട്. ഇന്ത്യയുടെ കാഴ്‌ചകളും ദൃശ്യങ്ങളും ചരിത്രവും ലോകത്തോട് വിളിച്ചുപറയുന്നതിനുള്ള അപൂർവ അവസരമാണിത്. ഗാന്ധിയൻ ആശയങ്ങളെ മുൻനിർത്തിയുള്ള പരിപാടികൾക്കൊപ്പം ഇന്ത്യയുടെ ചരിത്രവും സംസ്‌കാരവും ഫോട്ടോഗ്രഫിയിലൂടെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള വലിയൊരു വേദിയായി ഈ ഫെസ്‌റ്റിവൽ മാറുകയാണ്.”- നന്ദകുമാർ മൂടാടി കൂട്ടിച്ചേർത്തു.
50ലേറെ രാജ്യങ്ങളും ആയിരത്തിലേറെ ഫോട്ടോഗ്രാഫർമാരും
“ഇപ്പോൾ ഫെസ്റ്റിവലിന്റെ തുടക്കം കുറിച്ചിട്ടേയുള്ളൂ. ജനുവരി വരെയുള്ള പരിപാടികളുടെ രജിസ്‌ട്രേഷൻ പുരോഗമിക്കുകയാണ്. വിവിധ വിദ്യാലയങ്ങളിൽ നിന്നും ഫോട്ടോഗ്രഫി, ജേർണലിസം, മീഡിയ തുടങ്ങിയ മേഖലകളിൽ നിന്നുമുള്ളവരും പ്രസ് ഫോട്ടോഗ്രാഫർമാരും പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാരും ഉൾപ്പെടെയുള്ള വിവിധ കൂട്ടായ്‌മകളും സംഘടനകളും പങ്കെടുക്കുന്ന പ്രദർശനങ്ങളും പരിപാടികളും വരും ദിവസങ്ങളിൽ നടക്കാനുണ്ട്. അതോടൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കൂടുതൽ മ്യൂസിയങ്ങളിൽ നിന്നുള്ള പ്രദർശനങ്ങളും ഫോട്ടോഗ്രാഫുകളും പങ്കാളിത്തവും ഫെസ്‌റ്റിവലിലേക്ക് ഇനിയും എത്താനുണ്ട്”- ഫെസ്‌റ്റിവലിന്റെ ഇവന്റ് കോഓർഡിനേറ്ററും മീഡിയ കോഓർഡിനേറ്ററുമായ ജമാൽ പനമ്പാട് പറഞ്ഞു.
“ഈ പരിപാടികൾ കൂടി പൂർത്തിയാകുമ്പോൾ ഏകദേശം ആയിരത്തിലധികം ഫോട്ടോഗ്രാഫർമാർ ഫെസ്‌റ്റിവലിന്റെ ഭാഗമായി അവരുടെ സൃഷ്‌ടികളും കഴിവുകളും അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫെസ്‌റ്റിവൽ മുന്നേറുമ്പോൾ അമ്പതിലേറെ രാജ്യങ്ങളുടെ പങ്കാളിത്തവും ഉണ്ടായേക്കാമെന്നും അങ്ങനെ വരുമ്പോൾ ലോകചരിത്രത്തിൽ നടന്നിട്ടുള്ള ഫോട്ടോഗ്രഫി ഫെസ്‌റ്റിവലുകളിൽ ഏറ്റവും വലിയ ഫെസ്‌റ്റിവലുകളിലൊന്നായി ഇത് മാറുമെന്നാണ് പ്രതീക്ഷ.
ലോകത്തിലെ ഏറ്റവും വലിയ ഫോട്ടോഗ്രഫി ഫെസ്‌റ്റിവലായി വളർത്തുക എന്നത് ഞങ്ങളുടെ പ്രാരംഭ ലക്ഷ്യമായിരുന്നില്ല. ഫെസ്‌റ്റിവൽ പ്രഖ്യാപിച്ച് കഴിഞ്ഞത് മുതൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലഭ്യമാകുന്ന പ്രതികരണങ്ങളും സഹകരണങ്ങളും രജിസ്‌ട്രേഷൻ കണക്കുകളും പരിഗണിക്കുമ്പോൾ, ഫെസ്‌റ്റിവൽ അവസാനിക്കുന്ന നാളിൽ ലോകത്തിലെ ഏറ്റവും വലിയ ഫോട്ടോ ഫെസ്‌റ്റ് ഇതായിരിക്കും എന്നാണ് തോന്നുന്നത്. ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും ലോകശ്രദ്ധ നേടുന്ന തരത്തിൽ ഇത്രയും വലിയൊരു ഫോട്ടോഗ്രഫി ഫെസ്‌റ്റിവൽ നടക്കുന്നത് നമുക്ക് അഭിമാനകരമായ നേട്ടമായി മാറും,” -ജമാൽ കൂട്ടിച്ചേർത്തു.
Most Read| അടിത്തട്ടിൽ നിന്ന് കെട്ടിപ്പടുത്ത കരിയർ’; ആൻ മേരി കാംബെൽ എന്ന ടെക് വനിത
































