കൊല്ലം: ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കൂടുതൽ പ്രതികളുടെ രേഖാചിത്രങ്ങൾ പുറത്തുവിട്ടു പോലീസ്. രണ്ടു സ്‌ത്രീകളുടേയും ഒരു പുരുഷന്റേയും രേഖാ ചിത്രങ്ങളാണ് പോലീസ് ഇന്ന് പുറത്തുവിട്ടത്. ആറുവയസുകാരിയുടെ നിർണായക മൊഴിയുടെ അടിസ്‌ഥാനത്തിലാണ് പോലീസ് രേഖാചിത്രങ്ങൾ തയ്യാറാക്കിയത്. സംഘത്തിൽ രണ്ടു സ്‌ത്രീകൾ ഉണ്ടെന്നാണ് പെൺകുട്ടി പോലീസിനോട് പറഞ്ഞത്.
കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറിലെ ഡ്രൈവർ, രാത്രിയിൽ കഴിഞ്ഞ വീട്ടിൽ കുട്ടിയെ പരിചരിച്ച യുവതി, ഓട്ടോയിൽ കുട്ടിയെ ആശ്രാമം മൈതാനത്ത് കൊണ്ടുവിട്ട സ്‌ത്രീ എന്നിവരുടെ രേഖാചിത്രങ്ങളാണ് പുറത്തുവിട്ടത്. ഇവരെക്കുറിച്ചു വിവരങ്ങൾ ലഭിക്കുന്നവർ കൊല്ലം റൂറൽ പോലീസിന്റെ 9497980211 എന്ന നമ്പറിൽ വിളിച്ചു വിവരങ്ങൾ അറിയിക്കണമെന്നും അന്വേഷണ സംഘം അറിയിച്ചു.
തട്ടിക്കൊണ്ടുപോയ ആറുവയസുകാരിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുന്ന കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അതേസമയം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഓരോ പ്രദേശത്തെയും സിസിടിവി ക്യാമറകൾ പരിശോധിച്ചും ദൃക്‌സാക്ഷികളുടെ മൊഴികൾ ശേഖരിച്ചുമാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. അതിനിടെ, പെൺകുട്ടി ഇന്ന് ആശുപത്രി വിട്ടു. തട്ടിക്കൊണ്ടുപോയി 20 മണിക്കൂറിന് ശേഷമാണ് കുട്ടിയെ പ്രതികൾ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചത്.
തുടർന്ന് കുട്ടിയെ ചൊവ്വാഴ്‌ച വൈകിട്ടാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യപ്രശ്‌നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും നിരീക്ഷണത്തിനായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിനിടെ, കുട്ടിയുടെ അച്ഛൻ താമസിച്ചിരുന്ന പത്തനംതിട്ട നഗരത്തിലെ ഫ്ളാറ്റിൽ പോലീസ് സംഘം പരിശോധന നടത്തി. ഇവിടെയുള്ള സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ് കുട്ടിയുടെ അച്ഛൻ. പിതാവ് റെജിയുടെ ഒരു ഫോൺ അന്വേഷണ സംഘം കസ്‌റ്റഡിയിൽ എടുത്തതായും വിവരമുണ്ട്.
സംശയങ്ങൾ തീർക്കാൻ എല്ലാ സാധ്യതയും പരിശോധിക്കണമെന്ന് പോലീസ് പറയുന്നു. പ്രതികളുടെ ഉദ്ദേശം മറ്റെന്തെങ്കിലും ആയിരുന്നോയെന്നാണ് പരിശോധിക്കുന്നത്. ഇതിന്റെ ഭാഗമായാണ് അച്ഛന്റെ പശ്‌ചാത്തലം കൂടി പരിശോധിക്കുന്നത്. റെജി പത്തനംതിട്ടയിലെ ഫ്ളാറ്റിൽ നിന്ന് വെള്ളിയാഴ്‌ച വൈകിട്ട് നാട്ടിലേക്ക് പോവുകയും തിങ്കളാഴ്‌ച രാവിലെ തിരികെ വരികയുമാണ് പതിവ്. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് കൂടിയാണ് റെജി. ഈ സ്‌ഥാനവുമായി തട്ടിക്കൊണ്ടു പോകലിന് ബന്ധമുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
Most Read| ‘ഒപ്പുവെച്ചത് നിയമവിരുദ്ധമെന്ന് അറിഞ്ഞുകൊണ്ട്, മുഖ്യമന്ത്രിയുടെ സമ്മർദ്ദമുണ്ടായി’; ഗവർണർ