തിരുവനന്തപുരം: രണ്ടു ദിവസത്തെ കേരളാ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിലെത്തും. വൈകിട്ട് അഞ്ചുമണിക്ക് കൊച്ചി നാവികസേനാ വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി, തേവര എസ്എച്ച് കോളേജിൽ നടക്കുന്ന റോഡ് ഷോയിലും ‘യുവം’ പരിപാടിയിലും പങ്കെടുക്കും. ക്രൈസ്‌തവ സഭാധ്യക്ഷൻമാരുമായുള്ള കൂടിക്കാഴ്‌ചയും ഉണ്ടാകും. കൊച്ചി നഗരത്തിൽ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.
കൊച്ചി നാവികസേനാ എയർപോർട്ടിൽ നിന്ന് സുരക്ഷാ അകമ്പടിയോടെ പ്രധാനമന്ത്രി വെണ്ടുരുത്തി പാലത്തിലെത്തിലെത്തും. അവിടെ നിന്നാണ് 1.8 കിലോമീറ്റർ ദൂരത്തിൽ റോഡ് ഷോ തുടങ്ങുക. റോഡിനിരുവശത്തും ബാരിക്കേഡ് കെട്ടി ആളുകളെ നിയന്ത്രിക്കും. പിന്നാലെ തേവര എസ്എച്ച് കോളേജിൽ എത്തുന്ന പ്രധാനമന്ത്രി യുവം പരിപാടി ഉൽഘാടനം ചെയ്യും. തുടർന്ന് വിവിധ തൊഴിൽ മേഖലയിലെ യുവാക്കളുമായി മുഖാമുഖ സംവാദം നടത്തും.
ശേഷം ഏഴ് മണിക്കാണ് കർദ്ദിനാൾമാരടക്കം ക്രൈസ്‌തവ മേലധ്യക്ഷൻമാരുമായുള്ള കൂടിക്കാഴ്‌ച. നാളെ രാവിലെ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന പ്രധാനമന്ത്രി, വന്ദേഭാരത് ട്രെയിനും കൊച്ചി വാട്ടർ മെട്രോയും അടക്കം വിവിധ പദ്ധതികളുടെ ഉൽഘാടനം നിർവഹിക്കും. പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് 2600 പോലീസുകാരെയാണ് സുരക്ഷയുടെ ഭാഗമായി കൊച്ചി നഗരത്തിൽ വിന്യസിച്ചിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു രണ്ടു ദിവസം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഉച്ചക്ക് രണ്ടു മുതൽ എട്ടു വരെ പശ്‌ചിമകൊച്ചി ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ തോപ്പുംപടി, തേവര ഫെറി, കുണ്ടന്നൂർ, വൈറ്റില വഴിയും ഇടക്കൊച്ചി, അരൂർ വഴിയും ഹൈവേയിൽ പ്രവേശിച്ചു എറണാകുളം ഭാഗത്തേക്ക് വരേണ്ടതാണ്. ഈ സമയത്ത് പശ്‌ചിമ ഭാഗത്ത് നിന്നും തേവര ഭാഗത്തേക്ക് വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. തിരിച്ചുമുണ്ടാവില്ല.
എറണാകുളത്ത് നിന്നും പശ്‌ചിമകൊച്ചിക്ക് പോകുന്ന വലിയ വാഹനങ്ങൾ കുണ്ടന്നൂർ, അരൂർ വഴി പോകേണ്ടതാണ്. പള്ളിമുക്ക് ഭാഗത്ത് നിന്ന് തേവര ഭാഗത്തേക്ക് ഉച്ചക്ക് രണ്ടു മുതൽ രാത്രി എട്ടു വരെ വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടാവില്ല. വാഹനങ്ങൾ പള്ളിമുക്കിൽ നിന്നും തിരിഞ്ഞു കടവന്ത്ര വഴി വൈറ്റിലയ്‌ക്ക് പോകേണ്ടതാണ്. തിരുവനന്തപുരം നഗരത്തിലും നാളെ ഗതാഗത ക്രമീകരങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നാളെ തമ്പാനൂർ കെഎസ്ആർടിസി ഡിപ്പോ അടച്ചിടും.
അതിനിടെ, കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ഉള്ളവരുടെ പട്ടികയിൽ നിന്ന് ഗവർണറെ ഒഴിവാക്കിയതായി ആരോപണം. സംസ്‌ഥാന സർക്കാർ കൊടുത്ത പട്ടികയിൽ ഗവർണറുടെ പേര് ഉണ്ടായിരുന്നു. എന്നാൽ പ്രധാനമന്ത്രിയുടെ ഓഫിസ് അംഗീകരിച്ച പട്ടികയിൽ ഗവർണറെ ഉൾപ്പെടുത്തിയില്ലെന്നാണ് ആരോപണം. ഇന്നലെ കൊച്ചിയിലെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് തിരുവനന്തപുരത്തേക്ക് മടങ്ങും. സംസ്‌ഥാന സർക്കാരിന് വേണ്ടി മന്ത്രി പി രാജീവ് പ്രധാനമന്ത്രിയെ സ്വീകരിക്കും.
Most Read: സുഡാൻ കലാപം; വ്യോമസേനയും നാവികസേനയും സജ്‌ജം