ചണ്ടീഗഢ്: പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പിന് രണ്ട് നാൾ മാത്രം ശേഷിക്കെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. മറ്റന്നാൾ രാവിലെ 8 മണി മുതൽ വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ്. കോൺഗ്രസിന് ഭരണം നിലനിർത്തുന്നതിൽ ഏറെ പ്രതിസന്ധിയാണ് ഇത്തവണ നേരിടുന്നത്. ആം ആദ്‌മി പാർട്ടി വലിയ വെല്ലുവിളിയാണ് കോൺഗ്രസിന് ഉയർത്തുന്നത്.
117 നിയമസഭാ സീറ്റുകളിലേക്കും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. പ്രചാരണം അവസാന ഘട്ടത്തിലെത്തിയപ്പോൾ കോൺഗ്രസും ആം ആദ്‌മി പാർട്ടിയും തമ്മിൽ നേർക്കു നേർ പോരാട്ടമാണ് പഞ്ചാബിൽ നടക്കുന്നത്. കാര്യമായ സ്വാധീനമില്ലെങ്കിലും ബിജെപിയും ശക്‌തമായി തന്നെ മൽസര രംഗത്തുണ്ട്. മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ പഞ്ചാബ് ലോക് കോൺഗ്രസുമായി ചേർന്നാണ് ബിജെപി മൽസരിക്കുന്നത്.
അതേസമയം കോൺഗ്രസിനെതിരെ ആഞ്ഞടിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രചാരണം. ടൗൺഹാൾ യോഗങ്ങളും കവലകൾ കേന്ദ്രീകരിച്ചുള്ള പരിപാടികൾക്കുമായിരുന്നു ആം ആദ്‌മി പാർട്ടി നേതൃത്വം നൽകിയത്. 1304 സ്‌ഥാനാർഥികളാണ് ഞായറാഴ്‌ച നടക്കുന്ന വോട്ടെടുപ്പിൽ ജനവിധി തേടുന്നത്. ഫെബ്രുവരി 14ന് നടക്കേണ്ടിയിരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഗുരു രവിദാസ് ജയന്തി പ്രമാണിച്ച് മാറ്റുകയായിരുന്നു.
Read Also: ഗവർണറെ നിലയ്‌ക്ക് നിർത്തണം; രൂക്ഷ വിമർശനവുമായി സിപിഐ മുഖപത്രം