രാഹുലിന്റെ അറസ്‌റ്റ്: പ്രതിഷേധം വ്യാപകം; കോഴിക്കോട് ബലപ്രയോഗം

പത്തനംതിട്ടയിലെ വീട്ടിൽനിന്ന് ഇന്നു പുലർച്ചെയാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ്, കേസിലെ നാലാം പ്രതിയായ രാഹുലിനെ അറസ്‌റ്റു ചെയ്‌തത്‌. വൈദ്യ പരിശോധനക്ക് ശേഷം വഞ്ചിയൂർ കോടതിയിൽ ഹാജരാക്കി.

By Desk Reporter, Malabar News
Rahul Mamkootathil Arrested
പ്രതീകാത്‌മക ചിത്രം
Ajwa Travels

കോഴിക്കോട്: യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് അറസ്‌റ്റ്‌ ചെയ്‌തതിനെതിരെ സംസ്‌ഥാന വ്യാപക പ്രതിഷേധം.

കോഴിക്കോട് കമ്മിഷണർ ഓഫിസിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ പ്രവർത്തകരുടെ പ്രതിഷേധം ഇരമ്പി. കമ്മിഷണർ ഓഫിസിനു സമീപം പൊലീസ് മാർച്ച് തടഞ്ഞതോടെ പ്രവർത്തകർ റോഡ് ഉപരോധിച്ചു. പ്രതിഷേധക്കാർക്കെതിരെ പൊലീസ് ബലപ്രയോഗത്തിനു ശ്രമിച്ചത് സംഘർഷാവസ്‌ഥ സൃഷിടിച്ചു. ഉപരോധസമരം നീണ്ടതോടെ നേതാക്കൾ ഉൾപ്പെടെ പൊലീസ് അറസ്‌റ്റു ചെയ്‌തു നീക്കി. അറസ്റ്റ് ചെയ്‌തവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.

തിരുവനന്തപുരത്തും പാലക്കാടും കൊല്ലത്തും പത്തനംതിട്ടയിലും കണ്ണൂരിലും മലപ്പുറത്തും ആലപ്പുഴയിലും ഉൾപ്പടെ മിക്ക ജില്ലകളിലും യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം ശക്‌തമാണ്‌. പാലക്കാട് ടൗൺ പൊലീസ് സ്‌റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. കൊല്ലം ചന്ദനത്തോപ്പിൽ പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. കൊല്ലം ചവറയിൽ പൊലീസ് സ്‌റ്റേഷൻ ഉപരോധിച്ചു. ആലപ്പുഴ കായംകുളത്ത് കെപി റോഡ് ഉപരോധിച്ച പ്രവർത്തകരെ അറസ്‌റ്റ്‌ ചെയ്‌തു നീക്കി. പത്തനംതിട്ട അടൂരിലും മലപ്പുറത്തും പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. മലപ്പുറത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു. കണ്ണൂരിൽ കാൽടെക്‌സ് ജംക്‌ഷനിൽ ദേശീയപാത ഉപരോധിച്ച പ്രവർത്തകരെ അറസ്‌റ്റ് ചെയ്‌തു നീക്കി.

ആലപ്പുഴ നഗരത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ കലക്‌ടറേറ്റ് മാർച്ച് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കലാശിച്ചു. ഡിസിസി ഓഫിസിൽ നിന്നും ഉച്ചയ്‌ക്ക് 12ന് തുടങ്ങിയ മാർച്ച് ജനറൽ ആശുപത്രി ജംക്‌ഷനിൽ പൊലീസ് തടഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രത്തോടൊപ്പം ഹിറ്റ്ലറുടെ ചിത്രവും ചേർത്തുള്ള കോലം പൊലീസ് ജീപ്പിനു മുകളിലിട്ട് കത്തിക്കാൻ ശ്രമിച്ചത് പൊലീസ് അടഞ്ഞതാണ് സംഘർഷത്തിന് കാരണമായത്.

ആലപ്പുഴയിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചുള്ള മുദ്രാവാക്യങ്ങളും മുഴക്കി. റോഡിൽ 25ഓളം യൂത്ത് കോൺഗ്രസ് പ്രവർത്തകരും അതിലേറെ പൊലീസും അരമണിക്കൂർ നേരം തെരുവ് യുദ്ധം നടത്തി. ഒരു മണി മുതൽ ജനറൽ ആശുപത്രി ജംക്‌ഷനിൽ റോഡിൽ കുത്തിയിരുന്ന് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. 1.45ഓടെ റോഡ് ഉപരോധിച്ച പ്രവർത്തകരിൽ 20 പേരെ പോലീസ് അറസ്‌റ്റ് ചെയ്‌ത്‌ സമരം അവസാനിപ്പിച്ചു.

തിരുവനന്തപുരത്ത് ഫോർട്ട് ആശുപത്രിക്കു മുന്നിൽ പ്രവർത്തകർ പൊലീസ് വാഹനം തടഞ്ഞു. രാഹുലിനെ വൈദ്യപരിശോധനക്ക് എത്തിച്ചപ്പോഴായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. കോട്ടയത്ത് സംഘടിപ്പിച്ച മാർച്ചിലും സംഘർഷമുണ്ടായി. ടൗൺ ചുറ്റി നടന്ന പ്രകടനത്തിനിടെ പ്രവർത്തകർ നവകേരള സദസുമായി ബന്ധപ്പെട്ടുള്ള സംസ്‌ഥാന സർക്കാരിന്റെ ഫ്‌ളക്‌സുകൾ വലിച്ചുകീറി. തുടർന്ന് ഗാന്ധി സ്ക്വയറിൽ നിലത്തു കിടന്ന് പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. പിന്നാലെ, പ്രവർത്തകരെ പൊലീസ് അറസ്‌റ്റു ചെയ്‌തു നീക്കി. അറസ്‌റ്റിനിടെ പൊലീസ് മർദ്ദിച്ചുവെന്ന് ആരോപിച്ച് പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

WORLD NEWS | ഇസ്രയേൽ; രണ്ട് മാദ്ധ്യമപ്രവര്‍ത്തകര്‍ കൂടി കൊല്ലപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE