കോഴിക്കോട്: അറ്റകുറ്റ പണികൾക്കായി കോഴിക്കോട് സിഎച്ച് മേൽപ്പാലം ചൊവ്വാഴ്‌ച മുതൽ അടച്ചിടും. ഇതിന്റെ ഭാഗമായി നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം ഗതാഗത ക്രമീകരണം ഏർപ്പെടുത്തും. കച്ചവട കേന്ദ്രങ്ങളോട് ചേർന്നുള്ള റോഡുകൾ വൺവേ ആക്കുന്നതടക്കമുള്ള പരിഷ്‌ക്കാരങ്ങൾക്ക് എതിരെ വ്യാപാരികൾ തിങ്കളാഴ്‌ച കടകൾ അടച്ചു പ്രതിഷേധിക്കും. രണ്ടു മാസത്തെ ക്രമീകരണ കാലത്തിനുള്ളിൽ കച്ചവടങ്ങൾ പൂർണമായും പൂട്ടിപ്പോകുമെന്നാണിവരുടെ ആശങ്ക.
നഗരത്തിലെ ഏറ്റവും പഴക്കമുള്ള മേൽപ്പാലമാണിത്. 40 കൊല്ലത്തെ ചരിത്രമാണ് പാലത്തിനുള്ളത്. ബീച്ച് ആശുപത്രിയിലേക്കും, കോടതി, കോർപറേഷൻ ഓഫീസ്, ബീച്ച് എന്നിവിടങ്ങളിലേക്ക് പോകുന്നത് ഈ പാലം വഴിയാണ്. ആദ്യ ദിവസങ്ങളിൽ ഗതാഗത നിയന്ത്രണത്തിനായി കൂടുതൽ പോലീസുകാരെ നിയോഗിക്കും. മാറി പോകേണ്ട വഴി വ്യക്‌തമാക്കുന്ന തരത്തിലുള്ള ബോർഡുകളും വെക്കും.
ഗതാഗത ക്രമീകരണം ഇങ്ങനെ
1. കല്ലായ് ഭാഗത്ത് നിന്നുള്ള സിറ്റി ബസുകൾ ക്രിസ്‌ത്യൻ കോളേജ് ജങ്ഷൻ വഴി ഗാന്ധി റോഡ് മേൽപ്പാലം വഴി പോകണം
2. ഗാന്ധി റോഡ് വഴിയുള്ള സിറ്റി ബസുകൾ ക്രിസ്‌ത്യൻ കോളേജ്-വയനാട് റോഡ്-ബിഇഎം സ്‌കൂൾ വഴി പോകണം.
3. കോടതി ഭാഗത്തേക്കുള്ള വാഹനങ്ങൾ റെയിൽവേ ലിങ്ക് റോഡ്- റെയിൽവേ മേൽപ്പാലം വഴി പോകണം.
4. പന്നിയങ്കര, മാങ്കാവ് ഭാഗത്തിനിന്നുള്ള വാഹനങ്ങൾ ഫ്രാൻസിസ് റോഡ് വഴി ബീച്ചിലേക്ക് പോകണം
5. പാലക്കാട്, മലപ്പുറം, വയനാട് എന്നിവിടങ്ങളിൽ നിന്ന് ബീച്ചിലേക്ക് ഉള്ളവർ അരയിടത്തുപാലം-സരോവരം മിനി ബൈപ്പാസ്-ക്രിസ്‌ത്യൻ കോളേജ്- ഗാന്ധി റോഡ് മേൽപ്പാലം വഴി പോകണം.
Most Read: ‘എംഫില്ലിലും തട്ടിപ്പ് നടത്തി’; ആരോപണവുമായി കെഎസ്‌യു- വിദ്യ ഒളിവിൽ തന്നെ