കൊച്ചി: വ്യജരേഖ ചമയ്‌ക്കൽ കേസിലെ ആരോപണവിധേയയായ കെ വിദ്യ എംഫില്ലിലും തട്ടിപ്പ് നടത്തിയെന്ന് കെഎസ്‌യു. എസ്എഫ്ഐയിൽ പ്രവർത്തിക്കുമ്പോഴാണ് വിദ്യ തട്ടിപ്പ് നടത്തിയത്. വിദ്യ പഠിച്ച കള്ളിയാണെന്നും കെഎസ്‌യു സംസ്‌ഥാന വൈസ് പ്രസിഡണ്ട് മുഹമ്മദ് ഷമ്മാസ് ആരോപിച്ചു.
ചെപ്പടി വിദ്യകൾ കാണിച്ചാണ് തട്ടിപ്പ് നടത്തിയത്. ഒരിടത്ത് വിദ്യാർഥിയായും മറ്റൊരിടത്ത് അധ്യാപികയായുമായിരുന്നു തട്ടിപ്പ്. സംവരണ തത്വങ്ങളും മാനദണ്ഡങ്ങളും അട്ടിമറിച്ചാണ് കാലടി സർവകലാശാലയിൽ വിദ്യ എംഫിൽ ചെയ്‌തത്. സർവകലാശാല മുൻ വിസി ധർമ്മരാജ് അടാട്ടാണ് വഴിവിട്ട നീക്കങ്ങൾക്ക് പിന്നിലെന്നും കെഎസ്‌യു ആരോപിച്ചു. പിഎച്ച്ഡി പ്രവേശനങ്ങളിൽ അഴിമതിയും സ്വജനപക്ഷപാതവും നടന്നിട്ടുണ്ടെന്ന് തെളിഞ്ഞു കഴിഞ്ഞുവെന്നും, മന്ത്രി പി രാജീവ് പിഎച്ച്ഡി പ്രവേശനത്തിന് സൗകര്യമൊരുക്കിയെന്നും കെഎസ്‌യു ആരോപിച്ചു.
സംഭവത്തിന് പിന്നിലെ ഉന്നതനേതാക്കളുടെ പങ്ക് കണ്ടെത്തണം. ഇക്കാര്യത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം. എസ്എഫ്ഐ, സിപിഐഎം നേതാക്കളുമായി വിദ്യക്ക് അടുത്ത ബന്ധമുണ്ട്. ഇവരുടെ സംരക്ഷണയിലാണ് വിദ്യ ഇപ്പോൾ ഉള്ളതെന്നും മുഹമ്മദ് ഷമ്മാസ് ആരോപിച്ചു. എസ്എഫ്ഐ നേതാക്കളുടെ ഫോൺ രേഖകൾ പരിശോധിച്ചാൽ വിദ്യയെ കണ്ടുപിടിക്കാനാകും. തെളിവ് നശിപ്പിച്ചു വിദ്യക്ക് രക്ഷപ്പെടാനുള്ള അവസരം ഒരുക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും മുഹമ്മദ് ഷമ്മാസ് കൂട്ടിച്ചേർത്തു.
അതേസമയം, മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ സമർപ്പിച്ച കേസിൽ ആരോപണ വിധേയയായ എസ്എഫ്ഐ നേതാവ് കെ വിദ്യയെ പോലീസിന് ഇനിയും പിടികൂടാൻ കഴിഞ്ഞിട്ടില്ല. വിദ്യയുടെ തൃക്കരിപ്പൂർ മണിയനോടിയിലെ വീട്ടിൽ പോലീസ് പരിശോധനക്ക് എത്തിയെങ്കിലും വീട് പൂട്ടിയിട്ട നിലയിലാണ്. ഇന്ന് രാവിലെ 11.45ഓടെയാണ് പോലീസ് സംഘം ഇവിടെയെത്തിയത്. തുടർന്ന് പോലീസ് സമീപത്തെ വീട്ടിൽ നിന്ന് വിവരങ്ങൾ തിരക്കി.
കേസെടുത്തതിന് പിന്നാലെ വിദ്യ വീട്ടിൽ നിന്ന് മാറിയിരുന്നു. ബാക്കിയുള്ളവർ ഇന്നലെയാണ് വീട്ടിൽ നിന്ന് അയൽക്കാർ പറയുന്നത്. വിദ്യയെ അറസ്‌റ്റ് ചെയ്‌ത് ചോദ്യം ചെയ്‌താൽ മാത്രമേ വ്യാജരേഖ സംബന്ധിച്ച വിവരങ്ങൾ അറിയാനാകൂ. അഗളി പോലീസ് ഇൻസ്‌പെക്‌ടർ കെ സലീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Most Read: ഫൈസർ മേധാവികളുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി; കേരളത്തിൽ ശാഖ തുടങ്ങാൻ പ്രാരംഭ ചർച്ച