മുംബൈ: അനിൽ അംബാനി പ്രമോട്ടറായുള്ള ബാങ്ക് ഇതര ധനകാര്യ സ്‌ഥാപനമായ (എൻബിഎഫ്‌സി) റിലയൻസ് ക്യാപിറ്റൽ ലിമിറ്റഡിന്റെ ഭരണം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഏറ്റെടുത്തു. ബാങ്ക് ഓഫ് മഹാരാഷ്‌ട്രയുടെ മുൻ എക്‌സിക്യൂട്ടിവ് ഡയറക്‌ടർ നാഗേശ്വർ റാവുവിനെ അഡ്‌മിനിസ്ട്രേറ്ററായി നിയമിച്ചു.
ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റ്സി കോഡ് (ഐബിസി) പ്രകാരമുള്ള കടബാധ്യത നിവാരണ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് റിസർവ് ബാങ്ക് അറിയിച്ചിട്ടുണ്ട്. അതിന് മുന്നോടിയായാണ് പുതിയ നടപടി.
40,000 കോടിയിലേറെ രൂപ കടബാധ്യതയുള്ള കമ്പനിയുടെ തിരിച്ചടവുകൾ നേരത്തെ മുടങ്ങിയിരുന്നു. ഇതിന് പിന്നാലെ പ്രതിസന്ധിയിലായിരുന്ന കമ്പനിയുടെ ഭാവിയെ ചൊല്ലിയുള്ള ആശങ്കകൾ ഉടലെടുക്കുകയും ചെയ്‌തിരുന്നു.
ഇതിന് പിന്നാലെയാണ് ഭരണ നേതൃത്വം ഏറ്റെടുക്കാനുള്ള തീരുമാനം റിസർവ് ബാങ്ക് എടുത്തത്. ആർബിഐ ഭരണം ഏറ്റെടുക്കുന്ന രാജ്യത്തെ മൂന്നാമത്തെ ധനകാര്യ സ്‌ഥാപനമാണ് റിലയൻസ് ക്യാപിറ്റൽസ്.
Read Also: അതിശയിപ്പിക്കുന്ന കാഴ്‌ചകളൊരുക്കി ‘മരക്കാർ’; വിസ്‌മയമായി ട്രെയ്‌ലറും