ഓണാഘോഷങ്ങൾക്ക് കടിഞ്ഞാൺ; മുൻകരുതൽ നടപടികൾ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

By Desk Reporter, Malabar News
Pinaray vijayan_2020 Aug 18
Ajwa Travels

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ ഓണാഘോഷങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേരളസർക്കാർ. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച്  ഓണം ആഘോഷിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. ഇതിനായി  ഓണത്തിനു മുന്‍പു തന്നെ  വ്യാപാരി വ്യവസായികളുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

കോവിഡ് രോഗബാധിതരുടെ വർദ്ധനവും ഓണത്തിരക്കും സമൂഹവ്യാപനവും കണക്കിലെടുത്താണ് മുൻകരുതൽ നടപടികൾ ശക്തമാക്കുന്നത്. പൊതുസ്ഥലങ്ങളിൽ ഓണസദ്യയും ആഘോഷപരിപാടികളും പാടില്ല. കടകൾ രാവിലെ ഏഴുമുതൽ വൈകിട്ട് ഏഴുവരെ തുറക്കാം. സാമൂഹിക അകലം പാലിച്ച് ഹോട്ടലുകളിലും റെസ്റ്റോറൻറുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാം. ഹോട്ടലുകൾക്ക് രാത്രി ഒമ്പത് മണി വരെ തുറന്ന് പ്രവർത്തിക്കാനാണ് അനുമതി. കൂടാതെ അടഞ്ഞുകിടക്കുന്ന ഹോട്ടലുകളും റിസോർട്ടുകളും അണുവിമുക്തമാക്കി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുറക്കാനുള്ള അനുമതിയും നൽകും.

ഓണക്കാലത്ത് ഇതരസംസ്ഥാനങ്ങളിൽ നിന്ന് പൂക്കൾ കൊണ്ടുവരുന്ന സാഹചര്യമുള്ളതിനാൽ മുൻകരുതൽ എടുക്കാൻ ആരോഗ്യവകുപ്പ് മാർഗനിർദേശങ്ങൾ തയ്യാറാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ ഓണമായതിനാൽ ധാരാളം പേർ പുറത്തുനിന്ന് സംസ്ഥാനത്തേക്ക് വരാൻ സാധ്യതയുണ്ടെന്നും അവർക്ക് ആവശ്യമായ സംരക്ഷണം ഒരുക്കാനും ടെസ്റ്റ് നടത്താനും ആരോഗ്യവകുപ്പ് തയാറാകണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. പൊതുയിടങ്ങളിൽ ജനങ്ങൾ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് പൊലീസ് ഉറപ്പ് വരുത്തണം.

ജയിലുകളിൽ കോവിഡ് പടരുന്ന സാഹചര്യത്തിൽ 65 വയസ് കഴിഞ്ഞ തടവുകാർക്ക് പരോൾ അനുവദിക്കും. ഇതിനായി പരോളിന്റെ സാധ്യത പരിശോധിക്കാൻ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയെയും ജയിൽ ഡിജിപിയെയും ചുമതലപ്പെടുത്തി. ടാഡ, കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം, മനുഷ്യക്കടത്ത് കേസുകളിൽ ശിക്ഷ അനുഭവിക്കുന്നവർ ഒഴികെയുള്ളവർക്കാണ് പരോൾ നൽകുക. പൂജപ്പുര സെൻട്രൽ ജയിലിൽ കോവിഡ് വർദ്ധിക്കുന്ന സാഹചര്യത്തിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ ആരംഭിക്കുന്നതിനും തീരുമാനമായി. കോവിഡ് ബ്രിഗേഡ് സ്പെഷ്യൽ ടീമിനെ ജയിലിൽ നിയോഗിക്കും. മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് മുമ്പ് കോവിഡ് പരിശോധന നടത്തണമെന്ന ചില ജില്ലകളിലെ നിബന്ധന ഒഴിവാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് വർദ്ധിക്കുന്ന സാഹചര്യത്തിൽ ഓണത്തിരക്കും സമൂഹവ്യാപന സാധ്യതയും മുൻ നിർത്തിയാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ജനങ്ങൾക്ക് സൗകര്യപ്രദമായ രീതിയിൽ ഓണം ആഘോഷിക്കാനുള്ള ക്രമീകരണങ്ങൾക്കാണ് സർക്കാർ രൂപം നൽകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE