പത്തനംതിട്ട: മകരവിളക്ക് മഹോൽസവത്തിനായി ഒരുങ്ങി ശബരിമല. മകരവിളക്കിനായുള്ള മുഴുവൻ സുരക്ഷാ ക്രമീകരണങ്ങളും പൂർത്തിയായതായി സംസ്‌ഥാന പോലീസ് മേധാവി എസ് ദർവേഷ് സാഹിബ് അറിയിച്ചു. മകരജ്യോതി കാണാൻ ഭക്‌തർ കയറുന്ന സ്‌ഥലങ്ങളിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കും. അനധികൃത വ്യൂ പോയിന്റുകൾ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സന്നിധാനത്തും പമ്പയിലും ഏർപ്പെടുത്തിയ മകരവിളക്ക് ക്രമീകരണം പരിശോധിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. പഴുതടച്ച സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. മകരവിളക്ക് ദിവസം സന്നിധാനത്ത് 1800, പമ്പയിൽ 800, നിലയ്‌ക്കലിൽ 700 എന്നിങ്ങനെ പോലീസ് ഉദ്യോഗസ്‌ഥർ ഡ്യൂട്ടിയിൽ ഉണ്ടാവും. മറ്റ് വ്യൂ പോയിന്റുകളുള്ള ജില്ലകളിലും ക്രമീകരണമായി.
കോട്ടയം ജില്ലയിൽ 650, ഇടുക്കി 1050 പോലീസ് ഉദ്യോഗസ്‌ഥരെയും സുരക്ഷാ ജോലികൾക്ക് നിയോഗിക്കും. സന്നിധാനത്ത് എഡിജിപി എസ് ശ്രീജിത്ത്, പമ്പയിൽ റേഞ്ച് ഐജി ശ്യാം സുന്ദർ, നിലയ്‌ക്കലിൽ ഐജി അജിതാ ബീഗം എന്നിവർ സുരക്ഷാ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.
ഭക്‌തർക്ക് സന്തോഷപൂർവമായ ദർശനമാണ് പോലീസ് ആഗ്രഹിക്കുന്നത്. ഹൈക്കോടതി ഇക്കാര്യത്തിൽ സമയോചിതമായ ഇടപെടലുകൾ നടത്തി. മകരജ്യോതി ദർശനത്തിന് എത്രപേർ വന്നാലും സുരക്ഷ ഒരുക്കാൻ പോലീസ് തയ്യാറാണെന്നും എരുമേലി പാത വഴി പ്രത്യേക പാസ് ഇനി ഉണ്ടാകില്ലെന്നും ഡിജിപി പറഞ്ഞു. ചൊവ്വാഴ്‌ചയാണ് മകരവിളക്ക്.
മകരവിളക്ക് ദർശനത്തിന് ശേഷം പമ്പയിൽ നിന്ന് തീർഥാടകർക്ക് മടങ്ങാൻ കെഎസ്ആർടിസി 800 ബസുകൾ ക്രമീകരിച്ചു. ഇവയിൽ 450 ബസ് പമ്പ- നിലയ്‌ക്കൽ ചെയിൻ സർവീസിനും 350 ബസ് ദീർഘദൂര സർവീസിനുമാണ് ഉപയോഗിക്കുക. പത്തനംതിട്ട, എരുമേലി സ്‌റ്റേഷനുകളിൽ ഞായറാഴ്‌ച രാത്രി എത്തുന്ന ബസ് പിന്നീട് പമ്പയിലേക്ക് തിരിക്കും.
12ആം തീയതി ഉച്ചയ്‌ക്കാണ് പന്തളത്ത് നിന്ന് തിരുവാഭരണ ഘോഷയാത്ര തുടങ്ങുക. 14ന് വൈകിട്ട് ഘോഷയാത്ര സന്നിധാനത്തെത്തും. തുടർന്ന് അയ്യപ്പന് തിരുവാഭരണം ചാർത്തി ദീപാരാധന നടക്കും. പിന്നാലെ പൊന്നമ്പല മേട്ടിൽ മകരജ്യോതി തെളിയും. ഇതേസമയം, ആകാശത്ത് മകര നക്ഷത്രവും ദൃശ്യമാകും.
തിരക്ക് നിയന്ത്രിക്കാൻ ക്രമീകരണങ്ങൾ ഇതിനോടകം ഏർപ്പെടുത്തിക്കഴിഞ്ഞു. വെർച്വൽ ക്യൂ, സ്‌പോട്ട് ബുക്കിങ് എന്നിവ നിജപ്പെടുത്തി. സ്‌പോട്ട് ബുക്കിങ് കേന്ദ്രങ്ങൾ നിലയ്‌ക്കലിലേക്ക് മാറ്റി. ഇന്ന് മുതൽ 14 വരെ മുക്കുഴി കാനനപാത വഴി ഭക്‌തർക്ക് പ്രവേശനമുണ്ടാകില്ല. തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ 14ന് പ്രായമായവരും കുട്ടികളും സന്നിധാനത്തേക്ക് എത്തുന്നത് ഒഴിവാക്കണമെന്ന് ദേവസ്വം ബോർഡ് അഭ്യർഥിച്ചു.
Most Read| ഓരോ ആറുമണിക്കൂറിലും ഒരു ഇന്ത്യക്കാരനെ വീതം നാടുകടത്തി യുഎസ്; ആശങ്ക