സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയുടെ ഔദ്യോഗിക ഉൽഘാടനം ആരോഗ്യമന്ത്രി നിര്‍വഹിച്ചു

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാന ആരോഗ്യ ചരിത്രത്തിലെ നാഴികകല്ലാണ് സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ നടത്തിപ്പിനായി സംസ്‌ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴില്‍ ആരംഭിച്ച സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയുടെ ഔദ്യോഗിക ഉൽഘാടനം നിര്‍വഹിച്ച് സംസാരിക്കുക ആയിരുന്നു മന്ത്രി.

കേരളത്തിലെ സാധാരണ ജനങ്ങള്‍ ഇന്ന് അഭിമുഖീകരിക്കുന്ന മുഖ്യ പ്രശ്‌നങ്ങളിലൊന്നാണ് അനുദിനം വര്‍ധിച്ചുവരുന്ന ചികിൽസാ ചിലവ്. സാധാരണ ജനങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിനായി വ്യത്യസ്‌ത വകുപ്പുകള്‍ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികള്‍ ഒരു കുടക്കീഴില്‍ ഏകോപിപ്പിച്ച് കാര്യക്ഷമമായി നടപ്പിലാക്കുകയാണ് സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി, കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതി എന്നിവയുടെ നടത്തിപ്പ് ചുമതല ഹെല്‍ത്ത് ഏജന്‍സിക്കാണ്. കോവിഡ് മഹാമാരി ചെറുത്തു നില്‍ക്കുന്നതിനായി ഏജന്‍സി കൈക്കൊണ്ട നടപടികള്‍ സംസ്‌ഥാന ആരോഗ്യ വകുപ്പിന് തന്നെ വലിയ ആശ്വാസമാണ് നല്‍കിയത്.

സ്വകര്യ ആശുപത്രികളെ കോവിഡ് ചികിൽസക്കായി മുന്നോട്ട് കൊണ്ടുവരുന്നതിനായി സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയുടെ നേതൃത്വത്തില്‍ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുമായി വിവിധ ചര്‍ച്ചകള്‍ നടത്തുകയും കോവിഡ് ചികിൽസക്കായി ഏകീകൃത കോവിഡ് നിരക്ക് നിജപ്പെടുത്തുകയും ചെയ്‌തു.

കൂടുതല്‍ ആശുപത്രികളെ പദ്ധതിയില്‍ പങ്കാളികളാക്കാനുള്ള എംപാനല്‍മെന്റ് പ്രക്രിയ തുടര്‍ന്ന് വരികയാണ്. വൃക്ക മാറ്റിവെക്കല്‍ ശസ്‌ത്രക്രിയക്ക് 1.5 ലക്ഷം രൂപയാണ് നാഷണല്‍ ഹെല്‍ത്ത് അതോറിറ്റിയുടെ പാക്കേജ് പ്രകാരം നിജപ്പെടുത്തിയിരുന്നത്. എന്നാല്‍ കേരളത്തിലെ പ്രത്യേക സാഹചര്യം മനസിലാക്കി വൃക്ക മാറ്റിവെക്കല്‍ ശസ്‌ത്രക്രിയക്ക് 4 ലക്ഷം രൂപയോളം ചികിൽസ ഇനത്തില്‍ ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ പൂര്‍ത്തികരിച്ചു വരികയാണെന്നും മന്ത്രി വ്യക്‌തമാക്കി.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ പരിധിയില്‍ വരുന്ന 19,51,453 കുടുംബങ്ങളുടെ 100 ശതമാനം ചികിൽസാ ചെലവും സംസ്‌ഥാന സര്‍ക്കാരാണ് വഹിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ പങ്കാളിത്തമുള്ള ആയുഷ്‌മാൻ പദ്ധതിയില്‍ അംഗങ്ങളായ 22,01,131 കുടുംബങ്ങളുടെ ചികിൽസ ചിലവിന്റെ 40 ശതമാനവും സംസ്‌ഥാന സര്‍ക്കാരാണ് വഹിക്കുന്നത്.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 33 ശതമാനം ആള്‍ക്കാരാണ് സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിച്ചിരുന്നത്. എന്നാല്‍ ഈ സര്‍ക്കാര്‍ നിരന്തരം ഇടപെട്ട് ആശുപത്രികള്‍ ശാക്‌തീകരിച്ചതോടെ സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണം 50 ശതമാനമായി.

375 സ്വകാര്യ ആശുപത്രികള്‍ അടക്കം കേരളത്തിലുടനീളം 566 ആശുപത്രികളില്‍ നിന്നും കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ സൗജന്യ ചികിൽസ ലഭ്യമാണ്. ഉൽഘാടന യോഗത്തിൽ സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി എക്‌സിക്യുട്ടീവ് ഡയറക്‌ടർ ഡോ. രത്തന്‍ ഖേല്‍ക്കര്‍, സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി ജോ. ഡയറക്‌ടർ ഡോ. ഇ. ബിജോയ് എന്നിവരും സംസാരിച്ചു.

Read Also: രോഗ മുക്‌തരേക്കാൾ രോഗികൾ കൂടുന്നു, അതിതീവ്ര ജാഗ്രത വേണം; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE