തിരുവനന്തപുരം: തൃപ്പുണിത്തുറ ഹിൽ പാലസ് പോലീസ് കസ്‌റ്റഡിയിൽ എടുത്ത പ്രതി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ചു ബന്ധുക്കളും നാട്ടുകാരും രംഗത്ത്. ഇരുമ്പനം കർഷക കോളനി വാസിയായ മനോഹരനാണ് (53) പോലീസ് കസ്‌റ്റഡിയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. അലക്ഷ്യമായി വാഹനം ഓടിച്ചതിനെ തുടർന്നാണ് മനോഹരനെ തൃപ്പുണിത്തുറ ഹിൽ പാലസ് പോലീസ് കസ്‌റ്റഡിയിൽ എടുക്കുന്നത്.
രാത്രി ഒമ്പത് മണിയോടെ പോലീസ് സ്‌റ്റേഷനിൽ എത്തിച്ച മനോഹരൻ കുഴഞ്ഞുവീഴുകയായിരുന്നു. മനോഹരനെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുചക്ര വാഹനം ഓടിച്ചുവന്ന മനോഹരൻ കൈ കാണിച്ചിട്ടും നിർത്താത്തതിനാണ് പിടികൂടിയതെന്നാണ് പോലീസ് പറയുന്നത്. സ്‌റ്റേഷനിൽ എത്തിച്ച ഉടൻ തന്നെ മനോഹരൻ കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് പോലീസ് വിശദീകരിക്കുന്നു.
ഉടൻ തന്നെ തൃപ്പുണിത്തുറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരാവസ്‌ഥയിൽ ആയതോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ വെച്ചാണ് മരണം സ്‌ഥിരീകരിച്ചത് എന്നാണ് പോലീസിന്റെ വിശദീകരണം. എന്നാൽ, പോലീസ് കൈകാണിച്ചെങ്കിലും അൽപ്പം മുന്നോട്ട് നീങ്ങിയാണ് മനോഹരൻ വാഹനം നിർത്തിയത്. ഒരു പോലീസുകാരൻ ഓടിയെത്തി ഹെൽമെറ്റ് മാറ്റിയ ശേഷം മനോഹരന്റെ മുഖത്തടിച്ചു എന്നാണ് സ്‌ഥലത്ത് ഉണ്ടായിരുന്ന നാട്ടുകാർ പറയുന്നത്.
‘കൈകാണിച്ചാൽ നിനക്കെന്താടാ വണ്ടി നിർത്തിക്കൂടെ’ എന്ന് ചോദിച്ചായിരുന്നു മർദ്ദനമെന്നും നാട്ടുകാർ പറയുന്നു. തുടർന്ന് ജീപ്പിൽ കയറ്റിയും മനോഹരനെ മർദ്ദിച്ചതായാണ് ആരോപണം. അതേസമയം, മനോഹരനെ മർദ്ദിച്ചിട്ടില്ലെന്നും കസ്‌റ്റഡിയിലെടുത്ത വിവരമറിഞ്ഞ് സ്‌റ്റേഷനിൽ എത്തിയ സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും മുമ്പിലാണ് മനോഹരൻ കുഴഞ്ഞുവീണതെന്നും ഹിൽ പാലസ് പോലീസ് പറയുന്നു. സിസിടിവി ദൃശ്യങ്ങളിൽ ഇതെല്ലാം വ്യക്‌തമാണെന്നും പോലീസ് വാദിക്കുന്നു.
Most Read: രാഹുൽ ഗാന്ധിയുടെ അയോഗ്യത; ഇന്ന് കോൺഗ്രസിന്റെ രാജ്യവ്യാപക സത്യഗ്രഹം