ന്യൂഡെൽഹി: രാഹുൽ ഗാന്ധിയുടെ അയോഗ്യതാ നടപടിക്കെതിരെ കോൺഗ്രസ് ഇന്ന് രാജ്യവ്യാപകമായി സത്യഗ്രഹം നടത്തും. ഡെൽഹിയിലെ രാജ്‌ഘട്ടിലാണ് സത്യഗ്രഹം ഇരിക്കുക. രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ചുവരെയാണ് സത്യഗ്രഹം സംഘടിപ്പിക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എന്നിവർ സത്യഗ്രഹത്തിൽ പങ്കെടുക്കും.
കൂടാതെ, ഇന്ന് എല്ലാ സംസ്‌ഥാന തലസ്‌ഥാനങ്ങളിലും ജില്ലാ കേന്ദ്രങ്ങളിലും സത്യഗ്രഹ സമരം നടക്കും. കേരളത്തിൽ തിരുവനന്തപുരത്തെ ഗാന്ധി പാർക്കിലാണ് സത്യഗ്രഹം നടത്തുക. ഡിസിസികളുടെ നേതൃത്വത്തിൽ ജില്ലാ കേന്ദ്രങ്ങളിലും കോൺഗ്രസ് സത്യഗ്രഹം സംഘടിപ്പിക്കുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ടിയു രാധാകൃഷ്‌ണൻ അറിയിച്ചു.
തിരുവനന്തപുരത്ത് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, എറണാകുളം കച്ചേരിപ്പടി ഗാന്ധി പ്രതിമയ്‌ക്ക് മുന്നിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്നിവർ സത്യഗ്രഹം ഉൽഘാടനം ചെയ്യും. അതേസമയം, രാഹുൽ ഗാന്ധിയെ അയോഗ്യൻ ആക്കിയതിനെതിരെ അപ്പീൽ നൽകുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ അഭിഷേക് മനു സിഗ്‌വി അടങ്ങുന്ന സമിതി ഇന്ന് യോഗം ചേരുന്നുണ്ട്. ചൊവ്വാഴ്‌ചയോടെ സൂറത്ത് കോടതി വിധിക്കെതിരെ അപ്പീൽ നൽകാനാണ് തീരുമാനം.
Most Read: റഷ്യൻ യുവതിക്ക് നേരെയുണ്ടായ അതിക്രമം; നിയമസഹായം ഒരുക്കുമെന്ന് വനിതാ കമ്മീഷൻ