കോഴിക്കോട്: പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസ തേടിയ റഷ്യൻ യുവതിക്ക് നിയമസഹായം ഒരുക്കുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. മതിയായ സുരക്ഷയോട് കൂടി താമസ സൗകര്യം ഏർപ്പെടുത്താൻ വനിതാ കമ്മീഷൻ നിർദ്ദേശം നൽകി. കൂടാതെ, അന്വേഷണം വേഗം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനും കമ്മീഷൻ പോലീസിന് നിർദ്ദേശം നൽകി.
രണ്ടു ദിവസം മുമ്പാണ് റഷ്യ യുവതിയെ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നുള്ള അന്വേഷണത്തിൽ യുവതിയുടേത് ആത്‍മഹത്യാ ശ്രമമാണെന്ന് കണ്ടെത്തുകയായിരുന്നു. പ്രതിയായ യുവാവിനെ പോലീസ് അറസ്‌റ്റും ചെയ്‌തിട്ടുണ്ട്. സംഭവത്തിൽ കൂരാച്ചുണ്ട് പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് യുവതി പോലീസിനോട് വെളിപ്പെടുത്തിയത്. പ്രതിയായ ആഖിൽ ലൈംഗികമായും ശാരീരികമായും ക്രൂരമായി ഉപദ്രവിച്ചെന്ന് റഷ്യൻ യുവതി പോലീസിനോട് പറഞ്ഞു. ആഖിൽ ഇരുമ്പ് വടി ഉപയോഗിച്ച് അടിക്കാറുണ്ട്. തന്റെ പാസ്‌പോർട്ട് അഖിൽ നശിപ്പിച്ചുവെന്നും യുവതി പോലീസിനോട് പറഞ്ഞു.
റഷ്യയിലേക്ക് മടങ്ങിപോകുന്നത് തടയാൻ തടങ്കലിൽ ആക്കിയെന്നും യുവതി പോലീസിന് മൊഴി നൽകി. ഇരുമ്പ് കമ്പി കൊണ്ടുള്ള നിരന്തര മർദ്ദനത്തെ തുടർന്ന് തന്റെ കൈമുട്ടിനും കാൽമുട്ടിനും പരിക്കേറ്റതായും യുവതി പോലീസിനെ അറിയിച്ചു. ആഖിൽ ലഹരിക്ക് അടിമയാണ്. പാസ്‌പോർട്ട് തന്റെ കൺമുന്നിൽ വെച്ചാണ് കീറിക്കളഞ്ഞതെന്നും യുവതി വെളിപ്പെടുത്തി.
റഷ്യൻ യുവതിയും ആഖിലും കുറച്ചു കാലമായി കൂരാച്ചുണ്ടിലെ ആഖിലിന്റെ വീട്ടിൽ താമസിച്ചു വരികയാണ്. ഇയാളുടെ ഉപദ്രവത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് യുവതി വീടിന്റെ ടെറസിൽ നിന്ന് ചാടി ആത്‌മഹത്യക്ക് ശ്രമിച്ചത്. പിന്നാലെ, കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസ തേടുകയായിരുന്നു. അതേസമയം, സംഭവത്തിൽ റഷ്യൻ കോൺസുലേറ്റ് ഇടപെട്ടിട്ടുണ്ട്. കോടതി അനുവദിക്കുന്ന മുറയ്‌ക്ക് യുവതിയെ നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തും.
Most Read: അയോഗ്യതയ്‌ക്കും ഭീഷണിക്കും നിശബ്‌ദനാക്കാൻ കഴിയില്ല; രാഹുൽ ഗാന്ധി