ന്യൂഡെൽഹി: രാജ്യത്ത് ജനാധിപത്യം അക്രമിക്കപ്പെടുകയാണെന്ന് രാഹുൽ ഗാന്ധി. എംപി സ്‌ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ ആദ്യമായി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. മോദിയും അദാനിയും തമ്മിലുള്ള ദീർഘകാല ബന്ധം തുറന്ന് കാട്ടിയതാണ് ഈ പ്രശ്‌നങ്ങളുടെയെല്ലാം തുടക്കം. അയോഗ്യതയ്‌ക്കും ഭീഷണിക്കും തന്നെ നിശബ്‌ദനാക്കാൻ സാധിക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
മോദിക്ക് അദാനിയുമായി എന്താണ് ബന്ധമെന്ന് ചോദിക്കാൻ തനിക്ക് ഭയമില്ല. അയോഗ്യനാക്കി, ജയിലിലടച്ച് തന്നെ നിശബ്‌ദനാക്കാൻ കഴിയുമെന്ന് കരുതേണ്ട. താൻ ഒന്നിനോടും ഭയപ്പെടുന്ന ആളല്ലെന്നും രാഹുൽ ഗാന്ധി മാദ്ധ്യമങ്ങൾക്കു മുന്നിൽ തുറന്നടിച്ചു. കുറച്ചു ആഴ്‌ചകൾക്ക് മുൻപ് ഞാൻ മോദിയോട് കുറച്ചു കാര്യങ്ങൾ ചോദിച്ചിരുന്നു. അതാണ് ഇപ്പോൾ നടക്കുന്ന സംഭവത്തിനെല്ലാം കാരണമെന്നും രാഹുൽ വ്യക്‌തമാക്കി.
അദാനി ഷെൽ കമ്പനിയിൽ നിക്ഷേപിച്ച 20,000 കോടി രൂപ ആരുടേതാണ്? മോദിയും അദാനിയും തമ്മിലുള്ള ബന്ധമെന്താണ്? തെളിവുകൾ സഹിതമാണ് ഈ ചോദ്യം പാർലമെന്റിൽ താൻ ഉന്നയിച്ചത്. അദാനിയും മോദിയും തമ്മിലുള്ള ബന്ധം ഏറെ നാളായുള്ള ആത്‌മബന്ധമാണ്. ഈ ബന്ധം സഭയിൽ ഉന്നയിച്ചതിനാണ് തന്നെ അയോഗ്യനാക്കിയത്. എന്നാൽ എന്നെ നിശബ്‌ദനാക്കാൻ സാധിക്കില്ലെന്നും രാഹുൽ ഗാന്ധി വിശദീകരിച്ചു.
അദാനി -മോദി ബന്ധം തെളിയിക്കാൻ ഇരുവരും ഒന്നിച്ചുള്ള ചിത്രം തെളിവായി കാണിച്ചു. എന്നാൽ, പ്രസംഗം സഭാരേഖകളിൽ നിന്ന് നീക്കുകയാണ് ചെയ്‌തത്. ഇതിനെതിരെ സ്‌പീക്കർക്ക് പലതവണ കത്ത് നൽകിയെങ്കിലും നടപടി ഉണ്ടായില്ല. ഞാൻ വിദേശ രാജ്യങ്ങളുടെ ഇടപെടൽ ആവശ്യപ്പെട്ടുവെന്ന് മന്ത്രിമാർ പ്രചരിപ്പിച്ചു. ഞാൻ അങ്ങനെ ചെയ്‌തിട്ടില്ല എന്നതാണ് വാസ്‌തവം. ഇന്ത്യയിൽ ജനാധിപത്യത്തിന് നേരെ ആക്രമണം നടക്കുകയാണ്. അതിന്റെ തെളിവുകൾ നിത്യേന നാം കാണുന്നുമുണ്ട്-രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.
സത്യം പറയുക എന്നത് എന്റെ രക്‌തത്തിൽ ഉള്ളതാണ്. അയോഗ്യനാക്കിയാലും അക്രമിച്ചാലും ജയിലിൽ അടച്ചാലും സത്യം പറയുന്നത് തുടരും. രാജ്യത്ത് ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടവും തുടരും. വയനാട്ടിലെ ജനങ്ങളെ കുടുംബത്തെ പോലെയാണ് കാണുന്നത്. അവരോട് പറയാനുള്ളത് കത്തായി എഴുതാനാണ് തീരുമാനം. എന്റെ അടുത്ത പ്രസംഗത്തെ ഓർത്ത് മോദിക്ക് ഭയമാണ്. അദ്ദേഹത്തിന്റെ ഭയം ആ കണ്ണുകളിൽ കാണാമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
Most Read: അരുണാചൽ പ്രദേശ്, നാഗാലാൻഡ് സംസ്‌ഥാനങ്ങളിലെ അഫ്‌സ്‌പ 6 മാസത്തേക്ക് നീട്ടി