ജനസാഗരം കവിഞ്ഞൊഴുകി സ്വലാത്ത് നഗര്‍; റമളാന്‍ 27ആംരാവ് പ്രാർഥനാ സംഗമം സമാപിച്ചു

ആത്‌മീയ ചൈതന്യം സ്വായത്തമാക്കിയ പണ്ഡിതരുടെ നേതൃത്വത്തിൽ നടന്ന രാജ്യത്തെ ഏറ്റവും വലിയ ഇസ്‌ലാമിക പ്രാർഥനാ സമ്മേളനത്തിൽ പതിനായിരങ്ങൾ പ്രപഞ്ച നാഥന്റെ അനശ്വരതയെ വാഴ്‌ത്തി ആത്‌മീയ നിർവൃതി നേടി.

By Central Desk, Malabar News
Indias Biggest Ramadan prayer meeting at Swalath Nagar Malappuram
Ajwa Travels

മലപ്പുറം: രാജ്യംകണ്ട ഏറ്റവും വലിയ ഇസ്‌ലാമിക പ്രാർഥനാ സംഗമത്തിന് സാക്ഷ്യംവഹിച്ച് മലപ്പുറം സ്വലാത്ത് നഗർ. റമളാനിലെ ഇരുപത്തിയേഴാം രാവും വെള്ളിയാഴ്‌ച രാവും ഒരുമിച്ച പവിത്രദിനത്തില്‍ പ്രപഞ്ച നാഥന്റെ അനശ്വരതയെ വാഴ്‌ത്തി ആത്‌മീയ നിർവൃതി നേടി ധന്യതയില്‍ ലയിച്ച് പതിനായിരങ്ങൾ.

ഇരുപത്തിയേഴാം രാവില്‍ മക്ക-മദീന കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഇസ്‌ലാമിക വിശ്വാസികള്‍ ഒരുമിച്ച് കൂടുന്ന പ്രാർഥനാ നഗരിയാണ് മലപ്പുറം സ്വലാത്ത്നഗര്‍. മാസന്തോറും നടത്തിവരാറുള്ള സ്വലാത്ത് മജ്‌ലിസിന്റെ വാര്‍ഷികം കൂടിയാണിത്.

കഴിഞ്ഞ കുറച്ചുവർഷങ്ങളായി പ്രളയവും നിപയും കോവിഡും ജീവിതത്തെ മുള്‍മുനയില്‍ നിറുത്തിയപ്പോള്‍ ശോഷണം സംഭവിച്ച മാനവികതയും ആത്‌മീയ പരിസരവും വീണ്ടെടുത്ത സമാധാനത്തിലാണ് ഒഴുകിയെത്തിയ വിശ്വാസി സമൂഹം. ഇന്നലെ പുലര്‍ച്ച മുതല്‍ തന്നെ വിശ്വാസികള്‍ ചെറു സംഘങ്ങളായി സ്വലാത്ത് നഗറിലേക്ക് ഒഴുകിയിരുന്നു. വൈകുന്നേരത്തോടെ പ്രധാന ഗ്രൗണ്ടും മഅ്ദിൻ ഗ്രാന്റ് മസ്‌ജിദും നിറഞ്ഞ് കവിഞ്ഞു.

വൈകുന്നേരം 4ന് പരിപാടികള്‍ക്ക് തുടക്കമായി. അസ്‌മാഉൽ ബദ്‌ർ മജ്‌ലിസിന് സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ നേതൃത്വം നല്‍കി. തുടര്‍ന്ന് ആയിരങ്ങള്‍ സംബന്ധിച്ച ഇഫ്‌താർ സംഗമം നടന്നു. മഗ്‌രിബ്‌, ഇശാഅ്, അവ്വാബീന്‍, തസ്ബീഹ്, തറാവീഹ്, വിത്‌റ് നിസ്‌കാരങ്ങള്‍ പ്രധാന വേദിയിലും ഗ്രാന്റ് മസ്‌ജിദിലും വിവിധ ഓഡിറ്റോറിയങ്ങളിലും നടന്നു. കാഴ്‌ചാ പരിമിതനും അന്താരാഷ്‌ട്ര ഹോളി ഖുര്‍ആന്‍ ജേതാവുമായ ഹാഫിള് ശബീര്‍ അലി നിസ്‌കാരത്തിന് നേതൃത്വം നല്‍കി.

Indias Biggest Ramadan prayer meeting at Swalath Nagar Malappuram

രാത്രി 9ന് സമസ്‌ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങളുടെപ്രാരംഭ പ്രാർഥനയോടെ സമാപന പരിപാടികള്‍ക്ക് തുടക്കമായി. സമസ്‌ത പ്രസിഡണ്ട് ഇ സുലൈമാന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയിൽ ഇന്ത്യന്‍ ഗ്രാന്റ് മുഫ്‌തി കാന്തപുരം എപി അബൂബക്കര്‍ മുസ്‍ലിയാർ സമ്മേളനം ഔദ്യോഗികമായി ഉൽഘാടനം നിർവഹിച്ചു.

മഅ്ദിൻ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പ്രതിജ്‌ഞക്കും സമാപന പ്രാർഥനക്കും നേതൃത്വം നല്‍കി. രാജ്യനൻമയും സൗഹാർദ്ദവും ലക്ഷ്യംവെച്ചും പുകയില-മദ്യം-മയക്കുമരുന്ന് പ്രതിരോധം മുൻനിറുത്തിയും മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ചൊല്ലി കൊടുത്ത പ്രതിജ്‌ഞ വിശ്വാസി ലക്ഷങ്ങളാണ് ഏറ്റുചൊല്ലിയത്.

പുതിയ അക്കാദമിക് വര്‍ഷത്തില്‍ മഅ്ദിന്‍ ആരംഭിക്കുന്ന ജൂനിയര്‍ ഐഎഎസ്, കോഡിംഗ് അക്കാദമി, ശാസ്‌ത്ര സാങ്കേതികാ മുന്നേറ്റത്തിനായുള്ള സൈപ്രോ, മഅ്ദിന്‍ ഫാലിമി ആപ്പ് എന്നീ പദ്ധതികള്‍ ആരംഭിക്കുന്നതിനുള്ള പ്രഖ്യാപനം സംഗമത്തില്‍ നിർവഹിച്ചു.

Indias Biggest Ramadan prayer meeting at Swalath Nagar Malappuram

മഹാ സംഗമത്തിലേക്കൊഴുകിയ വിശ്വാസി സമൂഹത്തെ സ്വീകരിക്കാനായി മഅ്ദിന്‍ അക്കാദമി വലിയ ഒരുക്കങ്ങളാണ് നടത്തിയിരുന്നത്. ജില്ലാ ഭരണകൂടത്തിന്റെയും പോലീസിന്റെയും ഫയര്‍ ഫോഴ്‌സിന്റേയും സഹകരണത്തോടെ 5555 അംഗ വളണ്ടിയർമാരുടെ ചിട്ടയായ പ്രവര്‍ത്തനം വിശ്വാസിസാഗരത്തിനെ പ്രശ്‌നമേതുമില്ലാതെ മാനേജ് ചെയ്യാൻ സഹായിച്ചു.

അടിയന്തിര ആവശ്യങ്ങള്‍ക്കായി ഒരുക്കിയ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്, മൊബൈല്‍ ടെലി മെഡിസിന്‍ യൂണിറ്റ് എന്നിവ വിശ്വാസികള്‍ക്ക് ധൈര്യവും ആശ്വാസവുമായി നിലകൊണ്ടു. പ്രധാനവേദിക്ക് പുറമെ പരിസരത്തെ മൈതാനങ്ങളും ഓഡിറ്റോറിയങ്ങളും തിരക്ക് നിയന്ത്രിക്കാന്‍ സഹായകമായി.

ലക്ഷങ്ങള്‍ക്കായുള്ള നോമ്പ്തുറക്കും അംഗസ്‌നാനത്തിനും നമസ്‌കാരങ്ങള്‍ക്കും പ്രാഥമിക കര്‍മങ്ങള്‍ക്കുമായി ഏര്‍പ്പെടുത്തിയ പ്രത്യേക സൗകര്യങ്ങള്‍ ഏറെ ആശ്വാസം പകരുന്നതായിരുന്നു. ആത്‌മീയ വേദിയുടെ പുണ്യം നുകരാനെത്തിയ സ്‌ത്രീകൾക്കായി ഒരുക്കിയ സൗകര്യങ്ങളും ഏറെ സഹായകമായി.

Indias Biggest Ramadan prayer meeting at Swalath Nagar Malappuram

സ്വലാത്ത്, തഹ്‌ലീല്‍, ഖുര്‍ആന്‍ പാരായണം, തൗബ, പ്രാർഥന എന്നിവ പരിപാടിയില്‍ നടന്നു. ശൈഖ് ഉമര്‍ ബിന്‍ ഹഫീള്, ശൈഖ് സ്വബാഹുദ്ധീന്‍ രിഫാഈ, ശൈഖ് മുഹമ്മദ് അനസ് ഖലഫ് അല്‍ ഈസാവി, പൊൻമള അബ്‌ദുൽ ഖാദിര്‍ മുസ്‍ലിയാർ, പേരോട് അബ്‌ദുറഹ്‌മാൻ സഖാഫി, ഹജ്‌ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, സമസ്‌ത ട്രഷറര്‍ കോട്ടൂര്‍ കുഞ്ഞമ്മു മുസ്‍ലിയാർ, കെകെ അഹമദ് കുട്ടി മുസ്‍ലിയാർ കട്ടിപ്പാറ, കെപി അബൂബക്കര്‍ മുസ്‍ലിയാർ പട്ടുവം, കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി, സയ്യിദ് ത്വാഹാ തങ്ങള്‍ സഖാഫി, പ്രൊഫ. എകെ അബ്‌ദുൽ ഹമീദ്, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, കെവൈ നിസാമുദ്ധീന്‍ ഫാളിലി, ചാലിയം എപി അബ്‌ദുൽ കരീം ഹാജി എന്നിവര്‍ പ്രസംഗിച്ചു.

Most Read: അജ്‌ഞാത കരൾവീക്കം; ഏഷ്യയിലും ആശങ്ക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE