കണ്ണൂർ: തലശ്ശേരി വീനസ് കോർണറിൽ ഇന്നലെ വൈകിട്ട് 4 മണിയോടെ ബന്ധുകളായ ഫെമീർ, ഖാലിദ് എന്നിവർ കുത്തേറ്റു കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി പാറായി ബാബു അറസ്‌റ്റിൽ. ഇയാള്‍ക്ക് രക്ഷപ്പെടാന്‍ സഹായം നല്‍കിയ തലശ്ശേരി സ്വദേശികളായ മൂന്നുപേരും പിടിയിലായിട്ടുണ്ട്. ബാബുവിന്റെ ഭാര്യാ സഹോദരൻ ജാക്‌സൺ, ഫർഹാൻ, നവീൻ എന്നിവരെ നേരെത്തെ കസ്‌റ്റഡിയിൽ എടുത്തിരുന്നു.
ലഹരിക്കെതിരായ പോരാട്ടത്തില്‍ അണിചേര്‍ന്നവരാണ് നെട്ടൂര്‍ സ്വദേശികളായ ഖാലിദ്, ഷമീര്‍ എന്നിവര്‍. മയക്കുമരുന്നിനും ലഹരിക്കുമെതിരെ സര്‍ക്കാര്‍ തുടര്‍ച്ചയായ ബഹുജന ക്യാമ്പയിന്‍ നടത്തുന്നതിനിടെയാണ് ഈ അരുംകൊലകൾ നടന്നത്.
അഞ്ച് സംഘങ്ങളായി തിരിഞ്ഞ് പൊലീസ് നടത്തിയ പരിശോധനയിലാണ് കണ്ണൂർ ഇരിട്ടിയിൽ നിന്ന് പ്രതി വലയിലായത്. നിട്ടൂർ ഇല്ലിക്കുന്ന് ത്രിവർണ ഹൗസിൽ കെ. ഖാലിദ് (52), സഹോദരീ ഭർത്താവ് പൂവനായി ഫെമീർ (40) എന്നിവരാണ് കൊല്ലപ്പെട്ടത്. അക്രമം തടയുന്നതിനിടെ ഗുരുതരമായി പരുക്കേറ്റ നിട്ടൂർ സാറാസിൽ ഷാനിബ് (29) ചികിൽസയിലാണ്.
ബുധനാഴ്‌ച വൈകിട്ട് നാലോടെ സഹകരണ ആശുപത്രിക്കടുത്താണ് ആക്രമണം. ലഹരി വില്‍പനയെ ചൊദ്യംചെയ്‌ത ഷമീറിന്റെ മകന്‍ ഷബീലിനെ (20) ബുധനാഴ്‌ച ഉച്ചക്ക് നെട്ടൂര്‍ ചിറക്കക്കാവിനടുത്ത ജാക്‌സൺ മര്‍ദിച്ചിരുന്നു. ഷബീലിനെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതറിഞ്ഞ് ഒത്തുതീർപ്പിനെന്ന വ്യാജേനയെത്തിയ ലഹരിമാഫിയ സംഘം ഖാലിദ് അടക്കമുള്ളവരെ റോഡിലേക്ക് വിളിച്ചിറക്കിയാണ് മാരകമായി കുത്തിയത്.
ഓട്ടോയിലെത്തിയ സംഘം സംസാരത്തിനിടയില്‍ കൈയില്‍ കരുതിയ കത്തിയെടുത്ത് ഖാലിദിന്റെ കഴുത്തിന് വെട്ടുകയായിരുന്നു. തടയാന്‍ ശ്രമിച്ച ഷമീറിന്റെ പുറത്തും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും കുത്തേറ്റു.
അതീവ ഗുരുതരാവസ്‌ഥയിലായ രണ്ടുപേരും ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മരണപ്പെട്ടത്. ഖാലിദിനെ തലശ്ശേരി സഹകരണ ആശുപത്രിയിലും ഷമീറിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലുമാണ് എത്തിച്ചിരുന്നത്.
പ്രതികളെത്തിയ ഓട്ടോറിക്ഷ പിണറായിയിലെ സന്ദീപ് എന്നയാളുടെ വീട്ടില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്. ലഹരിമാഫിയ സംഘത്തിന്റെ തലവനാണ് പിടിയിലായിരിക്കുന്ന പാറായി ബാബു. തലശ്ശേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരിവില്‍പ്പന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാൾ. കേസില്‍ ബാബു അടക്കം നാല് പ്രതികളുണ്ടെന്നാണ് പോലീസ് പറയുന്നത്.
Most Read: എഎപിയെ താഴെയിറക്കാൻ ഓപ്പറേഷൻ താമരയ്‌ക്ക് ആകില്ല; വെല്ലുവിളിച്ച് കെജ്‍രിവാൾ