തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷന്റേതെന്ന പേരിൽ വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമിച്ച കേസിലെ പ്രതികൾ പിടിയിലാകുമ്പോൾ സഞ്ചരിച്ചിരുന്നത് യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തലിന്റെ കാറിലായിരുന്നുവെന്ന് പോലീസ്. കേസിലെ ഒന്നും രണ്ടും പ്രതികൾ പിടിയിലാകുമ്പോൾ KL 26- L 3030 എന്ന നമ്പറിലുള്ള കാറിലാണ് സഞ്ചരിച്ചിരുന്നത്. രാഹുൽ ബിആർ എന്ന പേരിലാണ് കാറിന്റെ രജിസ്ട്രേഷൻ. ഇത് രാഹുൽ മാങ്കൂട്ടത്തലിന്റെ കാറാണെന്നാണ് വിവരം.
യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സിനിമാ താരത്തിന്റെ പേരിൽ പോലും വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കിയെന്നാണ് പോലീസ് കണ്ടെത്തൽ. തമിഴ് നടൻ അജിത്തിന്റെ ഫോട്ടോ ഉപയോഗിച്ചാണ് വ്യാജരേഖ ഉണ്ടാക്കിയത്. പ്രതിയായ അഭി വിക്രത്തിന്റെ ഫോണിലാണ് നടന്റെ ഫോട്ടോ ഉപയോഗിച്ചുള്ള കാർഡ് കണ്ടെത്തിയത്. ഈ കാർഡ് വോട്ടിങ്ങിന് ഉപയോഗിച്ചതായി വ്യക്‌തമാകണമെങ്കിൽ യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് രേഖകൾ ലഭിക്കണമെന്നും പോലീസ് അറിയിച്ചു.
അതേസമയം, കേസിൽ അറസ്‌റ്റിലായ പ്രതികളെ ഇന്ന് വീണ്ടും കോടതിയിൽ ഹാജരാക്കും. ഇന്നലെ കോടതി നാല് പേർക്കും ഇടക്കാല ജാമ്യം നൽകിയിരുന്നു. തുറന്ന കോടതിയിൽ കേസ് കേൾക്കുന്നതിന് വേണ്ടിയാണ് ജാമ്യം നൽകിയത്. രാവിലെ 11 മണിക്ക് സിജെഎം കോടതി കേസ് പരിഗണിക്കും. അറസ്‌റ്റിലായ അഭി വിക്രം, ഫെനി നൈനാൻ, ബിനിൽ ബിനു, വികാസ് കൃഷ്‌ണൻ എന്നിവരുമായി ബന്ധപ്പെട്ടു പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.
അടൂരും പന്തളവും കേന്ദ്രീകരിച്ചു പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധന തുടരുകയാണ്. അഭി വിക്രമിന്റെ ഫോൺ, ബിനിലിന്റെ ലാപ്ടോപ്പ് എന്നിവയിൽ നിന്ന് ലഭിച്ച കാർഡുകൾ തിരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ടു പരിശോധിച്ചതിന് ശേഷം വ്യാജമെന്ന് ഉറപ്പിച്ചിട്ടുണ്ട്. കാർഡിലെ ഫോട്ടോകളും നമ്പറും മേൽവിലാസവുമെല്ലാം വ്യാജമാണ്. അറസ്‌റ്റിലായ നാല് പേരും രാഹുലിന്റെ അനുയായികളാണ്. ഈ സാഹചര്യത്തിൽ രാഹുലിനെ ചോദ്യം ചെയ്യാൻ ആലോചിക്കുന്നുണ്ട്. എന്നാൽ, വിളിച്ചുവരുത്തുന്ന കാര്യം അന്തിമമായി തീരുമാനിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു.
അതേസമയം, വ്യാജ ഐഡി കാർഡ് നിർമിതിയിൽ അന്വേഷണം ക്രൈം ബ്രാഞ്ചിന് വിടാനാണ് സാധ്യത. സംസ്‌ഥാന വ്യാപകമായി തട്ടിപ്പ് നടന്നുവെന്നാണ് നിലവിൽ അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു വിവിധ ജില്ലകളിൽ പ്രാദേശികമായി വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു. യൂത്ത് കോൺഗ്രസിലെ ഒരു ഗ്രൂപ്പിന് വേണ്ടി സംസ്‌ഥാന വ്യാപകമായി തന്നെ വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമിച്ചുവെന്നാണ് അന്വേഷണ സംഘം പറയുന്നത്.
Most Read| രക്ഷാദൗത്യം അവസാന മണിക്കൂറുകളിൽ; ശുഭവാർത്തക്കായി കാതോർത്ത് രാജ്യം