തിരുവനന്തപുരം: ഈ മാസം 28ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വിന്റി-20 മൽസരം നടക്കേണ്ട സ്‌റ്റേഡിയത്തിന്റെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് അധികൃതർ. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിലെ വൈദ്യുതിയാണ് രണ്ടരകോടിയോളം കുടിശിക അടക്കാത്തതിനാൽ കെഎസ്ഇബി വിച്ഛേദിച്ചത്.
2 കോടി 36 ലക്ഷം രൂപയാണ് സ്‌റ്റേഡിയം അധികൃതർ കെഎസ്ഇബിക്ക് കുടിശിക വരുത്തിയിരിക്കുന്നത്. ഈ മാസം 13ന് വൈദ്യുതി ബന്ധം വിച്ഛേദിച്ച വിവരം ഇപ്പോഴാണ് പുറത്തറിയുന്നത്. എന്നാൽ, സ്‌റ്റേഡിയത്തിലെ വൈദ്യുതി വിച്ഛേദിച്ച സംഭവം നിരാശ ഉണ്ടാക്കുന്നതാണെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രതികരിച്ചു. കുടിശിക അടക്കേണ്ടത് സ്‌റ്റേഡിയം ഉടമകളായ കമ്പനിയാണ്. കമ്പനി സാമ്പത്തിക പ്രതിസന്ധിയിലായതാണ് തിരിച്ചടിയായത്.
ഈ മാസം ഒന്നിനാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി20 മൽസരത്തിന്റെ സംഘാടക സമിതി ഓഫീസ് ഉൽഘാടനം കായിക മന്ത്രി വി അബ്‌ദുറഹ്‌മാൻ നിര്‍വഹിച്ചത്. ട്വിന്റി-20 മൽസരം നടക്കാനിരിക്കെ വൈദ്യുതി വിച്ഛേദിച്ചതിനാല്‍ കുടിശിക തുക ലഭിക്കുമെന്നാണ് കെഎസ്ഇബി പ്രതീക്ഷ. 2019 ഡിസംബര്‍ എട്ടിനാണ് കാര്യവട്ടം സ്‌റ്റേഡിയത്തിൽ അവസാന രാജ്യാന്തര മൽസരം നടന്നത്. അന്ന് ഇന്ത്യക്കെതിരെ വെസ്‌റ്റിൻഡീസ് എട്ടു വിക്കറ്റിനു വിജയിച്ചിരുന്നു
ടി20 പരമ്പരയിലെ ആദ്യ മൽസരത്തിനാണ് ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം വേദിയാകുക. മൂന്നു മൽസരങ്ങളുള്ള പരമ്പരയിലെ രണ്ടാം മൽസരം ഗുവാഹത്തിയിലും മൂന്നാം മൽസരം ഇന്‍ഡോറിലും നടക്കും. കെഎസ്ഇബി വൈദ്യുതി വിച്ഛേദിച്ച സ്‌റ്റേഡിയത്തിലെ ഹാളിൽ ഇന്ന് സുരക്ഷയുടെ ഭാഗമായി സിറ്റി പൊലിസ് കമ്മീഷണർ വിളിച്ച യോഗം തുടങ്ങിയത് വൈദ്യുതിയില്ലാതെ ആയിരുന്നു.
Most Read: തുറമുഖ നിർമാണം നിലച്ചു: സർക്കാരിനെതിരെ അദാനി ഗ്രൂപ്പ് കോടതിയിൽ