കോട്ടയം: പാലാ എംഎൽഎ മാണി സി കാപ്പൻ യുഡിഎഫിലേക്ക് പോയത് ഇടത് മുന്നണിയെ ബാധിക്കില്ലെന്ന് ജോസ് കെ മാണി. കാപ്പന്റെ നിലപാട് മാറ്റത്തിൽ വ്യക്‌തതയില്ലെന്നും അവ്യക്‌തതമായ കാര്യത്തിൽ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പാലായിൽ സീറ്റ് വിഭജന ചർച്ച ഇതുവരെ നടന്നിട്ടില്ലെന്നും ജോസ് കെ മാണി കൂട്ടിച്ചേർത്തു.
അതേസമയം യുഎഫിൽ അര്‍ഹമായ പരിഗണന കിട്ടുമെന്ന് ഉറപ്പുണ്ടെന്നാണ് മാണി സി കാപ്പന്റെ പ്രതികരണം. എൻസിപി പ്രതീക്ഷിക്കുന്നത് പാലാ അടക്കം മൂന്ന് സീറ്റുകളാണെന്ന് പറഞ്ഞ മാണി സി കാപ്പൻ എല്ലാ കാര്യവും ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട് എന്നും വ്യക്‌തമാക്കി.
ദേശീയ നേതൃത്വം പാലാ സീറ്റിന്റെ കാര്യം ഇതിന് മുൻപ് ചര്‍ച്ച ചെയ്‌തിരുന്നു. ഐശ്വര്യ കേരളയെ സ്വീകരിക്കും എന്ന് പാവാറിനോടും പ്രഫുൽ പട്ടേലിനോടും നേരത്തെ പറഞ്ഞിരുന്നു; മാണി സി കാപ്പൻ പറഞ്ഞു.
തന്നോടൊപ്പമുള്ള എൻസിപി നേതാക്കളും യുഡിഎഫിൽ ചേരുമെന്ന് കാപ്പൻ നേരത്തെ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ഒൻപത് സംസ്‌ഥാന ഭാരവാഹികൾ, അഖിലേന്ത്യാ സെക്രട്ടറി, ഏഴ് ജില്ലാ പ്രസിഡണ്ടുമാർ ഉൾപ്പടെയുള്ളവർ തന്റെ കൂടെ ഉണ്ടാകുമെന്ന് കാപ്പൻ അറിയിച്ചു. മാത്രവുമല്ല പാലായിലെ എൽഡിഎഫ് പ്രവർത്തകരും തനിക്കൊപ്പമാണെന്ന് അദ്ദേഹം വ്യക്‌തമാക്കിയിരുന്നു.
അതേസമയം എൻസിപിയുടെ മുന്നണി മാറ്റവുമായി ബന്ധപ്പെട്ട അന്തിമ നിലപാട് പിന്നീട് അറിയിക്കുമെന്നാണ് സംസ്‌ഥാന അധ്യക്ഷൻ ടിപി പീതാംബരൻ അറിയിച്ചത്. ശരദ് പവാറും, പ്രഫുൽ പട്ടേലും ചർച്ച പൂർത്തിയാക്കിയിട്ടില്ല എന്നും അന്തിമ നിലപാട് താനോ മുംബൈയിൽ ദേശീയ നേതാക്കളോ നടത്തുമെന്നും ടിപി പീതാംബരൻ വ്യക്‌തമാക്കി.
Read Also: സംഘടനാ പ്രശ്‌നത്തില്‍ ഇടപെടണം; മോദിയുമായി കൂടിക്കാഴ്‌ച നടത്തി ശോഭ സുരേന്ദ്രന്‍