ന്യൂഡെല്‍ഹി: കേരളത്തിലെ സംഘടനാ പ്രശ്‌നത്തില്‍ ഇടപെടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ഥിച്ച് ശോഭ സുരേന്ദ്രന്‍. മോദിയുമായി ഡെല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്‌ചയിലാണ് ശോഭ ഇക്കാര്യം അവശ്യപ്പെട്ടത്.
സംസ്ഥാനത്തെ വികസന കാര്യങ്ങളും പ്രധാനമന്ത്രിയെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട് എന്നും ശോഭ സുരേന്ദ്രന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അതേസമയം സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിനിടയിലെ പ്രശ്‌നത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ ഇടപെട്ടിട്ടും പരിഹാരമായില്ലെന്ന് ശോഭ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി കേരളത്തില്‍ എത്തുമ്പോള്‍ വിഷയത്തില്‍ ഇടപെട്ടേക്കുമെന്നാണ് കരുതുന്നത്.
ജെപി നഡ്ഡയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം തൃശൂരില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തത് ഒഴിച്ചാല്‍ ഒരു വര്‍ഷത്തോളമായി ബിജെപിയുടെ ഒരു പരിപാടിയിലും ശോഭ സുരേന്ദ്രന്‍ പങ്കെടുത്തിരുന്നില്ല. കെ സുരേന്ദ്രനെ ബിജെപി സംസ്‌ഥാന അധ്യക്ഷനായി തിരഞ്ഞെടുത്തത് മുതല്‍ പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുകയാണ് ശോഭ സുരേന്ദ്രന്‍. ബിജെപി സംസ്‌ഥാന നേതൃത്വം അവഗണിച്ചെന്ന പരാതിയിൽ പരിഹാരം ഉണ്ടായില്ലെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കില്ലെന്ന് ശോഭാ സുരേന്ദ്രൻ നേരത്തെ വ്യക്‌തമാക്കിയിരുന്നു.
Read Also: ട്രാക്‌ടർ റാലിക്കിടെ സംഘർഷം; 3 പേർ കൂടി അറസ്‌റ്റിൽ