ന്യൂഡെൽഹി: സൈന്യവും അർധ സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടൽ രൂക്ഷമായ സുഡാനിൽ നിന്ന് രക്ഷപ്പെടുത്തിയ ഇന്ത്യക്കാരുടെ ആദ്യ സംഘം ഇന്ന് ഡെൽഹിയിലെത്തും. ഡെൽഹിയിൽ എത്തുന്ന സംഘത്തിന് താമസവും ഭക്ഷണവും ഏർപ്പാടാക്കുമെന്ന് കെവി തോമസ് അറിയിച്ചു. സംഘത്തിലെ മലയാളികളെ സംസ്‌ഥാന സർക്കാരിന്റെ ചിലവിൽ കേരളത്തിൽ എത്തിക്കും.
ആഭ്യന്തര യുദ്ധം തുടരുന്ന സുഡാനിൽ നിന്ന് ജിദ്ദയിൽ എത്തിച്ച 367 ഇന്ത്യൻ പൗരൻമാരാണ് ഡെൽഹിയിലേക്ക് യാത്ര തിരിച്ചത്. രക്ഷാ ദൗത്യത്തിന് നേതൃത്വം നൽകുന്ന വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഇന്ത്യൻ സംഘത്തെ യാത്രയാക്കി. പോർട്ട് സുഡാനിൽ നിന്ന് ജിദ്ദയിൽ എത്തി വിശ്രമത്തിന് ശേഷമാണ്, സൗദി എയർലൈൻസിൽ സംഘം യാത്ര പുറപ്പെട്ടത്. ഇന്ന് രാത്രി ഒമ്പത് മണിയോടെ സംഘം ഡെൽഹിയിലെത്തും.
അഭിമാനവും ആഹ്ളാദവും നൽകുന്ന നിമിഷമാണിതെന്ന് വി മുരളീധരൻ പ്രതികരിച്ചു. രക്ഷാ ദൗത്യത്തിന് എല്ലാവിധ സഹകരണങ്ങളും സൗകര്യങ്ങളും നൽകിയ സൗദി മന്ത്രാലയത്തിന് മന്ത്രി നന്ദി രേഖപ്പെടുത്തി. നാവികസേനയുടെ ഐഎൻഎസ് സുമേധയിലും വ്യോമസേനയുടെ സി 130 വിമാനത്തിലുമാണ് ഇന്ത്യക്കാരെ സൗദിയിൽ എത്തിച്ചത്. സുഡാനിൽ നിന്ന് ഇന്ത്യക്കാരെ രക്ഷിക്കാനുള്ള രക്ഷാദൗത്യം ‘ഓപ്പറേഷൻ കാവേരി’ തുടരുകയാണ്.
Most Read: ഫോൺ പൊട്ടിത്തെറിച്ച് എട്ടു വയസുകാരി മരിച്ച സംഭവം; മൊബൈൽ ലാബിലേക്ക് അയക്കും