ഇടുക്കി: നിരവധി പരാതികൾ ഉയർന്നിട്ടും ഇടുക്കിയില്‍ ചന്ദന മോഷണം വ്യാപകമാകുന്നു. മറയൂര്‍, പട്ടം കോളനി തുടങ്ങിയ സ്‌ഥലങ്ങളില്‍ നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന ചന്ദന മരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ വെട്ടിക്കടത്തിയത്. തമിഴ്‌നാട്ടില്‍ നിന്നുള്ള വന്‍ സംഘം മോഷണത്തിന് പിന്നിലുണ്ടെന്നാണ് സൂചന.
മറയൂര്‍ കഴിഞ്ഞാല്‍ ഇടുക്കി ജില്ലയില്‍ ഏറ്റവും കൂടുതല്‍ ചന്ദനമരങ്ങളുള്ളത് പട്ടം കോളനിയിലെ സ്വകാര്യ ഭൂമികളിലാണ്. മേഖലയില്‍ നിന്നും കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 250ല്‍ അധികം ചന്ദനമരങ്ങളാണ് മോഷ്‌ടിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ആറ് മാസമായി മേഖലയിൽ സജീവമല്ലാതിരുന്ന ചന്ദന മാഫിയ വീണ്ടും രംഗത്തിറങ്ങിയതിന്റെ സൂചനയാണിതെന്നാണ് വനം വകുപ്പിന്റെ നിഗമനം.
നെടുങ്കണ്ടം തൂക്കുപാലത്തു നിന്നും കഴിഞ്ഞ ദിവസം രാത്രിയിലാണ് ഒരു ലക്ഷത്തോളം വിലവരുന്ന ചന്ദന മരം മുറിച്ച് കടത്തിയത്. അര്‍ദ്ധ രാത്രിയോടെയാണ് മോഷണം നടന്നതെന്ന് നാട്ടുകാര്‍ പറയുന്നു. സമീപത്തുള്ള ചന്ദന മരങ്ങളും മുറിക്കുവാന്‍ ശ്രമം നടത്തിയിട്ടുണ്ട്.
തമിഴ്‌നാട്ടില്‍ നിന്നുള്ള സംഘമാണ് മോഷണത്തിന് പിന്നിലെന്ന് മുൻപ് പോലീസ് കണ്ടെത്തിയിരുന്നു. അതേസമയം മറയൂര്‍ മേഖലയിലും ചന്ദന മോഷണത്തിന് കുറവില്ല. കഴിഞ്ഞ ദിവസമാണ് മറയൂര്‍ കൂടവയലില്‍ ആറ്റുപുറമ്പോക്കില്‍ നിന്ന മൂന്ന് ലക്ഷം രൂപ വിലമതിപ്പുള്ള ചന്ദന മരം മുറിച്ചു കടത്തിയത്. മൂന്ന് മാസത്തിനിടെ സ്വകാര്യ ഭൂമിയിലെ ചന്ദന മോഷണവുമായി ബന്ധപ്പെട്ട് ഏഴ് പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.
Read Also: ലോകായുക്‌ത ഓർഡിനൻസ്; സർക്കാരിന് എതിരെ തുറന്നടിച്ച് സിപിഐ