കാസർഗോഡ്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷനും പ്രമുഖ ഇസ്ലാമിക പണ്ഡിതനും കുമ്പള മഞ്ചേശ്വരം സംയുക്ത ഖാസിയുമായ ഷിറിയ എം അലിക്കുഞ്ഞി മുസ്ലിയാർ (86) വിടപറഞ്ഞു. ഇന്ന് രാവിലെ ഷിറിയയിലെ സ്വവസതിയിലായിരുന്നു അന്ത്യം. ഖബറടക്കം വൈകീട്ട് അഞ്ചിന് ഷിറിയ ലത്വീഫിയയിൽ നടക്കും.
1935 മാർച്ച് നാലിന് കാസർകോട് താലൂക്കിലെ ഷിറിയക്കടുത്ത് ഒളയം എന്ന പ്രദേശത്തായിരുന്നു ആലികുഞ്ഞി ഉസ്താദിന്റെ ജനനം. പഴയ കാലത്തെ ഓത്തുപള്ളിയിലാണ് പഠനരംഭം. മുട്ടം ജുമാ മസ്ജിദിൽ മുക്രിയായിരുന്ന മൂസ മുക്രിയാണ് പ്രഥമ ഗുരു. അഞ്ചാം ക്ളാസ് വരെ സ്കൂൾ പഠനം കന്നഡ മീഡിയത്തിലായിരുന്നു. മൂസ മുക്രി തന്നെയായിരുന്നു സ്കൂളിലെയും ഗുരുനാഥൻ.
ഒളയം മുഹ്യദ്ദിൻ മുസ്ലിയാരിൽ നിന്നാണ് ദർസാരംഭം. 1962ല്‍ ദയൂബന്ത് ദാറുല്‍ ഉലൂമില്‍ ഉപരിപഠനം. കാസര്‍കോട് ജില്ലയിലെ കുമ്പോലിലാണ് ആദ്യമായി ദര്‍സ് നടത്തിയത്. മുപ്പതാം വയസിൽ സമസ്ത കേന്ദ്ര മുശാവറ അംഗമായി. സയ്യിദ് കെഎസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, ബേക്കല്‍ ഇബ്റാഹിം മുസ്ലിയാർ, സയ്യിദ് ഉമര്‍ കുഞ്ഞിക്കോയ തങ്ങള്‍, കുമ്പോല്‍ ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാർ, മര്‍ഹൂം കാക്കൂ ഉമര്‍ ഫൈസി, എംഎസ് തങ്ങള്‍ മദനി മാസ്തിക്കുണ്ട്, ബിഎസ് അബ്ദുല്ല കുഞ്ഞി ഫൈസി, ചെര്‍ക്കള അഹമദ് മുസ്ലിയാർ, മജീദ് ഫൈസി ചെര്‍ക്കള തുടങ്ങി ഒട്ടനവധി ശിഷ്യൻമാരുണ്ട് ഇദ്ദേഹത്തിന്.
പിതാവ്: അബ്ദുറഹ്മാൻ ഹാജി. മാതാവ്, മർയം ഹജ്ജുമ്മ. പരമ്പരാഗത (മുഅദ്ദിൻ) മുക്രിമാരാണ് ഉസ്താദിന്റെ പിതൃകുടുംബം. അബ്ദുറഹ്മാൻ നിസാമി, അബൂബക്കർ എം, ത്വയ്യിബ്, ഹാഫിള് അൻവർ അലി സഖാഫി, ആയിഷ, സൈനബ, കുബ്റ, റാബിഅ എന്നിവരാണ് മക്കൾ. കുഞ്ഞിപ്പ ഹാജി, അന്തിഞ്ഞി ഹാജി, ബീരാൻ ഹാജി, മുഹമ്മദ് അബൂബക്കർ ഹാജി, മൂസ, ആഇഷ, ഹവ്വാഉമ്മ, അബ്ദുല്ല എന്നിവർ സഹോദരങ്ങളുമാണ്.
സൂഫീവര്യനും പണ്ഡിതനുമായ എടക്കാട് കുഞ്ഞഹമ്മദ് മുസ്ലിയാരുടെ അടുക്കൽ പഠനം നടത്താനുള്ള ഭാഗ്യവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അൽ ബയാൻ മാസിക പത്രാധിപരും സമസ്ത മുശാവറ അംഗവുമായിരുന്ന കാടേരി അബ്ദുൽ കലാം മുസ്ലിയാരുടെ പക്കൽ പരപ്പനങ്ങാടിയിൽ ദർസ് പഠനം തുടർന്ന ഇദ്ദേഹം, 1952ൽ പൊസോട്ട് ജുമാമസ്ജിദിൽ പൈവളിഗെ മുഹമ്മദ് ഹാജി മുസ്ലിയാരുടെ ദർസിലെത്തി.
തളിപ്പറമ്പ് ഖുവത്തുൽ ഇസ്ലാം അറബിക് കോളജിലും ഇദ്ദേഹം പഠിച്ചിട്ടുണ്ട്. ഇകെ അബൂബക്കർ മുസ്ലിയാരായിരുന്നു ഇവിടെ മുദർറിസ്. ഇകെ ഹസൻ മുസ്ലിയാരിൽ നിന്നും സിഎം വലിയുല്ലാഹിയിൽ നിന്നും ശിഷ്യത്വം സ്വീകരിക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട് അലിക്കുഞ്ഞി മുസ്ലിയാർക്ക്. നാട്ടിൽ ഖത്വീബായി സേവനം ചെയ്യുമ്പോൾ നാടിനടുത്ത് മുഹമ്മദാജി ഉസ്താദിന്റെ ദർസിലും പഠനം നടത്തി. നെല്ലിക്കുന്നിലും ദർസ് പഠനം നടത്തിയിട്ടുണ്ട്.
നാട്ടിലെ ജോലി മതിയാക്കി അലിക്കുഞ്ഞി മുസ്ലിയാർ പരപ്പനങ്ങാടിയിൽ കോട്ടുമല അബൂബക്കർ മുസ്ലിയാരുടെ ദർസിൽ ചേർന്നു. ഏഴ് വർഷമാണ് ഇവിടെ പഠിച്ചത്. 1962ൽ ദയൂബന്ത് ദാറുൽ ഉലൂമിൽ ഉപരിപഠനം. ഖത്വീബുൽ ഹിന്ദ് ഖാരിഅ് മുഹമ്മദ് ത്വയ്യിബ് ആയിരുന്നു ഇവിടെ പ്രഥാന ഗുരനാഥൻ. ദൌറത്തുൽ ഹദീസിലാണ് ഇവിടെ നിന്ന് പഠനം നടത്തിയത്.
Related Read: ഷിറിയ എം അലിക്കുഞ്ഞി ഉസ്താദിന് പതിനായിരങ്ങളുടെ യാത്രമൊഴി