ന്യൂഡൽഹി: ഫേസ്ബുക്ക് ഇന്ത്യയുടെ ബിജെപി അനുകൂല നിലപാടിനെ ചൊല്ലിയുണ്ടായ വിവാദങ്ങൾ പാർലമെന്റിന്റെ ഐടി സമിതി ഇന്ന് പരിഗണിക്കും. മതവിദ്വേഷവും സ്പർദ്ധയും പടർത്തുന്ന ബിജെപി നേതാക്കളുടെ പ്രസംഗങ്ങൾ പോലും നീക്കം ചെയ്യാതെ ഫേസ്ബുക്ക് ഭരണപക്ഷത്തിന് അനുകൂല നിലപാട് സ്വീകരിച്ചുവെന്ന വാർത്തകൾ അന്താരാഷ്ട്ര മാദ്ധ്യമമായ വാൾസ്ട്രീറ്റ് ജേർണൽ അടക്കം പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ രാഹുൽ ഗാന്ധിയും ശശി തരൂരും ഉൾപ്പെടെയുള്ള നേതാക്കൾ ഫേസ്ബുക്കിന്റെ നടപടിയെ ചോദ്യം ചെയ്ത് രംഗത്ത് വന്നു.
ഇന്ന് നടക്കുന്ന പാർലമെന്റ് ഐടി സമിതിയുടെ സിറ്റിങ്ങിൽ ഹാജരാകാൻ ഫേസ്ബുക്ക് ഇന്ത്യയുടെ അധികൃതർക്ക് നിർദ്ദേശം നൽകി. ആരോപണ വിധേയനായ പോളിസി വിഭാഗം മേധാവി അംഖി ദാസിനടക്കം നോട്ടീസ് അയച്ചിട്ടുണ്ട്. എന്നാൽ തുടക്കത്തിൽ സമിതി അദ്ധ്യക്ഷനായ തരൂരിനെതിരായി നിലപാട് എടുത്ത ബിജെപി പിന്നീട് അനുകൂലിക്കുകയായിരുന്നു.
വിഷയത്തിൽ കേന്ദ്രസർക്കാർ പുതിയ ആരോപണവുമായി രംഗത്ത് വന്നത് കഴിഞ്ഞ ദിവസമാണ്. ഫേസ്ബുക്ക് ഇന്ത്യയുടെ പ്രവർത്തങ്ങളിൽ അതൃപ്തി അറിയിച്ച് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദാണ് സിഇഒ മാർക്ക് സുക്കർബർഗിന് കത്തയച്ചത്. പ്രധാനമന്ത്രിയേയും മറ്റു മന്ത്രിമാരെയും അപമാനിക്കാൻ ഉദ്യോഗസ്ഥരുടെ ശ്രമമുണ്ടെന്നും, സമാധാനാന്തരീക്ഷം തകർക്കുകയാണ് ഉദ്ദേശമെന്നും കത്തിൽ ആരോപിക്കുന്നു.
Most Read: മഹാമാരിയുടെ വെല്ലുവിളികള്‍ ചര്‍ച്ച ചെയ്ത് മോദിയും സൗദി രാജാവും