സൗദി-ഖത്തർ സംഘർഷം അവസാനിച്ചു; കര, നാവിക, വ്യോമ അതിർത്തികൾ തുറന്നു

By Desk Reporter, Malabar News
Saudi Qatar Border Opened
Ajwa Travels

റിയാദ്:  മൂന്നര വർഷത്തിലേറെയായി തുടരുന്ന ഖത്തർ പ്രതിസന്ധിക്ക് പരിഹാരമായി. ആശയ ഭിന്നതയുള്ള വിഷയങ്ങളിൽ ചർച്ച തുടരാനുള്ള സാധ്യതകൾ തുറന്നിട്ടുകൊണ്ടാണ് അതിർത്തികൾ തുറക്കാൻ തീരുമാനമായത്. കുവൈത്ത് വിദേശകാര്യ മന്ത്രിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ഇരു രാജ്യങ്ങളും പുതിയ കരാറിലെത്തുകയും ഖത്തറുമായുള്ള കര, നാവിക, വ്യോമ അതിർത്തികൾ തുറക്കുകയും ചെയ്‌തു. ഇന്ന് നടക്കുന്ന ഗൾഫ് സഹകരണ കൗൺസിൽ ഉച്ചകോടിയിൽ കരാർ ഒപ്പിടുകയും കൈമാറുകയും ചെയ്യും.

അതിര്‍ത്തി തുറക്കണമെന്ന് കഴിഞ്ഞ മാസം അമേരിക്കയും ആവശ്യപ്പെട്ടിരുന്നു. അമേരിക്കന്‍ പ്രതിനിധികള്‍ ഖത്തറിലും സൗദിയിലും സന്ദര്‍ശനം നടത്തിയ വേളയിലും പ്രധാന ചര്‍ച്ച ഇതായിരുന്നു. സമവായ ചര്‍ച്ചകള്‍ പ്രതീക്ഷക്ക് വക നല്‍കുന്നു എന്നാണ് അന്ന് ഖത്തറും സൗദിയും പ്രതികരിച്ചിരുന്നത്.

ഖത്തറിനോടുള്ള യുഎഇ, ഈജിപ്‌ത്‌, ബഹ്റൈൻ എന്നീ രാജ്യങ്ങളുടെ വിലക്ക് ഇപ്പോഴും തുടരുന്നുണ്ട്. ഇന്ന് നടക്കുന്ന ഉച്ചകോടിയിൽ ഇതിനും പരിഹാരം ഉണ്ടാകുമെന്നാണ് നേതാക്കൾ വിലയിരുത്തുന്നത്. ഇത് നടന്നാൽ ആധുനിക ഗൾഫ് രൂപമെടുത്ത ശേഷം ഗൾഫ് സഹകരണ കൗൺസിലിലെ (ജിസിസി) സഹോദര രാജ്യങ്ങൾക്കിടയിൽ ഉടലെടുത്ത വലിയ പ്രതിസന്ധിക്ക് വിരമമാകും.

സൗദി കിരീടാവകാശിയുടെ മുൻകൈയിലാണ് നിലവിലെ പ്രശ്‌നപരിഹാര ശ്രമങ്ങൾ നടന്നത്. ഗൾഫ് മേഖലയുടെ കെട്ടുറപ്പിന് ഐക്യം അനിവാര്യമാണെന്ന് ഉപരോധം അവസാനിപ്പിച്ചു കൊണ്ടുള്ള തീരുമാനത്തിൽ സൗദി കിരീടാവകാശി പറഞ്ഞു. അതിർത്തികൾ അടക്കാൻ ഉന്നയിച്ച ആരോപണങ്ങൾ ഇപ്പോഴും നിലനിൽക്കുകയാണ്. എന്നാൽ മേഖലയുടെ സമാധാനം ലക്ഷ്യം വെച്ചാണ് നിലവിലെ പുതിയ നീക്കം. ആരോപണങ്ങൾ വരും ദിവസങ്ങളിൽ ചർച്ചയിലൂടെ പരിഹരിക്കാനാണ് പദ്ധതി.

മൂന്ന് ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട ചെറുരാജ്യമായ ഖത്തറിന്റെ ഏക കരാതിര്‍ത്തി സൗദി അറേബ്യയുമായി മാത്രമാണ്. ഈ ബോര്‍ഡര്‍ 2017 ഡിസംബറിലാണ് അടച്ചത്. ഉപരോധത്തെ തുടര്‍ന്ന് 3 വർഷം മുൻപ് അതിര്‍ത്തി അടച്ചതോടെ ഖത്തര്‍ ചരക്കുനീക്കം കടല്‍ മാര്‍ഗവും വ്യോമ മാര്‍ഗവുമാക്കിയിരുന്നു. എന്നാൽ സൗദി വഴി നടന്നിരുന്ന ചരക്കു നീക്കം ഈ ആഴ്‌ചയോടെ തന്നെ ആരംഭിക്കും എന്നാണ് ഗൾഫ് ട്രേഡ് ഓർഗനൈസേഷൻ ഭാരവാഹികൾ ഇപ്പോൾ വ്യക്‌തമാക്കുന്നത്.

യുഎഇ, സൗദി അറേബ്യ, ബഹ്റൈൻ, ഈജിപ്‌ത് എന്നീ രാജ്യങ്ങളാണ് തീവ്രവാദ ഫണ്ടിംഗ് ഉൾപ്പടെയുള്ള വിവിധ വിഷയങ്ങൾ ഉന്നയിച്ച് ഉപരോധം പ്രഖ്യാപിച്ചത്. ഇവയെല്ലാം ഖത്തർ തള്ളിയിരുന്നു. ഇതോടെയാണ് അതിർത്തികളടച്ചത്. അന്താരാഷ്‌ട്ര തലത്തിൽ ചര്‍ച്ചകള്‍ പലതും നടന്നെങ്കിലും അതിര്‍ത്തികൾ തുറന്നിരുന്നില്ല. ജിസിസി അംഗരാജ്യങ്ങളായ ഒമാനും കുവൈറ്റും ഖത്തറിനെതിരെ ഉപരോധം ഏർപ്പെടുത്തിയിരുന്നില്ല. ഈ രണ്ടു രാജ്യങ്ങളാണ് തുടക്കം മുതൽ ചർച്ചകളെ പ്രധാനമായും മുന്നോട്ടു നയിച്ചത്.

അതിർത്തിയിൽ സൗദി കനാല്‍ നിര്‍മിക്കുമെന്ന് വരെ പ്രചരണങ്ങൾ വന്നിരുന്നു. എന്നാൽ എല്ലാ വിവാദങ്ങള്‍ക്കും അന്ത്യം കുറിച്ചുകൊണ്ട് കുവൈത്ത് വിദേശ കാര്യ മന്ത്രി സൗദി-ഖത്തർ സംഘർഷം അവസാനിച്ചതായി പ്രഖ്യാപിച്ചത്. ഇന്ന് രാവിലെ ഇന്ത്യൻസമയം 12 മണിയോടെ ആരംഭിക്കുന്ന ഗൾഫ് സഹകരണ കൗൺസിൽ ഉച്ചകോടിയിൽ കൂടുതൽ ശുഭകരമായ വാർത്തകൾ പ്രതീക്ഷിക്കാം എന്നാണ് സൂചന.

ഉപരോധം ഏര്‍പ്പെടുത്തിയ 2017ന് ശേഷം ഖത്തര്‍ അമീര്‍ ജിസിസി യോഗങ്ങളില്‍ പങ്കെടുത്തിട്ടില്ല. എന്നാൽ, നിരോധനത്തിനു ശേഷം ഖത്തറിന്റെ ഭരണാധികാരി ആദ്യമായി ഇന്നത്തെ ജിസിസി ഉച്ചകോടിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. സൗദി അറേബ്യക്ക് പുറമെ, ഖത്തര്‍, കുവൈത്ത്, യുഎഇ, ഒമാന്‍, ബഹ്‌റൈന്‍ എന്നിവയാണ് ജിസിസിയിലെ അംഗരാജ്യങ്ങള്‍

Most Read: നിയമങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറാകാതെ കേന്ദ്രം; ചര്‍ച്ച വീണ്ടും പരാജയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE