കോഴിക്കോട്: നഗരഹൃദയത്തിലെ പ്രമുഖ വ്യാപാരിയും ജീവകാരുണ്യ പ്രവർത്തകനുമായ തോട്ടത്തിൽ ടെക്‌സ്‌റ്റൈൽസ് ഉടമ തോട്ടത്തിൽ റഷീദിന്റെ മരണത്തിൽ എംകെ രാഘവൻ എംപി അനുശോചനം രേഖപ്പെടുത്തി.
“ഞാൻ ഡൽഹിയിലേക്കുള്ള യാത്രയുടെ തിരക്കിലായിരുന്നു. എങ്കിലും വീട്ടിൽ പോയി നേരിട്ട് ആദരാഞ്‌ജലികൾ അർപ്പിച്ചു. കഴിഞ്ഞ ഒരു ദശാബ്‌ദക്കാലമായി എനിക്ക് അദ്ദേഹത്തെ അറിയാം. ഈ നഗരത്തിലെ മനുഷ്യത്വത്തിന്റെ തിരിനാളങ്ങളിൽ ഒന്നായിരുന്നു അദ്ദേഹം. അനേകായിരം പേർക്ക് തണലായി ജീവിച്ചാണ് അദ്ദേഹം കടന്നു പോകുന്നത്“; എംകെ രാഘവൻ എംപി പറഞ്ഞു.
ദാരിദ്ര്യം കാരണം പഠിക്കാൻ കഴിയാത്ത അനേകം കുട്ടികൾക്ക് റഷീദ് എന്ന മനുഷ്യ സ്‌നേഹി കൈ നൽകിയിട്ടുണ്ട്. വീടില്ലാത്ത എത്രയോ പേർക്ക് വീടുവെക്കാനുള്ള സഹായം നൽകിയിട്ടുണ്ട്. അസുഖ ബാധിതരായ അനേകം പേരെ എന്റെ അറിവിൽ തന്നെ അദ്ദേഹം സഹായിച്ചിട്ടുണ്ട്. ഇദ്ദേഹം വിദ്യാഭ്യാസ സഹായം നൽകിയ പല കുട്ടികളും പഠനം പൂർത്തീകരിച്ച് ഡോക്‌ടർമാരും എൻജിനീയർമാരുമായി മാറിയിട്ടുണ്ട്.
കണക്കുകൾ സൂക്ഷിക്കാതെ, ജാതിയോ മതമോ നോക്കാതെ അദ്ദേഹം ചെയ്‌തുവന്നിരുന്ന സേവനങ്ങൾ വിലമതിക്കാൻ കഴിയാത്തതാണ്. നഗരജീവിതത്തിലെ മനുഷ്യത്വം നഷ്‌ടമാകാതെ കാത്തുസൂക്ഷിക്കുന്ന കുറച്ച് മനുഷ്യ സ്‌നേഹികളിൽ പ്രധാനിയായിരുന്നു തോട്ടത്തിൽ റഷീദ്. ഇദ്ദേഹത്തിന്റെ വേര്‍പാട് കോഴിക്കോട് നഗരവാസികൾക്ക് വലിയ നഷ്‌ടമാണ്; രാഘവൻ എംപി കൂട്ടിച്ചേർത്തു.
Most Read: തോട്ടത്തിൽ ടെക്‌സ്‌റ്റൈൽസ് ഉടമ ‘തോട്ടത്തിൽ റഷീദ്’ നിര്യാതനായി