ന്യൂഡെൽഹി: ടൂള്‍ കിറ്റ് കേസില്‍ അറസ്‌റ്റിലായ പരിസ്‌ഥിതി പ്രവർത്തക ദിഷാ രവിയെ പോലീസ് കസ്‌റ്റഡിയിൽ വിട്ട് കോടതി. ഒരു ദിവസത്തേക്കാണ് ഡെൽഹി പോലീസിന്റെ കസ്‌റ്റഡിയിൽ വിട്ടത്. മൂന്ന് ദിവസത്തെ ജുഡീഷ്യൽ കസ്‌റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ദിഷയെ ഇന്ന് ഡെൽഹി പാട്യാല ഹൗസ് കോടതിയിൽ ഹാജരാക്കുക ആയിരുന്നു.
അഞ്ച് ദിവസം കസ്‌റ്റഡിയിൽ വിട്ടുതരണം എന്നായിരുന്നു ഡെൽഹി പോലീസ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, ഈ ആവശ്യം നിരസിച്ച കോടതി ഒരു ദിവസത്തേക്ക് ദിഷയെ പോലീസ് കസ്‌റ്റഡിയിൽ വിടുകയായിരുന്നു. അതേസമയം, ദിഷയുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും.
ജനുവരി 26ന് ഡെൽഹിയിൽ നടന്ന കർഷക റാലിയുമായി ബന്ധപ്പെട്ട് സ്വീഡിഷ് പരിസ്‌ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗ് പോസ്‌റ്റ് ചെയ്‌ത ‘ടൂൾകിറ്റ്’ മാർഗരേഖയുമായി ബന്ധപ്പെട്ട നടപടികൾ ദിഷ, നികിത, ശാന്തനു എന്നിവർ ഏകോപിപ്പിച്ചെന്നാണു ഡെൽഹി പോലീസിന്റെ വാദം.
സർക്കാരിനെതിരെ അസംതൃപ്‌തി സൃഷ്‌ടിക്കുന്നതിനായി മൂവരും ഖലിസ്‌ഥാൻ അനുകൂല ഗ്രൂപ്പായ പൊയറ്റിക് ജസ്‌റ്റിസ് സൊസൈറ്റിയുമായി സഹകരിച്ചതായും ഡെൽഹി പോലീസ് ആരോപിക്കുന്നു. കേസിൽ ശനിയാഴ്‌ചയാണ് ദിഷാ രവിയെ ബംഗളൂരുവിൽ നിന്ന് ഡെൽഹി പോലീസ് അറസ്‌റ്റ് ചെയ്‌തത്.
Also Read: ഫിഷറീസ് മന്ത്രിയുടെ കോലം കടലിൽ മുക്കി യൂത്ത് കോൺഗ്രസ് പ്രതിഷേധം