കോഴിക്കോട്: ബീച്ചിൽ പ്രമോഷൻ വീഡിയോ എടുക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ മരിച്ച വടകര സ്വദേശി ആൽവിന്റെ (20) പോസ്‌റ്റുമോർട്ടം നടപടികൾ പൂർത്തിയായി. ആന്തരിക ക്ഷതമേറ്റാണ് ആൽവിന്റെ മരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വാരിയെല്ലുകൾ പൊട്ടിയിട്ടുണ്ട്. കൂടാതെ ആന്തരിക രക്‌തസ്രാവം ഉണ്ടായിട്ടുണ്ട്.
തലയ്‌ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ആൽവിന്റെ മൃതദേഹം ഇന്ന് വൈകിട്ടോടെ വടകര കടമേരിയിലെ വീട്ടുവളപ്പിൽ സംസ്‌കരിക്കും. അതിനിടെ അപകടം ഉണ്ടാക്കിയ ബെൻസ് കാറോടിച്ച മഞ്ചേരി സ്വദേശി സാബിദ് റഹ്‌മാന്റെ അറസ്‌റ്റ് പോലീസ് രേഖപ്പെടുത്തി. മനപൂർവമല്ലാത്ത നരഹത്യ, അശ്രദ്ധമായ ഡ്രൈവിങ്, ഇൻഷുറൻസ് ഇല്ലാത്ത വാഹനം ഓടിച്ചു എന്നീ വകുപ്പുകളാണ് ചുമത്തിയത്.
സാബിദിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുമെന്നും വാഹനത്തിന്റെ ആർസി റദ്ദാക്കുമെന്നും മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. ഇന്നലെ രാവിലെയാണ് കോഴിക്കോട് ബീച്ച് റോഡിൽ പ്രമോഷൻ വീഡിയോ ചിത്രീകരിക്കുന്നതിനിടെ വാഹനമിടിച്ചു വടകര കടമേരി സ്വദേശി ആൽവിന് ദാരുണാന്ത്യം സംഭവിച്ചത്. വാഹനങ്ങളുടെ ചേസിങ് വീഡിയോ ചിത്രീകരിക്കുന്നതിനിടയിൽ കൂട്ടത്തിലുള്ള വാഹനമിടിച്ചാണ് അപകടമുണ്ടായത്. കോഴിക്കോട് ബീച്ച് റോഡിൽ വെള്ളയിൽ പോലീസ് സ്‌റ്റേഷന് സമീപം വെച്ച് രാവിലെ ഏഴരയോടെയാണ് അപകടം.
ആൽവിൻ മുൻപ് ജോലി ചെയ്‌തിരുന്ന 999 ഓട്ടോ മോട്ടീവ് എന്ന സ്‌ഥാപനത്തിന് വേണ്ടി പ്രമോഷണൽ വീഡിയോ ചിത്രീകരിക്കുമ്പോഴാണ് അപകടമുണ്ടായത്. രണ്ട് ആഡംബര കാറുകൾ ചെയ്‌സ് ചെയ്‌ത് വരുന്നതിന്റെ ദൃശ്യങ്ങൾ റോഡിന്റെ നടുവിൽ നിന്ന് ആൽവിൻ പകർത്തുക ആയിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇതിനിടെ നിയന്ത്രണം വിട്ട ഒരു കാർ ആൽവിനെ ഇടിച്ചിടുകയായിരുന്നു. കാറിലുണ്ടായിരുന്നവർ ഉടൻ തന്നെ ആൽവിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
ബന്ധുവിന്റെ സ്‌ഥാപനത്തിൽ വീഡിയോഗ്രാഫറായി ജോലി ചെയ്‌തിരുന്ന ആൽവിൻ ഒരാഴ്‌ച മുമ്പാണ് ഗൾഫിൽ നിന്ന് എത്തിയത്. സുരേഷ് ബാബുവിന്റെ ഏക മകനാണ് ആൽവിൻ. രണ്ടുവർഷം മുൻപ് കിഡ്‌നി ഓപ്പറേഷൻ കഴിഞ്ഞിരുന്നു. ആറുമാസം കൂടുമ്പോൾ മെഡിക്കൽ ചെക്കപ്പ് നടത്തുന്നതിന്റെ ഭാഗമായി നാട്ടിലെത്തിയതായിരുന്നു. ഈ സമയത്താണ് കോഴിക്കോട് വീഡിയോ പ്രമോഷൻ ചിത്രീകരണത്തിന് എത്തിയത്.
Most Read| കോംഗോയിലെ അജ്‌ഞാത രോഗം ഡിസീസ് എക്‌സോ? ആശങ്കയറിയിച്ച് ലോകാരോഗ്യ സംഘടന