വാഷിങ്ടൻ: സമാധാന ചർച്ചകൾക്കായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് നേരിട്ട് ഇറങ്ങിയേക്കുമെന്ന് റിപ്പോർട്. ഇസ്‌ലാമാബാദിൽ വെച്ച് ഇറാനുമായി നടക്കാനിരിക്കുന്ന രണ്ടാംഘട്ട ചർച്ചയിൽ ട്രംപും പങ്കെടുക്കുമെന്നാണ് രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്.
ഇറാനുമായി കരാറിലെത്താനായാൽ നേരിട്ടോ വെർച്വലായോ ട്രംപ് ചർച്ചയിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ന് നടക്കുമെന്ന് കരുതിയിരുന്ന ചർച്ച നാളത്തേക്ക് നീട്ടുമെന്നാണ് നിലവിലെ വിവരം. യുഎസ്-ഇറാൻ താൽക്കാലിക വെടിനിർത്തൽ ഇന്ത്യൻ സമയം നാളെ പുലർച്ചെ അഞ്ചരയ്‌ക്ക് അവസാനിക്കും. ഇതിന് മുന്നോടിയായാണ് രണ്ടാംഘട്ട ചർച്ച നടത്താൻ പാക്കിസ്‌ഥാൻ വേദിയൊരുക്കുന്നത്.
അതേസമയം, സമാധാന ചർച്ചയ്‌ക്ക് പങ്കെടുക്കില്ലെന്ന കടുംപിടിത്തം തുടരുകയാണ് ഇറാൻ. ഭീഷണിയുടെ നിഴലിലുള്ള ചർച്ചകളെ അംഗീകരിക്കാൻ ആവില്ലെന്നാണ് ഇറാൻ പാർലമെന്റ് സ്‌പീക്കർ മുഹമ്മദ് ബാഘർ ബാലിബാഫിന്റെ പ്രസ്‌താവന. ഹോർമുസിൽ അമേരിക്ക ഇറാൻ കപ്പൽ പിടിച്ചെടുത്തത് അടക്കമുള്ള നടപടികൾ ചൂണ്ടിക്കാട്ടി ഇറാൻ ചർച്ചയിൽ നിന്ന് വിട്ടുനിൽകുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ.
എന്നാൽ, അത്തരമൊരു അന്തിമതീരുമാനം എടുത്തിട്ടില്ലെന്ന് ഇറാനിലെ മുതിർന്ന ഉദ്യോഗസ്‌ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട് ചെയ്‌തു. ചർച്ചയിൽ പങ്കെടുക്കുന്ന കാര്യം പോസിറ്റീവായി വിശകലനം ചെയ്‌ത് വരികയാണെന്നും ഇറാൻ പ്രതിനിധി പറഞ്ഞു. ഇറാൻ പങ്കെടുക്കുമെന്ന സൂചനകൾ പുറത്തുവന്നതോടെ ബുധനാഴ്‌ച തന്നെ ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ച നടന്നേക്കുമെന്നാണ് വിവരം.
Most Read| കളിയാക്കിയവരെ കൊണ്ട് കൈയ്യടിപ്പിച്ച് ഭൂമിക; ഇന്നവൾ ഫാഷൻ ലോകത്തെ മിന്നും താരം




































