ഡൽഹി കലാപം; ഉമർ ഖാലിദ് ജുഡീഷ്യൽ കസ്‌റ്റഡിയിൽ

By News Desk, Malabar News
Umar Khalid sent to Judicial Custody
Umar Khalid
Ajwa Travels

ന്യൂ ഡെൽഹി: വടക്ക്-കിഴക്കൻ ഡെൽഹിയിൽ ഫെബ്രുവരിയിൽ നടന്ന വർഗീയ കലാപവുമായി ബന്ധപ്പെട്ട് മുൻ ജെഎൻയു വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടയച്ചു. ഡൽഹി കോടതിയാണ് ഉത്തരവിട്ടത്. ഖാലിദിന് മതിയായ സുരക്ഷ ഉറപ്പാക്കാൻ ജയിൽ അധികൃതരോട് കോടതി നിർദ്ദേശിക്കുകയും ചെയ്‌തു. ഖജുരി ഖാസ് പ്രദേശത്തെ കലാപവുമായി ബന്ധപ്പെട്ട പോലീസ് കസ്‌റ്റഡി അവസാനിച്ച സാഹചര്യത്തിലാണ് ഖാലിദിനെ കോടതിയിൽ ഹാജരാക്കിയത്. തുടർന്ന് മജിസ്‌ട്രേറ്റ് ദേവ് സരോഹ ജുഡീഷ്യൽ കസ്‌റ്റഡിയിലേക്ക് അയക്കുകയായിരുന്നു.

ഖാലിദിന് ദേഹോപദ്രവം ഏൽക്കാതിരിക്കാൻ കൃത്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അതിന് വേണ്ട സുരക്ഷാ നടപടികൾ കൈക്കൊള്ളണമെന്നും കോടതി ജയിൽ സൂപ്രണ്ടിന് നിർദ്ദേശം നൽകി. നേരത്തെ 3 ദിവസത്തെ പോലീസ് കസ്‌റ്റഡിയിൽ കഴിയുകയായിരുന്നു ഖാലിദ്. ഡൽഹി കലാപത്തിൽ ഗൂഡാലോചന നടത്തിയതുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ തീവ്രവാദ വിരുദ്ധ നിയമം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ ചുമത്തിയാണ് ഖാലിദിനെ അറസ്‌റ്റ് ചെയ്‌തത്‌.

ജയിൽ നിയമങ്ങൾക്ക് അനുസൃതമായി കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ആശയവിനിമയം നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഉമർ ഖാലിദ് കോടതിയിൽ അപേക്ഷ സമർപ്പിച്ചു. കസ്‌റ്റഡി സമയത്ത് രേഖകളിലോ മറ്റ് പ്രസ്‌താവനകളിലോ ഒപ്പ് വെക്കില്ലെന്നും അപേക്ഷയിലൂടെ വ്യക്‌തമാക്കി. ഓരോ ആഴ്‌ചയിലും കുറഞ്ഞത് അര മണിക്കൂറെങ്കിലും തന്റെ അഭിഭാഷകനുമായി വീഡിയോ കോൺഫറൻസിങ്ങിലൂടെ കൂടിക്കാഴ്‌ച നടത്താൻ അനുമതി തരണമെന്നും അപേക്ഷയിൽ പറയുന്നു. കൂടിക്കാഴ്‌ചയുടെ സ്വകാര്യത നില നിർത്താൻ ഹെഡ് ഫോണുകളും ഖാലിദ് ആവശ്യപ്പെട്ടു.

ജുഡീഷ്യൽ കസ്റ്റഡിയിൽ ആയിരിക്കുമ്പോൾ തന്റെ കണ്ണട സൂക്ഷിക്കണമെന്നും പുറത്ത് നിന്ന് പുസ്‌തകങ്ങൾ കൊണ്ട് വരാൻ അനുവദിക്കണമെന്നും ഖാലിദ് ആവശ്യപ്പെട്ടു. അപേക്ഷയിൽ ആവശ്യപ്പെട്ട സൗകര്യങ്ങൾ ലഭ്യമാക്കണമെന്ന് കോടതി ജയിൽ അധികൃതരോട് ഉത്തരവിട്ടു.

ഫെബ്രുവരി 24 ന് ഉച്ചക്ക് ഡെൽഹിയിലെ ചന്ദ് ബാഗ് പ്രദേശത്ത് നടന്ന കലാപത്തിൽ ആം ആദ്‌മി കൗൺസിലർ താഹി ഹുസൈൻ ഉൾപ്പെടെ 15 പേർക്കെതിരെയാണ് ഖജുരി പോലീസ് കേസെടുത്തത്. കേന്ദ്ര സർക്കാർ നടപ്പാക്കിയ പൗരത്വ നിയമത്തെ പിന്തുണക്കുന്നവരും പ്രതിഷേധകരും തമ്മിലുണ്ടായ ആക്രമണത്തിൽ 53 പേർ മരിക്കുകയും 200 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE